2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പസ്മാന്ദ അഥവാ പിന്നോക്ക മുസ്‌ലിം വികസനം ചർച്ചയാകുമ്പോൾ

ഹിന്ദി-ഉർദു മാധ്യമങ്ങളിലും ചില ഇംഗ്ലീഷ് പത്രങ്ങളിലും സംഘ്പരിവാർ സഹയാത്രികരായ മുസ്‌ലിം മോർച്ചാ പരിസരങ്ങളിലും പസ്മാന്ദ മുസ്‌ലിം കളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് വർധിത ചർച്ചക്ക് തുടക്കമായിട്ടുണ്ട്. മണ്ഡൽ, സച്ചാർ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി മുസ്‌ലിം പ്രീണനം എന്ന അജൻഡ സ്ഥിരം ഉയർത്തി വിടാറുള്ള ഹിന്ദുത്വകേന്ദ്രങ്ങളിൽ നിന്നാണ് ഇത്തവണ പസ്മാന്ദ മുസ്‌ലിം വികസന ചർച്ച ഉയർന്നിരിക്കുന്നത് എന്നത് രാഷ്ട്രമീമാംസകർക്ക് മാത്രമല്ല ഏതൊരു ശരാശരി ഇന്ത്യക്കാരനും ചിന്താവിഷയമാകേണ്ടതാണ്. മതനിരപേക്ഷത ശക്തമായ കേരള പരിസരത്ത് ഏറെ സുപരിചിതമായ പിന്നോക്ക വിഭാഗങ്ങൾ എന്ന സംജ്ഞയാണ് പസ്മാന്ദയുടെ മറുവാക്ക്. പേർഷ്യനിൽ നിന്നാണ് വാക്കിന്റെ വരവ്. പിന്നോക്കമായവർ എന്നാണ് ലളിതസാരം. പസ്മാന്ദ വ്യവഹാരങ്ങളിൽ ശൂദ്രവിഭാഗങ്ങളിൽ നിന്നും ദലിത് വിഭാഗങ്ങളിൽ നിന്നും ഇസ്‌ലാംമതം സ്വീകരിച്ചവരെയാണ് ഈ പദംകൊണ്ട് വിവക്ഷിക്കുന്നത്. താത്വികമായി ഇസ്‌ലാം സ്ഥിതി സമത്വവ്യവസ്ഥിതിയാണ് വിഭാവന ചെയ്യുന്നതെങ്കിലും ഇന്ത്യൻ ഭൂമികയിൽ അശ്‌റഫുകൾ (‘മേലാളർ’) അർദലുകൾ (‘കീഴാളർ’) എന്ന സാമൂഹിക വിഭജനം യാഥാർഥ്യമാണ്. മതം മാറിയെങ്കിലും നൂറ്റാണ്ടുകളായി ജാതിയവും തൊഴിൽപരവുമായ വിവേചനങ്ങൾക്ക് വിധേയരായവരും പിന്നോക്കമായവരുമാണ് പസ്മാന്ദകൾ. ജാതിയ വിവേചനങ്ങൾ നിലനിന്നിരുന്ന, നിലനിൽക്കുന്ന ഹിന്ദി ബെൽറ്റിൽ മുസ്‌ലിംകൾക്കിടയിൽനിന്നുതന്നെ പിന്നോക്ക മുസ്‌ലിംകൾക്കായി വേറിട്ടശബ്ദം ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. വിവേചനം അനുഭവിക്കുന്ന ബിഹാറിൽ 1998ൽ പസ്മാന്ദ മുസ്‌ലിം മഹാസിന്റെ പ്രവർത്തനത്തോടെ വരവറിയിക്കപ്പെട്ട പസ്മാന്ദ സംഘടനകൾ ഒരിക്കൽകൂടി ചർച്ച ചെയ്യപ്പെടുകയാണ്.ഇത്തവണ അത്, മുസ്‌ലിംഅപരനെ സൃഷ്ടിച്ചിട്ടുള്ള സംഘ്പരിവാർ ഇടങ്ങളിൽ നിന്നാണെന്നത് കാര്യങ്ങളെ രചനാത്മകമായി സമീപിക്കുന്നതിനു തടസമാകേണ്ടതില്ല.

സംഘ്പരിവാർ രീതിയനുസരിച്ച് സുപ്രഭാതത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയോ ചിന്തൻ ബൈഠക്കിൽ വിഷയമാകുകയോ ബി.ജെ.പി നേതാക്കൾ അഭിപ്രായം പറയുകയോ ചെയ്യുന്നതിനു മുമ്പ് ആർ.എസ്.എസ് കേന്ദ്രങ്ങളിൽ സൂക്ഷ്മ തീരുമാനങ്ങൾ എടുത്തിരിക്കും. അത്തരം തീരുമാനങ്ങളുടെ ബഹുസ്ഫുരണമായിരിക്കാം വിഷയത്തിൽ സർസഘ്ചാലക് മുതൽ പ്രധാനമന്ത്രി വരെയുള്ളവരിൽ നിന്നോ അല്ലങ്കിൽ പ്രഭാരി മുതൽ സംഘ് സഹയാത്രികൻ വരെയുള്ളവരിൽ നിന്നോ ഉണ്ടാകുക.

2016ൽ പസ്മാന്ദ സംഘങ്ങളുടെ കർമഭൂമിയായ ബിഹാറിലെ അസംബ്ലി ഇലക്ഷൻ ഘട്ടത്തിൽ സംവരണനയം പരിശോധിക്കണമെന്ന് സംഘ്പരിവാർ ആവശ്യപ്പെട്ടിരുന്നത് അന്നു ചർച്ചയായിരുന്നു. 2017ൽ ജയ്പൂർ സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്ത് ആർ.എസ്.എസ് പ്രചാർ പ്രമുഖ് മൻമോഹൻ വൈദ്യ സംവരണം തുടരുന്നതിനു കാലപരിധി നിശ്ചയിക്കുന്നതിന്റെ ആവശ്യകതയിൽ ഊന്നിയിരുന്നതും യഥാർഥ സ്വയം സേവകനെ വെളിച്ചത്തുകൊണ്ടുവന്നതാണ്. അധികാരവും ഭരണവും ഉദ്യോഗവും സംവരണവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പസ്മാന്ദ ശാക്തീകരണത്തെ കുറിച്ച ഏതൊരു ചർച്ചയും സംവരണത്തിൽ തട്ടാതിരിക്കില്ല.

സംഘ്പരിവാറും രാജ്യം ഭരിക്കുന്ന ബി.ജെ.പിയും ആത്മാർഥമായി പിന്നോക്ക വിഭാഗങ്ങളെ, വിശേഷിച്ചും പസ്മാന്ദകളെ ശാക്തീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം. അതോ സോഫ്റ്റ് ടാർജറ്റ് പ്രവർത്തനം മാത്രമാണോ പ്രധാനമന്ത്രിയുടേത്?

വ്യവഹാരതലത്തിൽ വിവിധ കാരണങ്ങളാൽ ആർ.എസ്.എസ് സംവരണത്തിനു എതിരാണ്. എന്നാൽ രാഷ്ട്രിയ ഹിന്ദുത്വയായ ബി.ജെ.പിക്ക് ഒറ്റയടിക്ക് കശ്മിർ പ്രശ്‌നം പോലെയോ മൂന്നു ത്വലാഖിനു ജയിൽവാസം മാതൃകയിലോ സംവരണ പ്രശ്‌നം തൽക്കാലം ‘പരിഹരിക്കാൻ’ ആകില്ല. എന്തുകൊണ്ടെന്നാൽ സംവരണം ഹിന്ദു സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ കൂടി ഊന്നുവടിയാണ്. വോട്ടുരാഷ്ട്രീയത്തിൽ 75 ശതമാനം വരുന്ന ദലിത്, ആദിവാസി, പിന്നോക്ക വോട്ടുകൾ അത്ര നിസാരമല്ല. ചായ വാല എന്നു തെരഞ്ഞെടുപ്പ് കാലത്ത് പരിചയപ്പെടുത്തുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ട നമ്മുടെ പ്രധാനമന്ത്രിക്ക് മഹാഗുരുസ്ഥാനിയനായ മോഹൻ ഭാഗവതിന്റെയോ നാഗ്പൂരിന്റെയോ ശാസനകളെ അവഗണിക്കാനാകുമോ എന്ന ചോദ്യവും അസ്ഥാനത്തല്ല.
ഭാഗവതും ആർ.എസ്.എസും സംവരണത്തെ ഇടക്കിടക്ക് പ്രശ്‌നവത്കരിക്കുന്നതു പോലെ ജാതിവ്യവസ്ഥ, മനുഷ്യസമത്വം, തൊട്ടുകൂടായ്മ, ഹിന്ദു സമാജത്തിലെ തന്നെ ആദിവാസി, ദലിത്, പിന്നോക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന വിവേചനങ്ങൾ എന്നിവ പ്രശ്‌നവത്കരിക്കില്ല. അവ ഹിന്ദുസമാജത്തിന്റെ കെട്ടുറപ്പിനെയും ഐക്യത്തെയും ബാധിക്കുമെന്നത് ആർ.എസ്.എസിന്റെ എക്കാലത്തെയും സുചിന്തിത അഭിപ്രായമാണ്. ആ സ്ഥിതിക്ക് ഹിന്ദു സമാജത്തിനു പുറത്തുള്ള, വിചാരധാര വീക്ഷണമനുസരിച്ച് കമ്യൂണിസ്റ്റുകളെ പോലെ ആഭ്യന്തര ശത്രുക്കളായ മുസ്‌ലിംകളിലെ ഒരു വിഭാഗമായ പസ്മാന്ദകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ആത്മാർഥ ശ്രമങ്ങൾ ഉണ്ടാകുമോ? അതോ അശ്‌റഫ്, അർദൽ, അജ്‌ലഫ് വിഭാഗങ്ങൾ തമ്മിലുള്ള വിടവ് ആസൂത്രിതമായി ഉപയോഗപ്പെടുത്താനുള്ള അടവുനയമായിരിക്കുമോ പ്രധാനമന്ത്രിയുടെ ഹൈദരാബാദിലെ പസ്മാന്ദ പരാമർശം. അങ്ങനെ സംശയിക്കുന്നതിനു കാരണങ്ങൾ പലതാണ്.

പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന ഉടൻ പസ്മാന്ദ മുസ്‌ലിം സൊസൈറ്റി പ്രസിഡന്റ് അനീസ് മൻസൂരി ആ അഭിപ്രായത്തെ സ്വാഗതം ചെയ്യുക മാത്രമല്ല ചെയ്തത്. സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും പസ്മാന്ദകളുടെ പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയമായിരുന്നു എന്നു കൂടി പറഞ്ഞുവച്ചു.

(തുടരും)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.