2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘നിയമനം നല്‍കാം, സാവകാശം വേണം’ അഖില്‍ സജീവും ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

‘നിയമനം നല്‍കാം, സാവകാശം വേണം’ അഖില്‍ സജീവും ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

   

മലപ്പുറം: നിയമന കോഴ വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. നിയമനം നല്‍കാമെന്നും ഇതിന് സാവകാശം വേണമെന്നുമാണ് അഖില്‍ സജീവ് സംഭാഷണത്തില്‍ പറയുന്നത്. പൊലിസില്‍ പരാതി നല്‍കരുതെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇനിയും കാത്തിരിക്കാന്‍ ആകില്ലെന്നും പൊലിസിനെ സമീപിക്കേണ്ടി വരുമെന്നും ഹരിദാസന്‍ പറയുന്നതും സംഭാഷണത്തില്‍ ഉണ്ട്.

ഹരിദാസിനെ പരിചയമില്ലെന്ന് അഖില്‍ സജീവ് പറഞ്ഞതിന് പിന്നാലെയാണ് ഹരിദാസന്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. വിവരാവകാശ പ്രകാരം ഹോമിയോ വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ ഒഴിവില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് ഹരിദാസ് പറയുന്നുണ്ട്. എന്നാല്‍ നിയമനം എന്തായാലും നല്‍കുമെന്നും അതിനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്നും അഖില്‍ മറുപടി നല്‍കുന്നു. രണ്ടാഴ്ച കൂടി സമയം തരണമെന്നും 20ാം തീയതിക്കകം കാര്യങ്ങള്‍ക്ക് തതീരുമാനം ആക്കിത്തരാമെന്നും അഖില്‍ പറയുന്നു.

അതേസമയം പരാതിക്കാരനായ ഹരിദാസന്‍ കോഴ കൊടുത്തെന്ന് പറയുന്ന ഏപ്രില്‍ 10 ന് വൈകീട്ട് മന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യു പത്തനംതിട്ടയില്‍ എന്ന് തെളിയിക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. അടുത്ത ബന്ധുവിന്റെ കല്യാണ ചടങ്ങില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അഖില്‍ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്ന് കുടുംബവും മന്ത്രിയുടെ ഓഫിസും പറയുമ്പോള്‍ പണം നല്‍കി എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹരിദാസന്‍.

വിവാദത്തില്‍ പരാതി കിട്ടിയിട്ടും പൊലിസിന് കൈമാറാന്‍ വൈകിപ്പിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി സംശയത്തിലാണ്. പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്ത് ബാസിത് ആഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫിസില്‍ നേരിട്ടെത്തി പരാതി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ ഓഫിസില്‍ നിന്നും പൊലീസില്‍ പരാതി നല്‍കുന്നത് ഈ മാസം 23ന് മാത്രമായിരുന്നു. പരാതി കിട്ടിയത് ഇന്നലെയെന്നാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറുടെ വിശദീകരണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.