
രണ്ടാം തലമുറ ക്രെറ്റയെ ഹ്യൂണ്ടായ് ഗ്രെയ്റ്റര്‍ നോയിഡയില്‍ ആരംഭിച്ച ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. ഹ്യൂണ്ടായ് ഇന്ത്യ ബ്രാന്‍ഡ് അംബാസിഡറും ബോളിവുഡ് നടനുമായ ഷാരൂഖ് ഖാന് ആണ് പുതുപുത്തന്‍ ക്രെയ്റ്റയെ അവതരിപ്പിച്ചത്.
ഹ്യുണ്ടായിയുടെ ചൈനീസ് സബ്സിഡിയറിയായ ബെയ്ജിങ് ഹ്യൂണ്ടായ് 2019ല്‍ അവതരിപ്പിച്ച പുത്തന്‍ ix25 എസ്യുവിയില് നിന്ന് പ്രചോദനം കൊണ്ടാണ് പുത്തന്‍ ക്രെറ്റയെ തയ്യാറാക്കിയിരിക്കുന്നത്.
പുത്തന്‍ എസ്.യു.വി ഡിസൈന്‍ ഭാഷ്യത്തിലെ ഒഴിച്ചുകൂടാനാവാത്ത രണ്ടായി ഭാഗിച്ച ഹെഡ്ലൈറ്റ് ക്ലസ്റ്റര്‍, പുതിയ തലമുറ ഹ്യൂണ്ടായ് കാറുകളുടെ മുഖമുദ്രയായ കാസ്കേഡിങ് ഗ്രില്‍, ഫോക്സ് സ്കിഡ് പ്ലേറ്റ് ചേര്‍ന്ന ബമ്പര്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍.
സില്‍വര്‍ കൂടിയ കളര്‍ ടോണും, വീല്‍ ആര്‍ച്ചുകളും ഡയമണ്ട് കട്ട് അലോയ് വീലുകളും വാഹനത്തെ കൂടുതല്‍ മനോഹരമാക്കുന്നു.
115എച്ച്പി 1.5 ലീറ്റര്‍ പെട്രോള്‍ എന്ജിന് 6 സ്പീഡ് മാനുവല്‍, സിവിറ്റി ഓട്ടമാറ്റിക വകഭേദങ്ങളില്‍ ലഭ്യമാണ്. 115എച്ച്പി 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും വാഹനത്തിന് ലഭ്യമായേക്കും. ഇതിനൊപ്പം 140 എച്ച്പി 1.4 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള മോഡലും നിര്‍മാതാക്കള്‍ പുറത്തിറക്കിയേക്കാം, 2020 മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന പുതിയ ക്രേറ്റയുടെ വില 10 ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയിലാകാനാണ് സാധ്യത.