
ദീപാവലിയോടനുബന്ധിച്ച് ആഥര്‍ ഇ-സ്കൂട്ടറില്‍ ആറു മാസത്തേക്ക് സൗജന്യ കണക്ടിവിറ്റി നല്‍കുമെന്ന് കോ ഫൗണ്ടറും സി.ഇ.ഒയുമായ തരുണ്‍ മേത്ത. ആഥര്‍ ഇ-സ്കൂട്ടറില്‍ ഉപയോഗിക്കുന്ന യൂസര്‍ ഇന്റഫേസായ ആഥര്‍ കണക്ട് റീഡിസൈന്‍ ചെയ്യുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. ഈ വര്‍ഷാവസാനം വരെയായി സൗജന്യമായാണ് ഈ സേവനം നല്‍കുന്നത്. ഇലക്ട്രിക് വാഹന വിപണി സജീവമാക്കുന്നത് കമ്പനിയുടെ ലക്ഷ്യമാണ്.
2021 നവംബര്‍ 15 മുതല്‍ 2022 മേയ് 15 വരെ ആഥര്‍ കണക്ട് പ്രോ സബ്സ്ക്രിപ്ഷന് പാക്ക് പ്രകാരമുള്ള എല്ലാ ഫീച്ചറുകളും നിലവിലുള്ളവരും പുതിയവരുമായ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും.
ആഥര്‍ 450 എക്സ്, 450 പ്ലസ്, 450 എന്നീ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. നിലവില്‍ കണക്ട് ലൈറ്റ്, പ്രോ കണക്ടിവിറ്റി ഉണ്ടെങ്കില്‍ പ്രോ റാറ്റ അടിസ്ഥാനത്തില്‍ പണം തിരികെ നല്‍കും. ആഴ്ചകള്‍ക്കകം ഇതിനുള്ള സൗകര്യമൊരുക്കുകയും വിവരം അറിയിക്കുകയും ചെയ്യും. ഇതുവരെ സ്ബ്സ്ക്രൈബ് ചെയ്യാത്തവര്‍ക്ക് കണക്ട് പ്രോ ഫീച്ചറുകള്‍ നവംബര്‍ 15 മുതല്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
Connectivity and EVs go hand in hand: something we have believed in from day 1.
With the market growing at an unprecedented pace we are opening connectivity features on ALL @atherenergy scooters free of cost for the next 6 months for our owners.
— Tarun Mehta (@tarunsmehta) November 4, 2021
റൂട്ട് പ്ലാനിങ്, നാവിഗേഷന്‍, ചാര്‍ജിങ്, സര്‍വീസിങ്, കസ്റ്റമൈസേഷന് തുടങ്ങീ ആഥര്‍ കണക്ടിലെ എല്ലാ സേവനങ്ങളും തടസ്സരഹിതമാക്കണമെന്ന് ആഗ്രഹമുണ്ടെന്ന് തരുണ്‍ മേത്ത അറിയിച്ചു. യൂസര്‍ ഇന്റഫേസ് നവീകരിക്കുമ്പോള്‍ ഗുണമേന്മ മെച്ചപ്പെടുത്തുകയും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഥര്‍ രാജ്യത്തെ ഒന്നാംകിട ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളാണ്. ആഥര്‍ 450 എക്സ്, 450 പ്ലസ് എന്നീ മോഡലുകളാണ് ഇവര്‍ ഇപ്പോള്‍ വിപണിയിലെത്തിക്കുന്നത്. 450 മോഡലില്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ മാറ്റം വരുത്തി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ആഥര്‍ ഗ്രിഡ് എന്ന പേരില്‍ ഫാസ്റ്റ് ചാര്‍ജിങ് നെറ്റ് വര്‍ക്കും കമ്പനിയുടേതാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി 200 അതിവേഗ ചാര്‍ജിങ് സംവിധാനവും കമ്പനിക്കുണ്ട്.