2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാപ്പു പറഞ്ഞപ്പോള്‍ കൈപ്പാങ്ങിന് കിട്ടിയിരുന്നെങ്കില്‍…രേവത് ബാബുവിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ

മാപ്പു പറഞ്ഞപ്പോള്‍ കൈപ്പാങ്ങിന് കിട്ടിയിരുന്നെങ്കില്‍…രേവത് ബാബുവിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ

ആലുവ: അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത ചാലക്കുടി സ്വദേശിക്കെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ. കര്‍മ്മങ്ങള്‍ ചെയ്യാന്‍ രേവത് ബാബു സ്വയം തയ്യാറായതാണെന്നും എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചെന്നും എംഎല്‍എ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായതിനാല്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ആരും തയ്യാറാകാത്തതിനാലാണ് താന്‍ മുന്നോട്ടുവന്നതെന്നായിരുന്നു രേവത് പറഞ്ഞത്. എന്നാല്‍ രേവതിന്റെ വാദം കളവാണെന്ന് തുടര്‍ന്നുള്ള മണിക്കൂറുകളില്‍ വ്യക്തമായി. തുടര്‍ന്ന് മാപ്പുചോദിച്ച് രേവത് രംഗത്തുവരികയും ചെയ്തിരുന്നു.

രേവത് കര്‍മങ്ങള്‍ ചെയ്യാന്‍ യോഗ്യനല്ലെങ്കില്‍ അതിനെ നിയമപരമായി നേരിടണമെന്നും എംഎല്‍എ അറിയിച്ചു. രേവത് മാപ്പു പറഞ്ഞെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘മാപ്പു പറഞ്ഞപ്പോള്‍ കൈപ്പാങ്ങിന് ഉണ്ടായിരുന്നെങ്കില്‍ അതാണ് ചെയ്യേണ്ടിയിരുന്നത്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘എനിക്കൊരു മുണ്ട് തന്നാല്‍ മതി ഞാന്‍ ചെയ്‌തോളാമെന്ന് പറഞ്ഞാണ് അയാള്‍ ഇത് ഏറ്റെടുത്തത്. അവര്‍ നോക്കുമ്പോള്‍ വേറെ ആളെ അന്വേഷിക്കാനുള്ള സമയമില്ല. അങ്ങനെയാണ് ഈ കക്ഷി കര്‍മങ്ങള്‍ ചെയ്യുന്നത്. ഈ കുട്ടിക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യണ്ടേ എന്നൊരു അഭിപ്രായം ആ ഹാളില്‍ നില്‍ക്കുമ്പോള്‍ വന്നു. അങ്ങനെയാണ് ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞത് അനുസരിച്ച് കുട്ടിയുടെ ബന്ധുക്കളോടു ചോദിച്ചു. ആദ്യം കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞത് അഞ്ചു വയസ്സ് പ്രായം മാത്രമുള്ളതു കൊണ്ട് കര്‍മം ചെയ്യേണ്ട എന്നാണ്. പിന്നീട് അവര്‍ കര്‍മം ചെയ്താല്‍ നല്ലതാണെന്നു പറഞ്ഞു. തുടര്‍ന്നാണ് രാജി രമണന്‍ ചേലാത്ത് എന്ന പഞ്ചായത്ത് മെമ്പറോട് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആളെ വേണമെന്ന് പറഞ്ഞത്.’ അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.

‘പിന്നാലെ, രമണന്‍ കര്‍മ്മങ്ങളുടെ സാധനങ്ങള്‍ വാങ്ങിവച്ച് കര്‍മിയെ അന്വേഷിച്ചു നടക്കുന്നതിനിടെയാണ് രേവത് എന്നയാള്‍ അയാള്‍ കര്‍മ്മം ചെയ്യാമെന്നു പറഞ്ഞ് സ്വയം മുന്നോട്ടു വന്നത്. കര്‍മ്മങ്ങളെല്ലാം അയാള്‍ ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ഒരു ചാനലിന് അഭിമുഖം കൊടുക്കുന്നതാണ് കണ്ടത്. മറ്റൊരു സംസ്ഥാനത്തെ കുട്ടിയായതുകൊണ്ട് കര്‍മ്മം ചെയ്യാന്‍ ആരും തയാറായില്ലെന്നും അതിനാല്‍ ഞാന്‍ സ്വയം ഏറ്റെടുത്തെന്നും ഇയാള്‍ പറയുന്നത് കേട്ടു. സത്യം പറഞ്ഞാല്‍ ഇതു കേട്ട് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ അയാളെ അപ്പോ തന്നെ കെട്ടിപ്പിടിച്ചു.’എംഎല്‍എ തുടര്‍ന്നു.

‘ഇതൊക്കെ കഴിഞ്ഞ് തൃശൂരില്‍ വന്നപ്പോഴാണ് ഇയാള്‍ ആരാണെന്ന് അറിയുന്നത്. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നു കേട്ടു. അയാള്‍ അത് ചെയ്യാന്‍ യോഗ്യനല്ലെങ്കില്‍ അതിനെ നിയമപരമായി നേരിടണമെന്നും എംഎല്‍എ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.