2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഭരണഘടനയെ കൊഞ്ഞനംകുത്തുന്ന വെടിയൊച്ചകള്‍

 


റജിമോന്‍ കുട്ടപ്പന്‍

തത്സമയ ടി.വി സംപ്രേഷണത്തിനിടെയാണ് തട്ടിക്കൊണ്ടുപോകല്‍ കേസ് പ്രതിയും പാര്‍ലമെന്റ്, നിയമസഭാ മുന്‍ അംഗവുമായിരുന്ന ആതിഖ് അഹ്മദും സഹോദരനും പൊലിസ് കസ്റ്റഡിയിലായിരിക്കേ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ നിയമവാഴ്ചയെക്കുറിച്ച് ഗൗരവ ചോദ്യങ്ങളാണ് ഈ സംഭവം ഉന്നയിക്കുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രയിലേക്ക് കൊണ്ടുപോകവേയാണ് ആതിഖ് അഹ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹ്മദിനെയും പത്രപ്രവര്‍ത്തകരെന്ന വ്യാജേന സംഭവസ്ഥലത്തെത്തിയവര്‍ വെടിവെച്ചു വീഴ്ത്തിയത്. കുറ്റവാളികള്‍ മൂന്നുപേരും ഉടന്‍ പൊലിസില്‍ കീഴടങ്ങുകയും ചെയ്തു.


പത്തൊമ്പതുകാരനായ മകന്‍ അസദ് അഹ്മദും സുഹൃത്തും പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് ആതിഖ് അഹ്മദിന്റെ കൊലപാതകം. അറുപതുകാരനായ ആതിഖ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ 2019 മുതല്‍ ജയിലിലായിരുന്നു. അഞ്ച് തവണ എം.എല്‍.എയായിരുന്ന ആതിഖ് 2004ല്‍ എം.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ നൂറിലധികം കേസുകളുണ്ടെന്നാണ് ഏകദേശ കണക്കുകള്‍. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പിതാവിന്റേയും സഹോദരങ്ങളുടേയും പാത പിന്തുടര്‍ന്ന് അവരുടെ കൂടെ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിരുന്നു പത്തൊമ്പതുകാരനായ അസദ് അഹ്മദും. ഈയടുത്തു നടന്ന കൊലപാതക കേസില്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയവേയാണ് ഝാന്‍സിയില്‍ വെച്ച് വ്യാഴാഴ്ച പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അസദിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. അഥവാ, കഴിഞ്ഞയാഴ്ച നിയമസഭയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്, എല്ലാ ഗുണ്ടകളേയും ‘മിട്ടി മേ മിലാ ദൂങ്കാ’ അഥവാ എല്ലാറ്റിനേയും മണ്ണാക്കും എന്നാണ്. ആ പറഞ്ഞത് അച്ചട്ടായതുപോലെ നാലു പേരാണ് മണ്ണോടു ചേര്‍ന്നത്.


ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശങ്ങളാണ് ഉറപ്പാക്കുന്നത്. എന്നാല്‍ ഈ തുല്യാവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും തുല്യമായി അനുഭവിക്കാന്‍ സാധിക്കുന്നുണ്ടോ എന്നത് സംശയമാണ്. ജനാധിപത്യ ഇന്ത്യയില്‍, നിയമവാഴ്ച നിലനില്‍ക്കുന്നൊരിടത്ത് ഇതേ ഭരണകൂടത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ തന്നെ കസ്റ്റഡി കൊലപാതകങ്ങളിലൂടെയും ഏറ്റുമുട്ടലുകളിലൂടെയും പലരുടെയും നിയമപരമായ അവകാശങ്ങളെയും കവര്‍ന്നെടുക്കുന്നതാണ് കാണുന്നത്. ഇത്തരം കൊലകള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളെ മാത്രമല്ല, മനുഷ്യാവകാശങ്ങളെ കൂടിയാണ് കവര്‍ന്നെടുക്കുന്നത്. ഇവിടെയാണ് എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളെപ്പറ്റിയുള്ള ബോധ്യമുണ്ടാകേണ്ടത്. എന്താണ് എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍, അല്ലെങ്കില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍? കുറ്റാരോപിതനായ ഒരു വ്യക്തിയുടെ വിചാരണ പൂര്‍ത്തിയായി കോടതി വിധി വരുന്നതിനു മുമ്പുതന്നെ അവരെ ശിക്ഷിക്കുന്നതോ അല്ലെങ്കില്‍ വധിക്കുന്നതോ ആണ് എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍. ഈ വാചകത്തില്‍നിന്നു വ്യക്തമാകുന്നതുപോലെത്തന്നെ, ഇത്തരം നടപടികള്‍ കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും കുറ്റാരോപിതനായ വ്യക്തിക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ്. കുറ്റാരോപിതനായ വ്യക്തിയുടെ ഭാഗം എന്തെന്ന് കോടതി മുമ്പാകെ വ്യക്തമാക്കാനുള്ള അവകാശത്തിനുള്ള അവസരം കൂടിയാണ് നഷ്ടമാകുന്നത്.


ഇന്ത്യന്‍ ഭരണഘടനാ 14,21,22 ആര്‍ട്ടിക്കിളുകളുടെ പ്രത്യക്ഷലംഘനമാണ് ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും കസ്റ്റഡി അതിക്രമങ്ങളും. ഈ സംഭവങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയേയും അതിനെ അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയേയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുകയുമാണ് ചെയ്യുന്നത്. കുറ്റാരോപിതരായവര്‍ക്ക് ഭരണഘടനാപരമായ മാന്യപരിഗണന ലഭിക്കുന്നില്ലെന്നു മാത്രമല്ല, ഇന്ത്യയില്‍ കസ്റ്റഡി അതിക്രമങ്ങള്‍ വളരെ വലിയ തോതില്‍ നടക്കുന്നുമുണ്ട് എന്നതാണ് വസ്തുത. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇതേ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ പോലും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നിമയവാഴ്ചയെ അക്രമോത്സുക്തമാക്കുന്നതാണ് നാം കാണുന്നത്. മലീമസമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും പൊലിസ് വാഴ്ചയുമാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ കാര്യക്ഷമതയെ ഇല്ലാതാക്കുന്നത്.


സ്വയംപ്രതിരോധത്തിനും ക്രമസമാധാനനില തകരുമെന്ന ഘട്ടത്തിലും മാത്രമേ പൊലിസ് സേനക്ക് ഏതൊരു ക്രിമിനലിനെയും അപായപ്പെടുത്താനുള്ള അവകാശമുള്ളൂ. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 96 പ്രകാരം ഏതു വ്യക്തിക്കും സ്വയരക്ഷയ്ക്ക് പ്രകൃത്യാ, സഹജമായ അവകാശമുണ്ട്. ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ നാല്‍പ്പത്തിയാറ് പ്രകാരം തടവിലാക്കപ്പെട്ടയാളെ അറസ്റ്റ് ചെയ്യുന്നതിനോ സാഹചര്യം നിയന്ത്രിക്കുന്നതിനോ വേണ്ടി അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും പറയുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ ബലം പ്രയോഗിക്കുന്നത് ആളപായത്തിനും കാരണമായേക്കും. കസ്റ്റഡി അതിക്രമങ്ങളും മരണങ്ങളും വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് ഇവ നിയന്ത്രിക്കുന്നതിനായി നിയമങ്ങളില്‍ പല ഭേദഗതികളും അടുത്ത കാലത്തായി കൊണ്ടുവന്നിട്ടുണ്ട്.


ക്രിമിനല്‍ നിയമഭേദഗതി 2013 പ്രകാരം സെക്ഷന്‍ 376ല്‍ ഇത്തരത്തിലുള്ള ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ തെളിവുനിയമം, 1872ല്‍ ഭേദഗതി വരുത്തി സെക്ഷന്‍ 114 (എ) കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് ഭേദഗതികളും പൊലിസ് കസ്റ്റഡിയില്‍ വെച്ചുണ്ടാവുന്ന ബലാത്സംഗങ്ങളെ സംബന്ധിച്ചുള്ളതാണ്. ഇന്ത്യന്‍ കുറ്റകൃത്യ നിയമഭേദഗതി, 2005ലെ സി.ആര്‍.പി.സി 176 പ്രകാരം ഒരു വ്യക്തി കസ്റ്റഡിയില്‍ മരണപ്പെടുകയോ കാണാതാവുകയോ പീഡനത്തിനിരയാവുകയോ ചെയ്താല്‍ പൊലിസ് അന്വേഷണത്തിനു പുറമേ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തണം എന്ന നിയമമുണ്ട്. 2008ലെ ക്രിമിനല്‍ ഭേദഗതി നിയമവും കസ്റ്റഡിയിലുള്ള വ്യക്തികളുടെ, ഇരകളുടേയും സാക്ഷികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി നടപ്പാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇവയെല്ലാം ഇവിടെ പ്രാവര്‍ത്തികമാകുന്നുണ്ടോ എന്നത് ആര്‍ക്കുമറിയില്ല.


ഭരണകൂടത്തിന്റെ ഭാഗമായുള്ളവരും മറ്റു പല പ്രബലരും ഇത്തരത്തില്‍ നിയമപരമല്ലാത്ത വിചാരണകള്‍ക്കും ശിക്ഷാനടപടികള്‍ക്കും നേതൃത്വം കൊടുക്കുന്നത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഫയലില്‍ ഒതുങ്ങുകയല്ലാതെ പരിശോധിക്കാനോ അന്വേഷിക്കാനോ ആരും മെനക്കെടാറില്ല. നൈജീരിയ, ഇന്ത്യ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, പാകിസ്താന്‍, നികരാഗ്വ തുടങ്ങി അനവധി രാജ്യങ്ങളിലായി നിരവധി എക്‌സ്ട്രാ ജുഡീഷ്യല്‍ മരണങ്ങളുടെ, കൊലപാതകങ്ങളുടെ കേസുകള്‍ ഒന്നുമാവാതെ കിടക്കുന്നുണ്ട്. കൂടാതെ, ഇവിടെയെല്ലാം കസ്റ്റഡി അതിക്രമങ്ങളും വ്യാജ ഏറ്റുമുട്ടലുകളും കസ്റ്റഡി മരണങ്ങളും വലിയ തോതില്‍ തുടര്‍ന്നുപോരുന്നുമുണ്ട്.
2022 ജനുവരിയിലെ ഒരു പത്രവാര്‍ത്ത പ്രകാരം 2017 ജനുവരി ഒന്നു മുതല്‍ 2022 ജനുവരി 31 വരെ 655 പൊലിസ് ഏറ്റുമുട്ടല്‍ കേസുകളാണ് രാജ്യത്തൊട്ടാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 191 എണ്ണം ഛത്തീസ്ഗഢില്‍ നിന്നാണ്. 117 കേസുകളുമായി തൊട്ടുപുറകെ ഉത്തര്‍പ്രദേശുമുണ്ട്. ഛത്തീസ്ഗഢില്‍ ഇത്തരം ഏറ്റുമുട്ടലുകളില്‍ മരണപ്പെട്ടവരെല്ലാം നിഷ്‌കളങ്ക ഗ്രാമീണരോ മാവോയിസ്റ്റ് അനുഭാവികളോ അല്ലെങ്കില്‍ മാവോയിസ്റ്റുകളോ ആണ്. ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കു പുറമേ, അസം 50, ജാര്‍ഖണ്ഡ് 49, ഒഡിഷ 36, ജമ്മുകശ്മിര്‍ 35, മഹാരാഷ്ട്ര 26, ബിഹാര്‍ 22 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകള്‍ ഒന്നു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവ ഗോവ, മിസോറം, സിക്കിം, ത്രിപുര, ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ദിയു, ലഡാക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയാണ്.


ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇന്ത്യയുടെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതും സംശയത്തിന്റെ നിഴലിലാക്കുന്നതുമാണെന്നതിനാല്‍ ഇത്തരം കേസുകള്‍ സ്വതന്ത്രമായി അന്വേഷിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടെന്നും ആ നിയമം സംരക്ഷിക്കാനും നടപ്പാക്കാനും ബാധ്യസ്ഥരായവരും സമൂഹവും നിയമത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നുണ്ടെന്നതും ഉറപ്പുവരുത്തണം. കുറ്റാരോപിതര്‍ക്ക് ശക്തവും സുരക്ഷിതവുമായ കസ്റ്റഡി ഏര്‍പ്പെടുത്തിയാലേ ഇവരില്‍ നിന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേ അതിക്രമങ്ങള്‍ സംഭവിക്കാതിരിക്കൂ. ഇവിടുത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ ആവശ്യമായ നവീകരണം നടത്തേണ്ടതും പൊലിസ് സംവിധാനത്തിനകത്തും ആവശ്യമായ പരിഷ്‌കരണങ്ങളും നടത്തിയാല്‍ മാത്രമേ ഇത്തരം അവകാശലംഘനങ്ങളെ മറികടക്കാനാവൂ. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഓരോ പൗരന്റെയും ജീവന് സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങള്‍ ഇവിടെ നടപ്പാക്കേണ്ടതുണ്ട്. ഓരോ മനുഷ്യജീവന്റെ മൂല്യത്തെപ്പറ്റിയും അത് കുറ്റവാളിയാവട്ടെ ഇരയാവട്ടെ പൊലിസ് ഉദ്യോഗസ്ഥനാവട്ടെ സമൂഹത്തില്‍ നീതിയധിഷ്ഠിതമായ അവബോധം ഉണ്ടാവേണ്ടതുണ്ട്. എന്നാലേ ആത്യന്തികമായി ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാവുകയും ഇന്ത്യയില്‍ രാഷ്ട്രീയ സുരക്ഷിതത്വം സാധ്യമാവുകയുമുള്ളൂ.


അതിനിടെ, യു.പിയില്‍ പരീക്ഷ കഴിഞ്ഞ വീട്ടിലേക്കുമടങ്ങിയ കോളജ് വിദ്യാര്‍ഥിനിയെ രണ്ടുപേര്‍ ബൈക്കില്‍ വന്നു വെടിവച്ചു കൊന്നു എന്ന വാര്‍ത്ത ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. വിദ്യാര്‍ഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതികളില്‍ ഒരാള്‍ പിടിയില്‍. പൊലിസിനെ വെടിവെച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പൊലിസ് വെടിവയ്പ്പില്‍ അദ്ദേഹത്തിന് കാലിനു പരുക്കേറ്റു. പ്രതി ആശുപത്രിയിലാണ്. രണ്ടാമത്തെ പ്രതിയെ കിട്ടിയിട്ടില്ല. മനുഷ്യജീവനു വിലയില്ലാത്ത യു.പി. അല്ലാതെ എന്താണ് കൂടുതല്‍ എഴുതാനുള്ളത്.

Atiq Ahmad, a former Member of Parliament and Legislative Assembly, and his brother were shot dead while in police custody.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.