കൊൽക്കത്ത: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ വ്യാപക അക്രമം. നാല് പേരാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്ന് പാർട്ടി ട്വീറ്റിലൂടെ അറിയിച്ചു.
ഇന്നലെ രണ്ടു പേരും ഇന്ന് രാവിലെ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. മുർഷിദാബാദിലെ ബെൽദംഗയിലാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചത്. കൂച്ച്‌ബിഹാറിലെ തുഫാൻഗുഞ്ചിൽ കുത്തേറ്റാണ് മറ്റൊരു പ്രവർത്തകൻ മരിച്ചത്. വെള്ളിയാഴ്ച ഖാർഗ്രാമിൽ ഒരാൾ കുത്തേറ്റ് കൊല്ലപ്പെട്ടു. റെജിനഗറിൽ പെട്രോൾ ബോംബ് സ്‌ഫോടനത്തിലാണ് മറ്റൊരാൾ കൊല്ലപ്പെട്ടത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ കേന്ദ്രങ്ങളിൽ അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോളിംഗ് സ്റ്റേഷനിൽ കയറി അക്രമം നടത്തിയ സംഘം ബാലറ്റ് ഉൾപ്പെടെ കത്തിച്ചതായി ബംഗാളിൽ നിന്ന് വിവരങ്ങൾ പുറത്തുവരുണ്ട്. സിപിഐഎം, തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, ബിജെപി പ്രവർത്തകർ തമ്മിൽ പലയിടത്തും തർക്കം തുടരുകയാണ്.
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വിവിധ അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 23 പേരാണ് കൊല്ലപ്പെട്ടത്. ക്രമസമാധാന പാലനത്തിന് ഹൈക്കോടതി നിർദേശ പ്രകാരം 882 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
Comments are closed for this post.