2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബാബരി ആവര്‍ത്തിക്കരുത്

അഡ്വ. സുള്‍ഫിക്കറലി

ബാബരി മസ്ജിദ് കേസിലെ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് റിവ്യൂ ഹരജി തള്ളിയതോടെ സിവില്‍ നടപടികള്‍ ഏതാണ്ട് അവസാനിച്ചിരിക്കുന്നു. സാങ്കേതികമായി പറഞ്ഞാല്‍ ക്രിമിനല്‍ നടപടിക്രമത്തിലെ ആദ്യ വിധിയാണ് വിചാരണ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. വേണമെങ്കില്‍ പ്രോസിക്യൂഷന് അപ്പീലിനായി ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിക്കാം. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സി.ബി.ഐയാണ് അപ്പീല്‍ നല്‍കേണ്ടത്. ഇന്നത്തെ സാഹചര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ അന്വേഷണ സംഘത്തില്‍ നിന്നുണ്ടാകുമെന്ന് ജനാധിപത്യ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. ബാബരി പള്ളി തകര്‍ത്ത ദിവസം ക്രിമിനല്‍ കേസില്‍ രണ്ട് എഫ്.ഐ.ആറാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കണ്ടാലറിയുന്ന ഒരു സംഘം കര്‍സേവകര്‍ക്കെതിരേയുള്ള കവര്‍ച്ച, കലാപം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഒന്നാമത്തെ എഫ്.ഐ.ആറിലുള്ളത്. ഇതിലെ നടപടികള്‍ ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ 35 പേര്‍ക്കെതിരേയുള്ള ഗൂഢാലോചന, പള്ളി പൊളിക്കാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതാണ് രണ്ടാമത്തെ എഫ്.ഐ.ആര്‍ ഇതിന്റെ വിധിയാണ് ഇന്നലെ വിചാരണ കോടതിയില്‍ നിന്നുണ്ടായത്.

നേരത്തെ ഗൂഢാലോചനാ കുറ്റത്തില്‍ അഡ്വാനി ഉള്‍പ്പെടെയുള്ള പ്രതികളെ ഒഴിവാക്കിയിരുന്നു. ഇതിനെതിരേ സി.ബി.ഐ ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ഹൈക്കോടതി വിചാരണക്കോടതിയുടെ വിധി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് 2017ല്‍ സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കുറ്റം പുനഃസ്ഥാപിച്ചത്. വിധി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ വിധി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രണ്ടു തവണ കോടതി സമയം നീട്ടിക്കൊടുത്തിരുന്നു. ഇതിനായി വിചാരണക്കോടതി ജഡ്ജിക്ക് വിരമിച്ചതിന് ശേഷവും ഒരു മാസത്തോളും നീട്ടിക്കൊടുത്തു. രണ്ടായിരത്തിലധികം പേജുകള്‍ വരുന്ന വിധി ഹിന്ദിയിലാണ് തയാറാക്കിയിരുന്നത്.

ബാബരി ഭൂമി നിയമലംഘനത്തിലൂടെ വ്യക്തമായ രീതിയില്‍ തകര്‍ക്കപ്പെടുകയായിരുന്നുവെന്ന് സിവില്‍ കേസില്‍ സുപ്രിംകോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതിനു കടകവിരുദ്ധമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിചാരണക്കോടതിയുടെ വിധി. ബി.ജെ.പി നേതാവ് അഡ്വാനിയുടെ പ്രസ്താവന കോടതി വിധിക്കു ശേഷം പുറത്തിരുന്നു. ബാബരി പള്ളി തകര്‍ക്കുന്നതില്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും നന്ദിയര്‍പ്പിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. പള്ളി തകര്‍ക്കുന്നതില്‍ തങ്ങള്‍ പങ്കാളികളാണെന്ന് പ്രതികള്‍ സമ്മതിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഇവര്‍ കുറ്റവാളികളല്ലെന്ന വിധി വന്നിരിക്കുന്നത്. കൂടാതെ കേസില്‍ തങ്ങള്‍ പ്രതികളാണെങ്കില്‍ ആത്മാഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്നും ജാമ്യമെടുക്കില്ലെന്നും വധശിക്ഷ വിധിച്ചാലും സ്വീകരിക്കുമെന്നും ഉമാഭാരതി ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനിരിക്കുന്ന അഡ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും കോടതി വലിയ പ്രതിഫലനങ്ങളൊന്നുമുണ്ടാക്കുന്നില്ലെങ്കില്‍ കേസില്‍ കുറ്റവാളികളാക്കിയിരുന്നെങ്കില്‍ തങ്ങള്‍ക്ക് വീരപരിവേഷം ലഭിക്കുമെന്നു പ്രതീക്ഷിച്ച തീവ്ര ഹിന്ദുത്വവാദികളായ ഉമാഭാരതിക്കും സാക്ഷി മഹാരാജിനും കോടതി വിധി നിരാശയാണ് നല്‍കുന്നത്. ബി.ജെ.പിയിലെ അമിത് ഷാ- മോദി സഖ്യത്തിന്റെ വിജയമായിരിക്കാം ഇക്കാര്യത്തില്‍ സംഭവിച്ചത്. സിവില്‍ കേസ് നടത്തിയ കക്ഷികള്‍ക്കോ മുസ്‌ലിം സമുദായത്തിനോ പള്ളി സംരക്ഷകര്‍ക്കോ വിചാരണക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാം. അതേസമയം തുടര്‍നടപടികള്‍ വേഗത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല.

1984 മുതല്‍ ബി.ജെ.പിയുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ മൂലധനം നല്‍കിയ വിഷയമാണ് ബാബരി മസ്ജിദ്. ഒരു പരിധിവരെ ബാബരി പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിച്ചു. ലഭ്യമാവുന്ന നേട്ടങ്ങളൊക്കെയും ബി.ജെ.പി ഈ വിഷയത്തിലൂടെ ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം രാഷ്ട്രീയത്തില്‍ വലിയ രീതിയിലുള്ള അപകടങ്ങള്‍ ഇതുവഴി ഇന്ത്യയിലുണ്ടായി. ആഴത്തിലുള്ള സാമുദായിക ധ്രുവീകരണം രാജ്യത്തുടനീളമുണ്ടായി. ബാബരിയിലെ വര്‍ഗീയ ധ്രുവീകരണത്തിന് ഇനിയും വഴിയൊരുക്കുന്നതിനെ തടയിടാനുള്ള ശ്രമങ്ങള്‍ മുഴുവന്‍ സാമുദായിക, രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. തീവ്ര ആശയങ്ങള്‍ പുലര്‍ത്തുന്ന സംഘ്പരിവാറോ മുസ്‌ലിം സംഘടനകളോ ഈ വിഷയം ഉയര്‍ത്തിപ്പിടിച്ച് ധ്രുവീകരണമുണ്ടാക്കുന്നതിനു തടയിടുകയെന്നതാണ് പക്വമായ രാഷ്ട്രീയ സമീപനം.

ബാബരി പള്ളി വിഷയം സാമുദായിക വിഷയമെന്നതിലുപരി ഇന്ത്യന്‍ മതേതരത്വത്തിന്റെ കളങ്കം എന്ന രീതിയിലാണ് വിലയിരുത്തേണ്ടത്. അതിനാല്‍ പള്ളി തകര്‍ത്തതിലും അവിടെ രാമക്ഷേത്രം നിര്‍മിച്ചതും രാജ്യത്തിന്റെ ജനാധിപത്യത്തിന് അപമാനമാണെന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം ജനത ഇവിടെയുണ്ട്. അവരുടെ കൂടെ ചേര്‍ന്നു നഷ്ടപ്പെട്ട ജനാധിപത്യ, മതേതര അന്തരീക്ഷം തിരിച്ചുപിടിക്കാനാണ് മുസ്‌ലിം സമൂഹം ഇനി ശ്രമിക്കേണ്ടത്.

ബാബരി തകര്‍ത്തതിലെ വേദനകള്‍ തല്‍ക്കാലം മറക്കാന്‍ ശ്രമിച്ച് മുന്നോട്ടുള്ള പ്രയാണത്തില്‍ സമുദായത്തിന് ആത്മവിശ്വാസം നല്‍കാനാണ് മുസ്‌ലിം സമുദായ നേതൃത്വം ആലോചിക്കേണ്ടത്. മറിച്ച് പ്രകോപനങ്ങള്‍ സൃഷ്ടിച്ച് തീവ്രവാദ രാഷ്ട്രീയത്തിന് ഇടം നല്‍കുന്നത് ആത്മഹത്യാപരമായിരിക്കും. ആവശ്യമായ വിദ്യാഭ്യാസവും പൊതുബോധവും നല്‍കി പുതുതലമുറയെ പാര്‍ലമെന്റ്, ജുഡീഷ്യറി, പൊലിസ്, സൈന്യം തുടങ്ങിയ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. ഇതിലൂടെ മാത്രമേ സമുദായത്തെ ശാക്തീകരിച്ച് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള വഴികളൊരുക്കാനാവൂ.
(സുപ്രിംകോടതി അഭിഭാഷകനാണ് ലേഖകന്‍)

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.