2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ടിയാഗോയോ സിട്രോണോ, കണ്‍ഫ്യൂഷനുണ്ടോ…

ഇന്ത്യയുടെ ഇലക്ട്രിക് വാഹന സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന കാര്‍ ഏതെന്ന ചോദ്യത്തിന് ഉത്തരം ടാറ്റാ ടിയാഗോ ഇ.വി എന്ന് പറയാം. അതിനും മുമ്പ് ടാറ്റായുടെ തന്നെ നെക്‌സോണും ടിഗോറുമൊക്കെ ഇവിടില്ലേ എന്നായിരിക്കും അപ്പോള്‍ മറുചോദ്യം. നെക്‌സോണ്‍ മാത്രമല്ല, അല്‍പം കൂടി ചരിത്രത്തിലേക്ക് പോയാല്‍ ‘റേവ’ എന്നൊരു ഇലക്ട്രിക് കാര്‍ ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിര്‍മിച്ചിരുന്നു. ഇതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍. പിന്നീട് ഈ കമ്പനിയെ മഹീന്ദ്ര ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഒന്നോ രണ്ടോ മോഡലുകള്‍ കൂടി റേവയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നുവെങ്കിലും അധികം കാലം ഇത് മുന്നോട്ടു പോയില്ല.

റെനോയുടെ ലോഗനെ പേര് മാറ്റി മഹീന്ദ്ര പുറത്തിറക്കിയ വെറിറ്റോയ്ക്കും ഒരു ഇലക്ട്രിക് പതിപ്പ് ഉണ്ടായിരുന്നു. എന്തിനേറെ പറയുന്നു ടാറ്റയുടെ നാനോയ്ക്കും ഉണ്ടായിരുന്നു ഒരു ഇലക്ട്രിക് അവതാരം. ടാറ്റയായിരുന്നില്ല, മറിച്ച് കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ഒരു കമ്പനിയായിരുന്നു ഇത് പുറത്തിറക്കിയിരുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു വില്‍പനയെന്നതിനാല്‍ നിരത്തില്‍ ആരും അധികം കണ്ടിട്ടില്ലെന്ന് മാത്രം. കൊവിഡ് കാരണം നിയോ എന്ന പേരില്‍ ഇറക്കിയിരുന്ന നാനോ ഇലക്ട്രിക് പതിപ്പിനും അധികം ആയുസുണ്ടായിരുന്നില്ല. പക്ഷേ ഈ വാഹനങ്ങളെല്ലാം ഒന്നുകില്‍ സാധാരണക്കാരന്റെ കീശയിലൊതുങ്ങാത്ത വിലയുള്ളതോ അല്ലെങ്കില്‍ പ്രായോഗികമായ ബാറ്ററി റേഞ്ച് ഇല്ലാത്തവയോ ആയിരുന്നു. ഇതിനെല്ലാം ഇടയില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ തരക്കേടില്ലാത്ത ബാറ്ററി റേഞ്ചുമായി ഇന്ത്യയില്‍ ഇറങ്ങിയ ആദ്യത്തെ ഇലക്ട്രിക് കാര്‍ ആണ് ടിയാഗോ. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ സാധാരണക്കാരുടെ ഇലക്ട്രിക് വാഹന സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന കാര്‍. എന്നാല്‍ ഇപ്പോള്‍ ടിയാഗോയ്ക്ക് എതിരാളിയായ സിട്രോണ്‍ eC3 എന്ന ഇലക്ട്രിക് മോഡലും കൂടെയുണ്ട്. ടിയാഗോയെ അപേക്ഷിച്ച് വില കുറച്ച് കൂടുമെന്ന് മാത്രം. രണ്ട് ബാറ്ററി റേഞ്ചിലുള്ള മോഡലുമായാണ് ടിയാഗോ ഇ.വിയെ ടാറ്റ നിരത്തിലിറക്കുന്നത്. ഫ്രഞ്ച് വാഹന കമ്പനിയായ സിട്രോണിന് ഒറ്റ മോഡല്‍ മാത്രമാണുള്ളത്.

പോക്കറ്റ് ഫ്രണ്ട്‌ലി ടിയാഗോ
രണ്ട് വാഹനങ്ങളിലും വിലക്കുറവ് ടിയാഗോയ്ക്കാണ്.ടിയാഗോ യുടെ ടോപ് മോഡലിന്റെ വില അവസാനിക്കുന്നിടത്ത് നിന്നാണ് eC3യുടെ വിലആരംഭിക്കുന്നത്. 8.69 ലക്ഷം മുതല്‍ 11.49 ലക്ഷം വരെയാണ് ടിയാഗോ ഇ.വി മോഡലിന് വില നിശ്ചയിച്ചിരിക്കുന്നത്. 11.50 ലക്ഷം വരും eC3യുടെ ബേസ് മോഡലിന്. ടോപ് എന്‍ഡ് ഡ്യുവല്‍ ടോണ്‍ വൈബ് പാക്കിന് 12.43 ലക്ഷം കൊടുക്കണം.

ബാറ്ററി കരുത്ത്
സിട്രോണ്‍ eC3യില്‍ ഉപയോഗിച്ചിരിക്കുന്ന ലിഥിയം ഫെറസ് ഫോസ്‌ഫേറ്റ് ബാറ്ററി 320 കി.മീ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 240-260 കി.മീ സാധാരണ ഡ്രൈവിങ് സാഹചര്യങ്ങളില്‍ പ്രതീക്ഷിക്കാവുന്നതാണ്. എയര്‍ കൂളിങ് സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡി.സി ഫാസ്റ്റ് ചാര്‍ജറില്‍ പത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ 57 മിനിറ്റ് മതി. 15 A പ്‌ളഗില്‍ വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ പത്തര മണിക്കൂര്‍ എടുക്കും. 57 പി.എസ് കരുത്തും143 Nm കരുത്തുമുള്ള ഇലക്ട്രിക് മോട്ടോര്‍ 6.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കി.മീ വേഗതയെടുക്കും. 107 കിലോമീറ്ററാണ് ടോപ് സ്പീഡ്.
ടാറ്റയുടെ സിപ്‌ട്രോണ്‍ ഹൈവോള്‍ട്ടേജ് സാങ്കേതിക വിദ്യയുമായി നിരത്തിലിറങ്ങുന്ന ടിയോഗോയ്ക്ക് 24 kWh ഉും 19.2 kWh ഉും കരുത്തുള്ള രണ്ട് ബാറ്ററി മോഡലുകളാണ് ഉള്ളത്. 314 കി.മീയും 250 കി.മീയുമാണ് യഥാക്രമം ഇവയ്ക്ക് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. വലിയ ബാറ്ററി പാക്ക് മോഡലിന് 75 PS കരുത്തും 114 Nm ടോര്‍ക്കുമുണ്ട്.61PS കരുത്തും 104 Nm ടോര്‍ക്കുമാണ് പവര്‍ കുറഞ്ഞ മോഡലിനുള്ളത്. പൂജ്യത്തില്‍ നിന്ന് 60 കി.മീ വേഗതയെടുക്കാന്‍ 5.7 സെക്കന്‍ഡ് മതി. ഫാസ്റ്റ് ചാര്‍ജറില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ ടിയാഗോ 57 മിനിറ്റ് സമയം എടുക്കും.

ഇന്റീരിയര്‍

രണ്ട് വാഹനങ്ങളും ഓട്ടോമാറ്റിക് ആയതിനാല്‍ ഗിയര്‍ ലിവര്‍ ഇല്ല.പകരം ഡ്രൈവ് മോഡുകള്‍ സിലക്ട് ചെയ്യാന്‍ ടോഗിള്‍ സ്വിച്ച് ആണ് നല്‍കിയിരിക്കുന്നത്. ഈയൊരുമാറ്റം ഒഴിച്ചുനിര്‍ത്തിയാല്‍ ടിയാഗോ ഇ.വിയുടെയും സിട്രോണ്‍ eC3യുടെയും ഇന്റീരിയര്‍ അവയുടെ പെട്രോള്‍ മോഡലുകള്‍ക്ക് സമാനമാണ്. വലിയ10.2ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍ പ്‌ളേ, മാന്വല്‍ എയര്‍ കണ്ടീഷനിങ്, ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്പ്‌ളേ, എ.ബി.എസ്, ട്വിന്‍ എയര്‍ ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ സിട്രോണിലുണ്ട്.

ടിയാഗോ ഇവിയില്‍ ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവേഴ്‌സ് സീറ്റ്, ഓട്ടോമാറ്റിക് ടംപറേച്ചര്‍ കണ്‍ട്രോള്‍, ഹര്‍മാന്റെ 7 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍ പ്‌ളേ, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്, പാര്‍ക്കിങ് സെന്‍സര്‍ ഉള്ള റിയര്‍ വ്യൂ കാമറ, പവേര്‍ഡ് ബൂട്ട് ഓപ്പണിങ്,ക്രൂയിസ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, ഓട്ടോ ഹെഡ് ലാംപ്, ഫ്രണ്ട് എയര്‍ ബാഗുകള്‍, സുരക്ഷയ്ക്കായി എ.ബി.എസ് എന്നിവ ടോപ് മോഡലിലുണ്ട്.

ഹാച്ച് ബാക്കും കോംപാക്ട് എസ്.യു.വിയും

ടിയാഗോ ഇ.വി ഒരു പ്രോപ്പര്‍ ഹാച്ച് ബാക്ക് കാര്‍ ആണ്. എന്നാല്‍ ഒരു കോംപാക്ട് എസ്.യു.വി ആണ് സിട്രോണ്‍. അതുകൊണ്ടു തന്നെ ഉള്ളിലെ സ്ഥലസൗകര്യം സിട്രോണില്‍ കൂടുതലുണ്ട്. ബൂട്ട് സ്‌പേസിന്റെ കാര്യത്തിലാണ് ടിയാഗോ ഇ.വി തോല്‍ക്കുന്നത്. 240 ലിറ്റര്‍ മാത്രമാണ് ടിയാഗോയുടെ ബൂട്ട് സ്‌പേസ്. എന്നാല്‍ eC3യില്‍ ഇത്315ലിറ്റര്‍ വരും . ടിയാഗോയില്‍ സ്‌പെയര്‍ ടയര്‍ വരുന്നില്ല. പകരം പംക്ചര്‍ റിപ്പയര്‍ കിറ്റ് ആണുള്ളത്. ബാറ്ററി ബൂട്ട് സ്‌പേസ് കൂടി കൈയടക്കിയതിനാല്‍ ആണ് ടിയാഗോയില്‍ സ്‌പെയര്‍ ടയര്‍ പുറത്തായത്. ഇ.വി മോഡലിനെ കൂടി മനസില്‍കണ്ട് തയാറാക്കിയതാണ് eC3യുടെ പ്‌ളാറ്റ് ഫോം. അതുകൊണ്ടു തന്നെ സ്‌പെയ്‌സിന്റെ പ്രശ്‌നങ്ങള്‍ അവിടയില്ല. ഫീച്ചറുകളുടെ കാര്യത്തില്‍ ടിയാഗോയാണ് സ്‌കോര്‍ ചെയ്യുന്നത്.ടിയാഗോയിലേതു പോലെ ഇലക്ട്രിക് മിററുകളോ പുഷ്ബട്ടണണ്‍ സ്റ്റാര്‍ട്ടോ സിട്രോണിന്റെ ടോപ് മോഡലില്‍ പോലും കമ്പനി നല്‍കിയിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.