2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആസ്റ്റര്‍ ഇന്ത്യയിലും ജിസിസിയിലും ഇനി സ്വതന്ത്ര കമ്പനികള്‍

നടപടി മൂല്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി.
ആസ്റ്റര്‍ ജിസിസിയില്‍ നിക്ഷേപം നടത്താന്‍ ഫജര്‍ ക്യാപിറ്റല്‍ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി കരാര്‍.

ബംഗളൂരു: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ അതിന്റെ അനുബന്ധ സ്ഥാപനമായ അഫിനിറ്റി ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അംഗീകാരത്തോടെ ആസ്റ്റര്‍ ഇന്ത്യ, ജിസിസി എന്നിങ്ങനെ രണ്ട് സ്വതന്ത്ര കമ്പനികളായി മാറി. പദ്ധതി പ്രകാരം ആസ്റ്ററിന്റെ ജിസിസി ബിസിനസില്‍ നിക്ഷേപിക്കുന്നതിന് യുഎഇ ആസ്ഥാനമായ പരമാധികാര ഉടമസ്ഥതയിലുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കണ്‍സോര്‍ഷ്യവുമായി അഫിനിറ്റി ഹോള്‍ഡിംഗ്‌സ് ഒരു നിശ്ചിത കരാറില്‍ ഏര്‍പ്പെട്ടു.
ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ എമിറേറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി, അല്‍ ദൗ ഹോള്‍ഡിംഗ് കമ്പനി (അല്‍സെയര്‍ ഗ്രൂപ്പിന്റെ നിക്ഷേപ വിഭാഗം), ഹന ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (ഒലയാന്‍ ഫിനാന്‍സിംഗ് കമ്പനിയുടെ അനുബന്ധ സ്ഥാപനം), വഫ്ര ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവയും ഉള്‍പ്പെടുന്നു. ഇടപാട് ചര്‍ച്ച ചെയ്ത അഫിനിറ്റി ബോര്‍ഡും അതിന്റെ പ്രതിനിധികളും ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വാഗ്ദാനം ചെയ്യുന്ന അനുകൂലമായ മൂല്യ നിര്‍ണയത്തെയും മറ്റ് നിബന്ധനകളെയും കുറിച്ച് പോസിറ്റീവായ കാഴ്ചപ്പാടാണ് രൂപപ്പെടുത്തിയത്.
1987ല്‍ യുഎഇയിലെ ദുബായില്‍ ഒരു ക്‌ളിനിക്കിലൂടെ ഡോ. ആസാദ് മൂപ്പന്‍ സ്ഥാപിച്ച സ്ഥാപനമാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറായി വളര്‍ന്നത്. രോഗികളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്രാഥമിക, ദ്വിതീയ, തൃതീയ, ക്വാര്‍ട്ടണറി ആരോഗ്യ പരിചരണ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുന്‍നിര സംയോജിത സ്വകാര്യ സേവന ദാതാവായി ആസ്റ്റര്‍ പിന്നീട് വളര്‍ന്നു. ഇന്ത്യയില്‍, ആസ്റ്ററിന് 19 ആശുപത്രികള്‍, 13 ക്‌ളിനിക്കുകള്‍, 226 ഫാര്‍മസികള്‍, 251 പേഷ്യന്റ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ എന്നിവയിലൂടെ 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുദിനം വളരുന്ന മികച്ച ശൃംഖലയുണ്ട്. അതേസമയം, ഗള്‍ഫില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലായി 15 ആശുപത്രികളും 118 ക്‌ളിനിക്കുകളും 276 ഫാര്‍മസികളുമായി ആസ്റ്റര്‍ ശക്തമായ സാന്നിധ്യവും പ്രശസ്തിയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യ-ജിസിസി ബിസിനസുകള്‍ സ്വതന്ത്ര കമ്പനികളാകുന്നതോടെ, ഇരു സ്ഥാപനങ്ങള്‍ക്കും പ്രാദേശിക ആരോഗ്യ സംരക്ഷണ രംഗത്തെ രണ്ട് വ്യത്യസ്ത മുന്‍നിര സ്ഥാപനങ്ങളായി മാറാന്‍ സാധിക്കും. വളരുന്ന വിപണി ആവശ്യകതയിലും രോഗികളുടെ മുന്‍ഗണനകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും, സാമ്പത്തിക സ്വാതന്ത്ര്യത്തോടെ മുന്നോട്ട് പോകാനും ഇത് സഹായിക്കും. ഇന്ത്യ, ജിസിസി സ്ഥാപനങ്ങള്‍ വ്യത്യസ്ത സമര്‍പ്പിത മാനേജ്‌മെന്റ് ടീമുകളാലായിരിക്കും പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുക. കൂടാതെ, ഇന്ത്യന്‍-ജിസിസി വിപണികളില്‍ ഭാവിയിലെ വളര്‍ച്ചയെ സഹായിക്കുന്ന പ്രത്യേക നിക്ഷേപക അടിത്തറ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രയോജനമാവുകയും രണ്ട് സ്ഥാപനങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഡോ. ആസാദ് മൂപ്പന്‍ ആസ്റ്ററിന്റെ സ്ഥാപകനും ചെയര്‍മാനുമായി തുടരുന്നതിനൊപ്പം, ഇന്ത്യയുടെയും ജിസിസി സ്ഥാപനങ്ങളുടെയും മേല്‍നോട്ടവും വഹിക്കും. ഒരു സമ്പൂര്‍ണ ജിസിസി ഓപ്പറേറ്റിങ്ങ് കമ്പനി എന്ന നിലയിലെത്തുന്നതുവരെയുള്ള ദീര്‍ഘകാല നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന അലീഷ മൂപ്പന് ജിസിസി ബിസിനസ്സിന്റെ മാനേജിങ്ങ് ഡയറക്ടര്‍, ഗ്രൂപ് സിഇഒ എന്നീ പദങ്ങളിലേക്ക് സ്ഥാനക്കയറ്റം നല്‍കും. ഡോ. നിതീഷ് ഷെട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ ഇന്ത്യന്‍ കമ്പനിയെ നയിക്കുന്നത് തുടരും. ഓഹരിയുടമകള്‍ക്ക് മൂല്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ബിസിനസിന്റെ വളര്‍ച്ചയില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യ, ജിസിസി എന്നിവിടങ്ങളില്‍ സ്വതന്ത്ര കമ്പനികളെ രൂപപ്പെടുത്താനുള്ള തന്ത്രപരമായ തീരുമാനം രണ്ട് സ്ഥാപനങ്ങള്‍ക്കും ന്യായമായ മൂല്യം സ്ഥാപിക്കാനുള്ള യുക്തിയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. അതത് വിപണികളിലെ വളര്‍ച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രണ്ട് ഭൂമിശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ മികച്ച സ്ഥാപനങ്ങളാിയി മുന്നേറാന്‍ ഇത് അവസരം സൃഷ്ടിക്കുന്നു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഇന്ത്യയിലെ ബിസിനസ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം മടങ്ങ് വളര്‍ച്ചയില്‍ സ്ഥിരമായ പുരോഗതി കൈവരിച്ച് മുന്നോട്ടു പോകുമ്പോള്‍, ഭൂമിശാസ്ത്രപരമായ വിപുലീകരണത്തിലൂടെ മൂല്യം വര്‍ധിപ്പിക്കാനും വിവിധ സാമ്പത്തിക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വരുമാനം വൈവിധ്യവത്കരിക്കാനും, തൃതീയ പരിചരണത്തിലേക്കും ഡിജിറ്റല്‍ ഹെല്‍ത്തിലേക്കും വ്യാപിപ്പിച്ച് സുപ്രധാന അവസരം പ്രയോജനപ്പെടുത്താനും ഈ നടപടി ജിസിസി പ്രവര്‍ത്തനങ്ങളെയും പ്രാപ്തമാക്കുമെന്ന് ആസ്റ്റര്‍ ജിസിസി ബിസിനസിന്റെ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ സിഇഒയുമായി നിയമിതയാകുന്ന അലീഷ മൂപ്പന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.