
ന്യൂഡല്‍ഹി: ഒരു യുദ്ധം വന്നാല്‍ നേരിടാന്‍ മാത്രം ഇന്ത്യയുടെ ആയുധശേഖരം പര്യാപ്തമല്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി.എ.ജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിച്ച മൂന്നു വര്‍ഷങ്ങളിലായി ആയുധശേഖരങ്ങളുടെ കാര്യക്ഷമതയും ലഭ്യതയും വര്‍ധിപ്പിക്കാനുള്ള യാതൊരു വിധത്തിലുള്ള ശ്രമങ്ങളും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ സാഹചര്യമനുസരിച്ച് ദീര്‍ഘനാള്‍ നീണ്ടു നില്ക്കുന്ന യുദ്ധം വന്നാല്‍ പ്രതിരോധിക്കാന്‍ സൈന്യത്തിന് കഴിയില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ശക്തിയായാണ് ഇന്ത്യയെ പരിഗണിക്കുന്നത്.
പ്രതിരോധ സേനയുടെ ആയുധശേഖരത്തിന്റെ കുറവുകള്‍ ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സി.എ.ജി പുറത്തു വിട്ടിരിക്കുന്നത്.
2013 ലെ കണക്കനുസരിച്ച് 15-20 ദിവസം നീണ്ടു നില്ക്കുന്ന ഒരു യുദ്ധം ഉണ്ടായാല്‍ അതിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ പോരുന്ന ആയുധങ്ങള്‍ സൈന്യത്തിനില്ലെന്ന് ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ സി.എ.ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ആയുധ ശേഖരത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായി 16500 കോടി രൂപ പ്ലാന്‍ 2013ല്‍ പ്രതിരോധ മന്ത്രാലയം മുന്നോട്ട് വച്ചിരുന്നു. 2019ഓടെ ഈ കുറവ് പരിഹരിക്കുന്ന വിധത്തിലായിരുന്നു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നത്.
എന്നാല്‍, ഈ പദ്ധതിയില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യത്തിന്റെ കൈവശമുള്ള 152 തരം ആയുധങ്ങളില്‍ 55 ശതമാനവും കാര്യക്ഷമമല്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാക്കിയുള്ളത് വച്ച് സൈന്യത്തിന് പത്ത് ദിവസത്തില്‍ കൂടുതല്‍ പിടിച്ചു നില്ക്കാന് സാധിക്കില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര നേതൃത്വത്തിലുള്ള ആയുധസംഭരണ ശാലയായ ഒ.എഫ്.ബി(ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ്) ആണ് സൈന്യത്തിന് ആവശ്യമായതിന്റെ 90 ശതമാനം ആയുധങ്ങളും വിതരണം ചെയ്യുന്നത്. ശേഷിക്കുന്ന 10 ശതമാനം മറ്റെവിടുന്നെങ്കിലും വാങ്ങണം. എന്നാല്‍ സൈന്യം മുന്‍കൈ എടുത്ത് വാങ്ങാന്‍ ആവശ്യപ്പെട്ട ആയുധങ്ങളുടെ ലിസ്റ്റിന് ഇതുവരെ അനുമതിയോ പരിഗണനയോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2009ലാണ് ലിസ്റ്റ് സമര്‍പ്പിച്ചത്.
Comments are closed for this post.