2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഖര്‍ വാലകള്‍; രാജ്യ സ്‌നേഹികള്‍

1962-ലെ യുദ്ധത്തില്‍ ബഖര്‍ വാലകളെ സേനയ്‌ക്കൊപ്പം അണിനിരത്തിയ ബഖര്‍ വാല ഇമാമായ ഗുലാം ദിന്നിന് ധീരതയ്ക്കുള്ള ഉന്നത പുരസ്‌കാരമായ അശോക ചക്ര നല്‍കി രാജ്യം ആദരിച്ചു. 1975ലെ അതിര്‍ത്തി സംഘര്‍ഷകാലത്ത് പൂഞ്ച് മേഖലകളിലെ പാക് സൈനികരുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച വിവരം യഥാസമയം നമ്മുടെ സൈന്യത്തെ അറിയിച്ചത് ബഖര്‍വാലയായ ഒരു നാടോടി സ്ത്രീ ആയിരുന്നു. മാലിബീ എന്ന ആ സ്ത്രീയെയും സൈന്യം അന്ന് ആദരിച്ചിരുന്നു.

അഡ്വ. പി.റഹിം

ജമ്മുകശ്മിരിലെ കത്‌വയില്‍ എട്ടു വയസുകാരി പൈശാചികമായി കൊല്ലപ്പെട്ട സംഘടിതവും ആസൂത്രിതവുമായ കുറ്റകൃത്യത്തില്‍ മരവിച്ചുനില്‍ക്കുകയാണ് ലോക ജനത. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ പോക്‌സോ നിയമപ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ ഉള്ള ഒരു കുറ്റകൃത്യമായിട്ടു മാത്രമാണ് ഇപ്പോള്‍ കുറ്റവാളികള്‍ക്കെതിരേയുള്ള നടപടികള്‍ നീതിന്യായകോടതികളിലൂടെ പുരോഗമിക്കുന്നത്. 

എന്നാല്‍, അതിനുമപ്പുറം നമ്മള്‍ കാണാതെ പോകുന്ന അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നതും രാജ്യസുരക്ഷയെ ഹാനികരമായി ബാധിക്കുന്നതുമായ ചില വസ്തുതകള്‍ ഈ പെണ്‍കുട്ടിയുടെ കൊലപാതകം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.
ആരാണ് ഈ ബഖര്‍ വാലകള്‍? ബഖര എന്ന ഹിന്ദി വാക്കിന്റെ അര്‍ഥം ആട്. ആടിനെ മേച്ച് ആടില്‍നിന്ന് ഉപജീവനം കണ്ടെത്തുന്ന ഇടയന്മാരാണ് ബഖര്‍ വാലകള്‍. ഇസ്‌ലാംമതവിശ്വാസികളാണിവര്‍. ഹിമാലയ പര്‍വതപ്രദേശങ്ങളും അഫ്ഗാനിസ്താനിലെ ചില പ്രദേശങ്ങളുമാണ് ബഖര്‍ വാലകളുടെ കേന്ദ്രം. ഗുജ്ജാര്‍ ബഖര്‍വാല എന്നും ഇവര്‍ അറിയപ്പെടുന്നുണ്ട്. 1965ലെ ഇന്ത്യ -പാക് യുദ്ധത്തില്‍ പാകിസ്താനെതിരെ ഇന്ത്യന്‍ സൈനികരോടൊപ്പം അണിനിരന്ന ധീര ദേശാഭിമാനികളും ദേശത്തിന്റെ കാവലാളുകളുമായിരുന്നു അവര്‍.
1962-ലെ യുദ്ധത്തില്‍ ബഖര്‍ വാലകളെ സേനയ്‌ക്കൊപ്പം അണിനിരത്തിയ ബഖര്‍വാല ഇമാമായ ഗുലാം ദിന്നിന് ധീരതയ്ക്കുള്ള ഉന്നത പുരസ്‌കാരമായ അശോക ചക്ര നല്‍കി രാജ്യം ആദരിച്ചു. 1975ലെ അതിര്‍ത്തി സംഘര്‍ഷകാലത്ത് പൂഞ്ച് മേഖലകളിലെ പാക് സൈനികരുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച വിവരം യഥാസമയം നമ്മുടെ സൈന്യത്തെ അറിയിച്ചത് ബഖര്‍വാലയായ ഒരു നാടോടി സ്ത്രീ ആയിരുന്നു. മാലിബീ എന്ന ആ സ്ത്രീയെയും സൈന്യം അന്ന് ആദരിച്ചിരുന്നു.
കാര്‍ഗില്‍ യുദ്ധം നമ്മളാരും മറന്നിട്ടില്ല. ആ യുദ്ധത്തിനു മുമ്പ്, ഇന്ത്യന്‍ പര്‍വതമേഖലയിലേക്ക് പാകിസ്താന്‍ സൈനികര്‍ നുഴഞ്ഞുകയറിയ വിവരം ഇന്ത്യന്‍ സൈന്യത്തെ ആദ്യം അറിയിച്ചത് ബഖര്‍ വാലകളായ ആട്ടിടയന്മാരായിരുന്നു. 1999ലായിരുന്നു ഇത്.
ഈ രാജ്യസ്‌നേഹികളെയാണ് ആസൂത്രിതമായി രാജ്യത്ത് നിന്ന് പുറന്തള്ളാന്‍ സംഘടിത ഗൂഢശ്രമങ്ങള്‍ ഈ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ദുര്‍ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യസ്‌നേഹികള്‍ ബഖര്‍ വാലകളോ ഈ ദുഷ്ട ശക്തികളോ? 2001ല്‍ ബഖര്‍ വാലകളെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. മാറുന്ന കാലത്തിനൊപ്പം ബഖര്‍ വാലകള്‍ക്കും മാറ്റമുണ്ടായി.
നാടോടികളായ ഇവര്‍ സ്ഥിരതാമസക്കാരാ യി തുടങ്ങി. അവരുടെ സ്ഥിരതാമസം ഉന്മൂലനം ചെയ്യുക എന്ന സന്ദേശമാണ് ആ കൊച്ചു പെണ്‍കുട്ടിയുടെ പൈശാചിക കൊലപാതകത്തിലൂടെ ലഭ്യമാകുന്നത്.
അപ്പോഴും ഭാരതത്തിന്റെ ആത്മാവ് വിലപിക്കുന്നു, ബഖര്‍ വാലകളാണ് എന്റെ പൊന്നു മക്കള്‍. എന്നെ ജീവനേക്കാളും സ്‌നേഹിക്കുന്നവരാണവര്‍. അവര്‍ എന്റെ ആത്മാവിന്റെ ഭാഗമാണ്. അവരെ പീഡിപ്പിക്കുന്നവര്‍ രാജ്യദ്രോഹികളും.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.