റിയാദ്: ഇന്ത്യയിൽ നിന്നുള്ള ആസ്‌ത്രസെനിക കൊവിഡ് വൈറസ് വാക്‌സിന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയിട്ടില്ലെന്നും അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതുവരെ ആസ്‌ത്രസെനിക വാക്സിനേഷനായി മുന്നോട്ട് പോകില്ലെന്നും സഊദി ആരോഗ്യ മന്ത്രാലയം. നിലവിൽ രാജ്യത്ത് ഫൈസർ വാക്‌സിനാണ് നല്കികൊണ്ടിരിക്കുന്നത്. പത്ത് മില്യൺ ഡോസ് വാക്‌സിൻ നൽകാനാണ് ഫൈസർ കമ്പനിയുമായി കരാർ ഉണ്ടാക്കാൻ ശ്രമമെന്നും സഊദി പ്രിവന്റീവ് ഹെൽത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുല്ലാഹ് അൽ അസീരി പറഞ്ഞു. റൊട്ടാന ഖലീജിയ ടെലിവിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം 26 ന് ഇന്ത്യയിൽ അസ്‌ത്രസെനിക കൊവിഡ് വാക്‌സിൻ നിർമ്മിച്ച് വിതരണം നടത്തുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അടാർ പൂനവല്ല റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ഒരാഴ്ച്ചക്കകം ഇന്ത്യയിൽ നിന്നും ആസ്‌ത്രസെനിക വൈറസ് വാക്‌സിന് സഊദിയിൽ എത്തിച്ചേരുമെന്നും 5.25 ഡോളർ വീതമുള്ള മുപ്പത് ലക്ഷം ഡോസുകളാണ് സഊദിയിൽ എത്തിക്കുകയെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഇത് സംബന്ധമായി യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല.
ഇന്ത്യയിൽ നിന്നും വാക്‌സിൻ സഊദിയിൽ എത്തുന്നതോടെ നേരിട്ടുള്ള വിമാന സർവീസിനും സാധ്യതയുണ്ടെന്നുമുള്ളതടക്കമുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ, ഇത് വരെ സഊദി അധികൃതർ ഇതിന് അംഗീകാരം നൽകിയിട്ടില്ലെന്നാണ് ഇന്നത്തെ പ്രസ്താവനയോടെ വ്യക്തമാകുന്നത്.
Comments are closed for this post.