2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അയോദ്ധ്യ കോൺ​ഗ്രസിന്റേത് നെഹ്റുവിസത്തിലേക്കുള്ള തിരിച്ചുപോക്ക്

പ്രൊഫ.റോണി.കെ ബേബി

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുകയാണ്. പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവാദം. ‘മതവിശ്വാസം എന്നത് വ്യക്തിപരമായ വിഷയമാണ്. എന്നാൽ, ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം അയോധ്യാ ക്ഷേത്രത്തെ രാഷ്ട്രീയ പദ്ധതിയാക്കിയിരിക്കുകയാണെന്ന’ പ്രസ്താവനയിൽ കോൺഗ്രസ് നിലപാട് സുവ്യക്തമാണ്. സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വ നിലപാടുകളെ എതിർക്കുന്ന കോൺഗ്രസിന് അവർ സ്പോൺസർ ചെയ്യുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ഒരിക്കലും പങ്കെടുക്കാൻ കഴിയില്ല.

പങ്കെടുത്തിരുന്നെങ്കിൽ സംഘ്പരിവാറിന്റെ തീവ്ര ഹിന്ദുത്വത്തിനെതിരേ കോൺഗ്രസ് മൃദുഹിന്ദുത്വം പയറ്റുന്നെന്ന് എതിരാളികൾക്ക് ആരോപിക്കാൻ വടി നൽകുകയും ചെയ്യുമായിരുന്നു. രാജ്യത്തെ മതനിരപേക്ഷ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇടം ഇനിയും ബാക്കിയുണ്ടെന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കാൻ മതേതര ജനാധിപത്യ ചിന്തകൾ പുലർത്തുന്നവരെ പ്രേരിപ്പിക്കുന്നതാണ് ഈ തീരുമാനമെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും മതവും രാഷ്ട്രീയവും ദേശീയതയും സമാസമം ചേരുവകൾ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വർത്തമാന ഇന്ത്യയുടെ സാഹചര്യത്തിൽ ഇതുപോലെ തീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വം കാണിച്ച ധൈര്യം തീർച്ചയായും ശ്ലാഘനീയമാണ്.

   


പ്രതിഷ്ഠാചടങ്ങ് ബഹിഷ്‌കരിക്കുക വഴി കോൺഗ്രസ് ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുവാൻ ബി.ജെ.പിക്ക് അവസരം ലഭിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഈ വെല്ലുവിളി ഏറ്റെടുക്കുവാൻ തയാറായി. രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ തയാറായിനിന്ന പലർക്കുമുള്ള ഉറച്ച മറുപടിയാണിത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോൺഗ്രസ് തീരുമാനത്തെ വർഗീയമായി മുതലെടുക്കുന്നതിനുള്ള നീക്കങ്ങൾ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. ‘ത്രേതായുഗത്തിലെ രാവണനെപ്പോലെ കോൺഗ്രസ് നേതാക്കൾക്കും മനസ് നഷ്ടപ്പെട്ടെന്നാണ്’ ബി.ജെ.പി. എം.പി മനോജ് തിവാരി പ്രതികരിച്ചത്.


ഇങ്ങനെയൊരു തീരുമാനമെടുത്തതിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ കോൺഗ്രസിന് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷ വോട്ടുകൾ എസ്.പി, ബി.എസ്.പി, ആർ.ജെ.ഡി, തൃണമൂൽ തുടങ്ങിയവരുടെ നിയന്ത്രണത്തിലാണ്. കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് എന്തു തീരുമാനം എടുത്താലും കാര്യമായി ചലനങ്ങൾ സൃഷ്ടിക്കില്ല എന്നിരിക്കേ ബി.ജെ.പിക്ക് അക്രമിക്കാൻ വഴിയൊരുക്കും എന്നറിഞ്ഞിട്ടുകൂടി ഇത്തരമൊരു തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയത് തീവ്ര ഹിന്ദുത്വത്തിന്റെ ബദൽ മൃദുഹിന്ദുത്വമല്ല, അചഞ്ചലമായ മതനിരപേക്ഷതയാണെന്ന കൃത്യമായ ബോധ്യത്തിലാണ്.


തീർത്തും മതപരവും വിശ്വാസപരവുമായ വിഷയത്തെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി രാഷ്ട്രീയവൽക്കരിക്കുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. ഇതിനെതിരേ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള ശങ്കരാചാര്യന്മാരുടെ തീരുമാനം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഹിന്ദുമതത്തിലെ പരമോന്നത ആചാര്യന്മാരായി കണക്കാക്കപ്പെടുന്നവരാണ് ശങ്കരാചാര്യന്മാർ. രാജ്യത്തിന്റെ നാല് ഭാഗങ്ങളിലായി ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളിലെ ആചാര്യന്മാരാണ് ഇപ്പോൾ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ച് രംഗത്തെത്തിയിരിക്കുന്നത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ശങ്കരാചാര്യന്മാരുടെ പ്രതിഷേധം.


ചടങ്ങിൽ മുഖ്യ കാർമ്മികത്വം വഹിക്കുവാനുള്ള മോദിയുടെ തീരുമാനം മതേതര രാഷ്ട്രത്തിന്റെ നേതാവ് മത ചടങ്ങിൽ പങ്കെടുക്കണമോ എന്ന ചർച്ചയ്ക്കും തുടക്കമിട്ടിട്ടുണ്ട്. നമ്മുടെ മുമ്പിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സ്വീകരിച്ച നിലപാടുകളുണ്ട്. 1951ൽ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിനും ഉപ പ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിനും ക്ഷണം ലഭിച്ചിരുന്നു. രാഷ്ട്രപതി ചടങ്ങിൽ പങ്കെടുക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നെഹ്‌റു എഴുതിയ കത്തിലെ വരികൾ വർത്തമാന സംഭവങ്ങളിൽ വളരെ പ്രസക്തമാണ്. നെഹ്‌റു ഇങ്ങനെ എഴുതി;

‘സോമനാഥ്‌ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ താങ്കൾ പങ്കെടുക്കുന്നത് ഉചിതമായി എനിക്ക് തോന്നുന്നില്ല. ഇത് ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിന്റെ മാത്രം വിഷയമല്ല. അത് തീർച്ചയായും ആർക്ക് വേണമെങ്കിലും ചെയ്യാം. പക്ഷേ ഇതിന് മറ്റ് അർഥതലങ്ങൾ കൂടിയുണ്ട്. മതേതര ഇന്ത്യക്ക് അത് തെറ്റായ സന്ദേശം നൽകും’. നെഹ്റുവിന്റെ ഇന്ത്യയിൽനിന്ന് മോദിയുടെ ഇന്ത്യയിലേക്കുള്ള മതേതര ജാനാധിപത്യ കാഴ്ചപ്പാടുകളുടെ മാറ്റം കൃത്യമായി സൂചിപ്പിക്കുന്നതാണ് രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ. വിഷയത്തിലെ കോൺഗ്രസ് നിലപാടുകൾ തീർച്ചയായും ആ നെഹ്റുവിയൻ മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കും അതുകൊണ്ടുതന്നെ അഭിനന്ദാർഹവുമാണ്.
(കെ.പി.സി.സി മാധ്യമസമിതി അംഗമാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.