2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

പിന്നോക്കക്കാരുടെ വോട്ടിനും വിലയുണ്ട്


മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് നേരത്തെ ഇത് തീരുമാനിച്ചിരുന്നു. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശുപാര്‍ശ സമര്‍പ്പിക്കാനും റിട്ട. ജഡ്ജി കെ. ശശിധരന്‍ നായര്‍ ചെയര്‍മാനും അഡ്വ. കെ. രാജഗോപാലന്‍ നായര്‍ മെമ്പറുമായി കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംവരണം നടപ്പാക്കുന്നത്.

പിന്നോക്കക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ മിടുമിടുക്കരായ ഉദ്യോഗസ്ഥര്‍ വരേണ്യവര്‍ഗത്തിനനുസരിച്ച് ചരടുവലിക്കുമ്പോള്‍ സംഭവിക്കുന്ന ദുരന്തം തിരിച്ചറിയാതെ പാവം പിന്നോക്കക്കാര്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നും പിന്നോക്കക്കാരായി തുടരുന്ന ഇരുണ്ട ഇന്ത്യ തന്നെ വീണ്ടും വന്നുചേരുകയും പിന്തള്ളപ്പെടുന്നവരുടെ രോദനം കേള്‍ക്കാന്‍ ആരുമില്ലാതാവുകയും ചെയ്യുമെന്നുള്ളത് നേരിട്ടു കണ്ടുകൊണ്ടിരിക്കുന്നു. നരേന്ദ്രന്‍ കമ്മിഷന്‍ നിര്‍ദേശിച്ച താല്‍ക്കാലിക പരിഹാരമായ ബാക്ക്‌ലോഗ് നികത്താതെയാണ് ഈ സംവരണ അട്ടിമറി നടക്കുന്നതെന്നത് ചേര്‍ത്തുവായിക്കണം.

സംവരണം ദാരിദ്ര്യനിര്‍മാര്‍ജന പാക്കേജായി കടന്നുവന്ന ആശയമല്ലെന്ന് ഭരണഘടനാ നിര്‍മാണസഭയുടെ വിവിധ കാലങ്ങളിലെ ചര്‍ച്ചകള്‍ വിശകലനം ചെയ്യുന്ന ആര്‍ക്കും സുതരാം വ്യക്തമാകും. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ മൂലം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഭരണത്തിന്റെയും ഉദ്യോഗത്തിന്റെയും തലങ്ങളില്‍ മതിയായ പ്രാതിനിധ്യം നല്‍കുക വഴി മുഖ്യധാരയിലെത്തിക്കുകയാണ് സംവരണത്താല്‍ ലക്ഷ്യമാക്കിയിരുന്നത്. സാമ്പത്തിക സംവരണമെന്നത് ഭരണഘടനയിലെ സംവരണ തത്ത്വവുമായി ഒരിക്കലും ചേര്‍ന്നുപോകുന്നതല്ല. മുന്നോക്ക വിഭാഗങ്ങളിലും പിന്നോക്ക വിഭാഗങ്ങളിലും ദാരിദ്ര്യം നിലനില്‍ക്കുന്നുണ്ട്. സവര്‍ണ വിഭാഗങ്ങളിലുള്ളതിന്റെ പലമടങ്ങ് ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ദലിത് വിഭാഗങ്ങളില്‍ ഇപ്പോഴുമുണ്ട്. അതു സംവരണത്താല്‍ പരിഹരിക്കാനാവുന്നതല്ല. സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലാണ് ഭരണഘടനയിലെ സംവരണ തത്ത്വം രൂപപ്പെട്ടത്. അതിനെ ദാരിദ്ര്യവുമായി കൂട്ടിക്കെട്ടുക എന്നത് സവര്‍ണ അജന്‍ഡയാണ്.

മുന്നോക്ക സംവരണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്തിനുവേണ്ടിയാണ് ഇടതുപക്ഷം ഈ അനീതി നടപ്പിലാക്കുന്നത്? അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാത്രമാണെന്ന ഉത്തരം പൂര്‍ണമായി ശരിയല്ല. ചുരുങ്ങിയ ശതമാനമുള്ള മുന്നോക്കക്കാരുടെ വോട്ടു പ്രതീക്ഷയല്ല ഇതിനു പിന്നില്‍. ഭൂരിപക്ഷം വരുന്ന ദലിത്, ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുള്ള ഈ നിലപാടിനു പിന്നില്‍ അധികാരത്തിലിരിക്കുന്നവരുടെ സവര്‍ണ മനസാണ്. ഈ ചിന്താഗതി മാറ്റാത്തിടത്തോളം പിന്നോക്കക്കാരെയോ അവരുടെ ദുരിതാവസ്ഥയെയോ തിരിച്ചറിയാനാവില്ല.

സംവരണ വിഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരന്തരം പറയുന്നത്. പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതെന്നും വാദിക്കുന്നു. എന്നാല്‍ ഈ ഓപണ്‍ ക്വാട്ടയിലെ 50 ശതമാനം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അതില്‍ നിന്ന് 10 ശതമാനം നഷ്ടപ്പെടുമ്പോള്‍ സംവരണ വിഭാഗങ്ങള്‍ക്കു കൂടി ലഭിക്കേണ്ട ക്വാട്ട 40 ശതമാനമായി ചുരുങ്ങുകയാണ്. സാമ്പത്തിക സംവരണത്തിന്റെ മറവില്‍ മുന്നോക്കക്കാരെ വീണ്ടും മുന്നോക്കമാക്കാനും പിന്നോക്കാരെ വീണ്ടും പിന്നോക്കമാക്കാനുമുള്ള ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. വിദ്യാഭ്യാസ സംവരണങ്ങളില്‍ നടക്കുന്ന അട്ടിമറികളുടെ ആഴം നിരന്തരം കാണുന്നവരാണ് നമ്മള്‍. മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ക്കു പോലും വിദ്യാര്‍ഥികള്‍ പരക്കംപായുമ്പോള്‍ മുന്നോക്ക സംവരണ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അവസാനം വിവാദമാകുമ്പോള്‍ വെബ്‌സൈറ്റിനെയും സോഫ്റ്റ്‌വെയറിനെയും പഴിചാരി അധികൃതര്‍ തടിതപ്പും. ഈ നാടകങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധമുയരുന്നില്ലെന്നതാണ് ദയനീയം.

സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡമായി പറഞ്ഞതും വളരെ ഞെട്ടലുളവാക്കുന്ന കാര്യങ്ങളാണ്. ആരാണ് സവര്‍ണ ദരിദ്രരെന്ന് വിശകലനം ചെയ്യാതെ തന്നെ വ്യക്തമാകും. കുടുംബ വാര്‍ഷികവരുമാനം നാലു ലക്ഷമോ അതില്‍ താഴെയോ ആയിരിക്കണം. കുടുംബസ്വത്ത് പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 2.5 ഏക്കറും മുനിസിപ്പാലിറ്റിയില്‍ 75 സെന്റും കോര്‍പറേഷനില്‍ 50 സെന്റുമാകണമെന്നും മാനദണ്ഡമായി പറഞ്ഞതു കാണാം. കോര്‍പറേഷന്‍ പരിധിയില്‍ 50 സെന്റ് എന്നത് ദാരിദ്ര്യത്തിന്റെ കൗതുകകരമായ മാനദണ്ഡമാണ്. കൊച്ചി നഗരത്തില്‍ ഏറ്റവും വിലകുറഞ്ഞ ഏരിയയില്‍ പോലും സെന്റിന് 10 ലക്ഷം രൂപ വിലവരും. അവിടെ 50 സെന്റുള്ള മുന്നോക്കക്കാര്‍ക്കും സംവരണാനുകൂല്യം ലഭിക്കുമെന്നര്‍ഥം. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റു മാനദണ്ഡങ്ങളുടെ അവസ്ഥയും തഥൈവ. അതേസമയം പിന്നോക്ക, ന്യൂനപക്ഷങ്ങളുടെ പല ആനുകൂല്യങ്ങള്‍ക്കും അറുപതിനായിരമോ ചിലതില്‍ ഒരു ലക്ഷമോ ആണ് വാര്‍ഷിക വരുമാന മാനദണ്ഡമെന്ന് മറക്കരുത്.

ഈ ഭരണഘടനാ ധ്വംസനത്തെ ചോദ്യം ചെയ്യാനും അവകാശങ്ങള്‍ നേടിത്തരാനും ആര്‍ജവത്തോടെ പ്രവര്‍ത്തിക്കേണ്ട പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം മൗനവ്രതത്തിലാണെന്നത് ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗത്തിന്റെ ഗതികേട് വ്യക്തമാക്കുന്നു. സാമ്പത്തിക സംവരണത്തിന് പാര്‍ലമെന്റില്‍ അനുകൂല നയം സ്വീകരിച്ചവരാണ് കോണ്‍ഗ്രസും ഇടതുപക്ഷവുമെന്ന് പിന്നോക്ക ജനവിഭാഗങ്ങള്‍ തിരിച്ചറിയണം. പിന്നോക്കക്കാരുടെ അവകാശങ്ങളെ ഇല്ലാതാക്കുന്ന നിയമത്തിന് ബി.ജെ.പിയും പ്രതിപക്ഷത്തെ ഭൂരിപക്ഷം പാര്‍ട്ടികളും വിയോജിപ്പ് പ്രകടിപ്പിച്ചില്ലെന്നത് ഇവര്‍ ആരുടെ ഒപ്പമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കേരളത്തിലും സമാന നിലപാട് തന്നെയാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ ശബ്ദങ്ങളും നിലപാടുകളും ആര്‍ക്കുവേണ്ടിയാണ് പണയം വച്ചിരിക്കുന്നത്? ഈ നിലപാട് കേരളത്തിലെ പിന്നോക്കക്കാര്‍ കാണുന്നുണ്ടെന്ന് അവര്‍ മനസിലാക്കണം. ജനാധിപത്യ രീതിയില്‍ പ്രതികരിക്കാന്‍ അവര്‍ക്കറിയാം. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഈ മൗനത്തിന് വലിയ വിലനല്‍കേണ്ടിവരും.

മര്‍ദിത, സംവരണ വിഭാഗങ്ങള്‍ സംഘടിച്ച് ശക്തരാകുകയും അവകാശങ്ങള്‍ക്കായി ഒറ്റക്കെട്ടായി നിലകൊള്ളുകയും വേണം. സമാന ചിന്താഗതിക്കാരായ സംഘടനകളെ ഒരുമിച്ചുകൂട്ടി ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ പിന്നോക്കക്കാരെ ചവിട്ടിത്താഴ്ത്തുന്ന ഈ നെറികെട്ട രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാം. അതിനായി കൂട്ടായ പ്രവര്‍ത്തനമാണ് ഇനി ആവശ്യം. വൈകാരികമായി വേറെ എന്തെങ്കിലും എല്ലിന്‍ കഷണം ഇട്ടുതന്നാല്‍ ഈ അടിച്ചമര്‍ത്തല്‍ മറന്നേക്കുമെന്ന് ആരും കരുതേണ്ടതില്ല. അതു തിരിച്ചറിയാനും സംഘടിക്കാനും പിന്നോക്കക്കാര്‍ വൈകിയേക്കാമെങ്കിലും പോളിങ് ബൂത്തിലെത്തുമ്പോള്‍ അവരുടെ വോട്ടിന് വിലയുണ്ട് എന്നത് സവര്‍ണ മനസുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ ഓര്‍ക്കുന്നത് നന്ന്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.