2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒരിക്കല്‍ സ്ഥാപിക്കപ്പെട്ട പള്ളി എന്നും പള്ളിയായി തുടരുമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യുഡല്‍ഹി: ഒരിക്കല്‍ സ്ഥാപിക്കപ്പെട്ട പള്ളി എന്നും പള്ളിയായിതന്നെ തുടരുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ‘ഇസ്‌ലാമിക വീക്ഷണത്തില്‍ ഭൂമിയില്‍ എവിടെയെങ്കിലും ഒരു മസ്ജിദ് സ്ഥാപിക്കപ്പെട്ടാല്‍ അതു ലോകാവസാനം വരെ മസ്ജിദ് തന്നെയായിരിക്കും. ബാബരി മസ്ജിദ് എന്നും പള്ളിയായിരുന്നു. എക്കാലവും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ആയാ സോഫിയ ഞങ്ങള്‍ക്കു മുന്നില്‍ വലിയ തെളിവാണ്. അനീതിയിലൂടെ ഭൂമി പിടിച്ചടക്കിയതു കൊണ്ടോ അടിച്ചമര്‍ത്തിയതു കൊണ്ടോ ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന വിധിപ്രസ്താവം കൊണ്ടോ അത് അങ്ങനെയല്ലാതാവില്ല. അതിനാല്‍ ആരും വിഷമിക്കേണ്ടതില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ ഒരു ക്ഷേത്രത്തിന്റെ തറക്കല്ലിടലല്‍ കര്‍മം നടക്കുമ്പോള്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അതിന്റെ ചരിത്രപരമായ നിലപാട് ആവര്‍ത്തിക്കുകയാണെന്നും ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി. ഭൂമിപൂജയെ പിന്തുണക്കുന്നവര്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരേ പ്രവര്‍ത്തിക്കുന്നവരാണ്.

ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് കണ്ടെടുത്തുവെന്ന് പറയുന്ന അവശിഷ്ടങ്ങള്‍ പള്ളി നിര്‍മിക്കുന്നതിനും 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് 12ാം നൂറ്റാണ്ടിലേതാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഏതെങ്കിലും ക്ഷേത്രമോ ഹിന്ദു ആരാധനാലയമോ തകര്‍ത്തുണ്ടാക്കിയതല്ല ബാബരി മസ്ജിദ് എന്നത് നവംബര്‍ ഒന്‍പതിനു സുപ്രിംകോടതി തന്നെ അംഗീകരിച്ചതാണ്. 1992 ഡിസംബര്‍ ആറിനു മസ്ജിദ് തകര്‍ത്തത് ഭരണഘടനാ വിരുദ്ധമായ ക്രിമിനല്‍ പ്രവൃത്തിയാണെന്നും സുപ്രിംകോടതി വിധിയിലുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.