2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വ്യാജപ്രചരണങ്ങളെയും മനുഷ്യത്വവിരുദ്ധ ആഹ്വാനങ്ങളെയും ഭക്തജനസമൂഹം തള്ളിക്കളഞ്ഞെന്ന് മേയര്‍ ആര്യ; പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ഇഷ്ടികകള്‍ നഗരസഭ ശേഖരിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ഇഷ്ടികകള്‍ ഇതുവരെ തിരുവനന്തപുരം നഗരസഭ ശേഖരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ഇന്നും നാളെയുമായി ബാക്കിയുള്ളവയും ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയര്‍ പറഞ്ഞു. ഇതു ബന്ധപ്പെട്ട് ചില സാമൂഹ്യവിരുദ്ധ മനസ്സുള്ളവര്‍ വ്യാജപ്രചരണം നടത്തിവരുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എല്ലാ വ്യാജപ്രചാരണങ്ങളെയും മനുഷ്യത്വവിരുദ്ധ ആഹ്വാനങ്ങളെയും നല്ലവരായ മഹാഭൂരിപക്ഷം ഭക്തജനസമൂഹം തള്ളിക്കളഞ്ഞത് പൊങ്കാല ദിവസം കണ്ടതാണെന്നും മേയര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിനാണ് കല്ലുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ കൂടുതല്‍ അര്‍ഹരായവര്‍ക്ക് കട്ടകള്‍ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും, കട്ടകള്‍ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കള്‍ അപേക്ഷകള്‍ മേയറുടെ ഓഫീസില്‍ നല്‍കുന്നതിന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍, ആശ്രയ ഗുണഭോക്താക്കള്‍, വിധവ/വികലാംഗര്‍, മാരകരോഗം ബാധിച്ചവര്‍, കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കട്ടകള്‍ ആവശ്യമുള്ളവര്‍ 13.03.2023 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി അപേക്ഷകള്‍ നഗരസഭ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.നിലവില്‍ 25 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി നഗരസഭ നടത്തിയ ഈ പ്രവര്‍ത്തിയോട് സഹകരിച്ച എല്ലാ നല്ലവരായ മനുഷ്യര്‍ക്കും നന്ദിയും കടപ്പാടും രേഖപെടുത്തുന്നുവെന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.