
ന്യൂഡല്‍ഹി: വാഹന പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന മിനി എസ്.യു.വി. മോഡലായ പഞ്ച് വിപണിയിലേക്ക്. നാല് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.49 ലക്ഷം രൂപ മുതല്‍ 9.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. അതേസമയം, ഇത് പ്രാരംഭ വില മാത്രമാണെന്നും ഈ വര്‍ഷം അവസാനം വരെ മാത്രമായിരിക്കും ഈ വിലയെന്നുമാണ് സൂചന. 2022ജനുവരി ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്നുമാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്.
പ്യൂവര്‍, അഡ്വഞ്ചര്‍, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് പഞ്ച് വിപണിയില്‍ എത്തുന്നത്. മിനി എസ്.യു.വി. ശ്രേണിയുടെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ കെ.യു.വി.100, മാരുതി സുസുക്കി ഇഗ്നീസ് തുടങ്ങിയ വാഹനങ്ങളാണ് പഞ്ചിന്റെ എതിരാളികള്‍.
ഏഴ് ഇഞ്ച് വലിപ്പമുള്ള ഹര്മന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്ട്രോള് പാനല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഡിജിറ്റല്‍ സ്ക്രീന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ധാരാളം സ്റ്റോറേജ് സ്പേസുകള്‍, മികച്ച സീറ്റുകള്‍ എന്നിങ്ങനെ വളരെ സമ്പന്നമായ ഒരു അകത്തളമാണ് പഞ്ചില്‍ ഒരുങ്ങിയിട്ടുള്ളത്.
ഇതിന് 187 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലും ഉണ്ട്. ടാറ്റാ പഞ്ച് ആള്‍ട്രോസിനെ പോലെ 90 ഡിഗ്രി തുറക്കുന്ന ഡോറും 366 ലിറ്റര്‍ ബൂട്ട് സ്പേസും ഉണ്ട്.