ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടുള്ള സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ കോണ്‍ഗ്രസ്. വിധി ഭരണഘടനാ വിരുദ്ധവും കഴിഞ്ഞ നവംബറില്‍ ഉണ്ടായ സുപ്രിംകോടതി വിധിക്കെതിരാണെന്നും കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ അറിയിച്ചു.
വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും കേന്ദ്രത്തോടും കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.
പള്ളി പൊളിച്ചത് ആസൂത്രിതമല്ലെന്നും ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് ലഖ്‌നോ സി.ബി.ഐ പ്രത്യേക കോടതി വിധിച്ചത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി അടക്കമുള്ള 32 പ്രതികളെ വെറുതെ വിടുകയും ചെയ്തു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രത്തിന് വിട്ടുനല്‍കിയ നവംബറിലെ സുപ്രിംകോടതി വിധിയും കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു. പള്ളി പൊളിച്ചത് കൃത്യമായ നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് അന്ന് കോടതി ചൂണ്ടിക്കാണിച്ചിരുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാജ്യത്തെ മതസാഹോദര്യം തകര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ആഴത്തിലുള്ള ഗൂഢാലോചന നടത്തിയെന്നും സുര്‍ജേവാല പറഞ്ഞു.
Comments are closed for this post.