2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; 113 മരണം, 150ലേറെ പേര്‍ക്ക് പരുക്ക്

ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; 113 മരണം, 150ലേറെ പേര്‍ക്ക് പരുക്ക്

ബാഗ്ദാദ്: ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ തീപിടിത്തത്തില്‍ 113 മരണം.വടക്കന്‍ ഇറാഖിലെ നിനേവ പ്രവിശ്യയില്‍ ആണ് അപകടം. നൂറ്റമ്പതിലേറെ ആളുകള്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ വധുവരന്‍മാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ ഒരു ഇവന്റ് ഹാളിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം ഏകദേശം 10:45 ന് (19:45 GMT) ആയിരുന്നു അപകടം. ആഘോഷത്തിനിടെ ഉപയോഗിച്ച പടക്കങ്ങളാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ഇറാഖ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പടക്കം പൊട്ടിച്ചപ്പോഴുണ്ടായ തീപ്പൊരി ചിതറിത്തെറിക്കുകയായിരുന്നു. ഹാളിലുണ്ടായിരുന്ന പ്രീഫാബ്രിക്കേറ്റഡ് ചാനലുകളാണ് ദുരന്തത്തിന് ആക്കം കൂട്ടിയത്. പെട്ടെന്ന് തീപിടക്കുന്ന ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് അലങ്കാരത്തിന് ഉപയോഗിച്ചതെന്നാണ് സൂചന.

തീപിടിത്തത്തില്‍ സീലിങ്ങിന്റെ ചില ഭാഗങ്ങള്‍ ഇടിഞ്ഞുവീണിരുന്നു. ചെലവ് കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാള്‍ നിര്‍മിച്ചതെന്നും ആരോപണമുണ്ട്.

പരുക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി മേഖലാ ഗവര്‍ണര്‍ ഐഎന്‍എയോട് പറഞ്ഞു. മരണങ്ങളുടെയും പരുക്കുകളുടെയും എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   

തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ (ഏകദേശം 250 മൈല്‍) വടക്കുപടിഞ്ഞാറായി വടക്കന്‍ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.