2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ പങ്കാളി; ഇപ്പോള്‍ ജീവിതം പള്ളികള്‍ക്കൊപ്പം, കേള്‍ക്കണം, മുന്‍ കര്‍സേവകിന്റെ ജീവിതകഥ

ഇസ്ലാം സ്വീകരിച്ച മുന്‍ കര്‍സേവക് ബല്‍ബീര്‍ സിംഗിന്റെ ജീവിതകഥ വിസ്മയിപ്പിക്കുന്നതാണ്. പള്ളി തകര്‍ത്തതില്‍ പങ്കാളിയായതിന്റെ ദുഃഖഭാരം ബല്‍ബീര്‍ സിങിനെ കൊണ്ടെത്തിച്ചത് ഇസ്ലാമിലാണ്. ആമിര്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഒരു പള്ളിക്ക് പകരം നൂറു പള്ളികള്‍ നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുമെന്ന ദൃഢപ്രതിജ്ഞയിലാണ് ഇപ്പോള്‍ ആമിര്‍.

തന്‍സീര്‍ കാവുന്തറ

പാനിപ്പത്തിലെ ഒരു ഗ്രാമത്തിലായിരുന്നു ബാല്‍ബിര്‍ സിംഗിന്റെ ജനനം. ഗാന്ധിയനും അധ്യാപകനുമായ ദൗലത്ത് റാമായിരുന്നു പിതാവ്. ബാലാ സാഹേബ് താക്കറെയില്‍ ആകൃഷ്ടനാവുകയും ശിവസേനയില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് ആര്‍.എസ്.എസിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ ബാല്‍ബിര്‍ ശാഖയിലെ നിത്യ സന്ദര്‍ശകനായി.

1992 ഡിസംബര്‍ ഒന്നിന് രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പം ബാല്‍ബിര്‍ അയോധ്യയിലെത്തി. ഡിസംബര്‍ ആറിന് മസ്ജിദിലേക്കും.അയോധ്യയിലേക്ക് പുറപ്പെടുമ്പോഴേ എന്റെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞത് ഒന്നും നേടാതെ തിരിച്ചുവരരുതെന്നായിരുന്നു. ഡിസംബര്‍ അഞ്ചിന് അയോധ്യയിലാകെ ഒരു മുരള്‍ച്ചയായിരുന്നു. അയോധ്യയും ഫൈസാബാദും വി.എച്ച്.പി പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പമായിരുന്നു ഞങ്ങള്‍. സിന്ധികളുടെ ദൈവമായിരുന്ന ജുലേലിനെയാണ് അദ്വാനി ആരാധിച്ചിരുന്നത് എന്നതിനാല്‍ ഞങ്ങള്‍ക്ക് ആഅദ്ദേഹം അത്ര പ്രധാനപ്പെട്ടയാളായിരുന്നില്ല. അദ്ദേഹത്തെ ഹിന്ദുവായിപ്പോലും പരിഗണിച്ചിരുന്നില്ല. ഉമാ ഭാരതിയായിരുന്നു ശരിക്കും ഇതിന്റെ പിന്നിലുണ്ടായിരുന്നത്. ഞാന്‍ എന്റെ അടുത്ത സുഹൃത്ത് യോഗേന്ദ്ര പാലിനൊപ്പമായിരുന്നു. ഞങ്ങള്‍ക്കൊട്ടും ക്ഷമയുണ്ടായിരുന്നില്ല. അത് സംഭവിക്കണമെന്ന് ഞങ്ങള്‍ അക്ഷമരായി കാത്തിരുന്നു.

ഞങ്ങളെ തടയാന്‍ നിരവധി പട്ടാളക്കാര്‍ ഉണ്ടാവും എന്നതിലെ ഭീതി ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ, അത്രയും സുരക്ഷകള്‍ക്കിടയിലും പള്ളി പൊളിക്കാനുള്ള ഞങ്ങളുടെ ത്വര വര്‍ധിക്കുകയാണുണ്ടായത്. മാനസികമായി ഒരായിരം തവണ ഞങ്ങളതിന് തയ്യാറെടുത്തുകഴിഞ്ഞിരുന്നു.ആ ദിവസം ഞാനൊരു മൃഗത്തെപ്പോലെയായിരുന്നു. ഞങ്ങളെ ലക്ഷ്യമിട്ട് ഒരു ഹെലികോപ്ടര്‍ താഴ്ന്ന് പറക്കുന്നത് കണ്ട എന്റെയുള്ളില്‍ പേടിയും നിഴലിക്കാന്‍ തുടങ്ങി. എന്റെ പുറകിലുള്ളവര്‍ വലിയ ശബ്ദത്തോടെ അര്‍ത്തലക്കുന്നത് എന്റെ ചെവികളില്‍ മുഴങ്ങിക്കേട്ടു. ഞാന്‍ മഴു ഉറപ്പിച്ച് പിടിച്ച് പള്ളിക്ക് മുകളിലേക്ക് പാഞ്ഞ് മിനാരത്തിന് മുകളില്‍ സ്ഥാനമുറപ്പിച്ചു. താഴെ ശബ്ദം ഉയര്‍ന്ന വന്നതോടെ താഴികക്കുടത്തില്‍ ആഞ്ഞുകുത്തി.

ബാബരി ധ്വംസനത്തിനു ശേഷം സ്വദേശമായ പാനിപ്പത്തില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്കൊരു ഹീറോ പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. അയോധ്യയില്‍ നിന്ന് കൊണ്ടു വന്ന രണ്ട് ഇഷ്ടികകള്‍ പാനിപ്പത്തിലെ ശിവസേനാ ഓഫീസില്‍ സൂക്ഷിച്ചു. പക്ഷേ, വീട്ടില്‍ സ്ഥിതി മറ്റൊന്നായിരുന്നു. വീട്ടുകാരുടെ പ്രതികരണം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മതേതര പാരമ്പര്യമുള്ള എന്റെ കുടുംബം എന്നെ ആക്ഷേപിക്കുകയും എന്റെ പ്രവൃത്തിയെ തള്ളിപ്പറയുകയും ചെയ്തു. ഞാന്‍ കര്‍സേവകര്‍ക്കൊപ്പം ചേര്‍ന്നത് പൂര്‍ണ ബോധ്യത്തോടുകൂടിത്തന്നെയായിരുന്നു. പക്ഷേ, പിന്നീട് ഞാന്‍ വലിയ തെറ്റായിരുന്നെന്ന് എനിക്ക് മനസിലായി.

ഞങ്ങളിലൊരാളേ ഇനി ആ വീട്ടില്‍ ഉണ്ടാവൂ എന്ന് അച്ഛന്‍ ഉറപ്പിച്ച് പറഞ്ഞു. വീട് വിട്ടിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ ഭാര്യയെ നോക്കി. അവള്‍ എന്നോടൊപ്പം നില്‍ക്കാന്‍ തയ്യാറായില്ല. അതോടെ ഞാന്‍ ഒറ്റയ്ക്ക് അവിടെനിന്നിറങ്ങി. രാജ്യമെമ്പാടും കലാപം പൊട്ടിപ്പുറപ്പെട്ടെന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. അച്ഛന്‍ മരിച്ചു എന്നറിഞ്ഞതിന് ശേഷമാണ് താന്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. പക്ഷേ, തന്നെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. തന്റെ ശവസംസ്‌കാരത്തിന് മകനെ പങ്കെടുപ്പിക്കരുതെന്ന് പിതാവ് കുടുംബാംഗങ്ങളോട് ഉറപ്പിച്ച് പറഞ്ഞിരുന്നു.

ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത് ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ തന്നോടൊപ്പമുണ്ടായിരുന്ന ആത്മാര്‍ത്ഥ സുഹൃത്ത് യോഗേന്ദ്ര പാലിന്റെ ഇസ്ലാം മതാശ്ലേഷണമായിരുന്നു. യോഗേന്ദ്ര പാലിനോടുള്ള സംസാരിത്തിലൂടെയാണ് താന്‍ ചെയ്ത പാതകത്തിന്റെ ആഴം മനസിലായത്.ഞാന്‍ നിയമം കയ്യിലെടുക്കുകയും ഇന്ത്യന്‍ ഭരണഘടനയെ ലംഘിക്കുകയും ചെയ്തെന്ന് എനിക്ക് പതിയെപ്പതിയെ ബോധ്യപ്പെട്ടു. കനത്ത കുറ്റബോധമുണ്ടായി. ഞാന്‍ ഇസ്ലാം മതം സ്വീകരിച്ചു’.
രജ്പുത് വിഭാഗത്തില്‍ ജനിച്ച് ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് ആമിര്‍ വിശദീകരിച്ചത് ഇപ്രകാരമാണ്.

1993 ജൂണിലായിരുന്നു യോഗേന്ദ്ര പാലിന്റെ ഇസ്ലാം ആശ്ലേഷണം. മനസ്സില്‍ മാറ്റങ്ങള്‍ മുളപൊട്ടി വന്ന ബല്‍ബീര്‍ യോഗേന്ദ്രപാലിനെ ഇസ്ലാമിലേക്ക് കലിമ ചൊല്ലി മാറ്റിയ മൗലാനാ കലീം സിദ്ദീഖിയെ ചെന്നു കണ്ടു. സോനപ്പേട്ടിലായിരുന്നു അദ്ദേഗം.മുസഫര്‍നഗറിലെ ഫുലത് ആസ്ഥാനമായ ജംഇയ്യത്ത് ഇമാം വലിയുല്ല ട്രസ്റ്റ് ഫോര്‍ ചാരിറ്റി ആന്‍ഡ് ദഅ്വ മേധാവി ആയിരുന്നു സിദ്ദീഖി. ഒരുപാട് മദ്രസകളും സ്‌കൂളും ട്രസ്റ്റിന് കീഴിലുണ്ട്. സോനപ്പേട്ടില്‍ ഒരു പരിപാടിക്ക് വന്നതായിരുന്നു അദ്ദേഹം. ബല്‍ബീര്‍ മൗലാനയെ ചെന്നുകണ്ടു. കുറച്ചു കാലം ഫുലാതിലെ മദ്രസയില്‍ താമസിക്കാന്‍ അവസരം നല്‍കുമോ എന്നു ചോദിച്ചു. ‘മതം മാറാന്‍ ആഗ്രഹിച്ചിരുന്നോ എന്ന് നിശ്ചയമുണ്ടായിരുന്നില്ല. മൗലാനാ എന്റെ അപേക്ഷ സ്വീകരിച്ചു. ഒരു പള്ളി പൊളിക്കാന്‍ കൂട്ടുനിന്ന നിങ്ങള്‍ക്ക് നിരവധി പള്ളികള്‍ നിര്‍മിക്കാന്‍ സഹായിക്കാനാകും എന്നു പറഞ്ഞു. ഒരു ചെറിയ വാക്കു മാത്രമായിരുന്നു അത്. ഞാനിരുന്ന് കരയാന്‍ തുടങ്ങി. മദ്രസയില്‍ കുറച്ചു മാസങ്ങള്‍ ചെലവഴിച്ച ശേഷമാണ് മുഹമ്മദ് അമീര്‍ എന്ന പേരു സ്വീകരിച്ച് മുസ്ലിമായത്. അതോടെ എന്റെ ജീവിതം വീണ്ടും പാളത്തില്‍ കയറി’ അദ്ദേഹം പറയുന്നു.

ഫുലാതില്‍ അമര്‍ അറബിയും ഖുര്‍ആനും പഠിച്ചു. ഇംഗ്ലീഷ് അറിയുന്നതു കൊണ്ട് മദ്രസയില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. 1993 ഓഗസ്റ്റില്‍ കുടുംബത്തില്‍ തിരിച്ചെത്തി. അതേവര്‍ഷം ഭാര്യയും മദ്രസയില്‍ പ്രവേശിച്ചു. സ്വന്തം ഇഷ്ടപ്രകാരം അവരും ഇസ്ലാം സ്വീകരിച്ചു. 1993ന് ശേഷം വടക്കേ ഇന്ത്യയിലെ നിരവധി പള്ളികളുടെ പുനര്‍നിര്‍മാണത്തില്‍ മുഹമ്മദ് ആമിര്‍ പങ്കാളിയായി. വലിയ്യുല്ല ട്രസ്റ്റിന് കീഴില്‍ മേവാതിലായിരുന്നു കൂടുതല്‍. അമ്പതോളം പള്ളികള്‍ ഇതുവരെ ആയെന്ന് അദ്ദേഹം പറയുന്നു. നൂറു പള്ളികള്‍ സമുദ്ധരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.