നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍.ആര്‍.സി)യുടെ പേരില്‍ പിറന്നമണ്ണില്‍ അന്യരാകുകയാണ് അസമിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍. ജന്മനാട്ടില്‍ പൗരത്വം തെളിയിക്കേണ്ട ഗതികേടിലാണിവര്‍. ജീവിതം ചോദ്യചിഹ്നമാണ് പലര്‍ക്കും. അസമില്‍ നിന്ന് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സുപ്രഭാതം ലേഖകന്‍ കെ.എ സലിം തയാറാക്കുന്ന പരമ്പര ഇന്നു മുതല്‍
അസംപൗരത്വപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ആശങ്കകള്‍ക്കും നെടുവീര്‍പ്പുകള്‍ക്കുമിടയിലും ശാന്തമാണ് അസം. വരാനിരിക്കുന്നത് എന്താണെന്ന് ആര്‍ക്കുമറിയില്ല.
സുരക്ഷ മുന്‍ നിര്‍ത്തി 51 കമ്പനി കേന്ദ്രസേനയെ അസമിലേക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ കേന്ദ്രസേനയെ അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷക്കണക്കിന് പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പാണ്. അവര്‍ക്കായി 47 കോടി രൂപയോളം ചിലവിട്ട് മാഡ്യയില്‍ 3000 പേരെ താമസിപ്പിക്കാവുന്ന വലിയ തടവുകേന്ദ്രം സര്‍ക്കാര്‍ പണിതുവരികയാണ്.
ഇത്തരത്തിലുള്ള 10 തടവുകേന്ദ്രങ്ങള്‍ക്കു കൂടി അനുമതിയായിട്ടുണ്ട്. നിലവിലുള്ള ആറു തടവുകേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്. പുതുതായി 200 ഫോറിനേഴ്‌സ് ട്രൈബ്യൂണലിനും അനുമതിയായി. പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് അവസാന ശ്രമമെന്ന നിലയില്‍ 120 ദിവസത്തിനുള്ളില്‍ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം.
ലക്ഷങ്ങളുടെ അപേക്ഷകള്‍ ട്രൈബ്യൂണല്‍ തള്ളുമെന്ന് ഉറപ്പാണ്. അവരെല്ലാം ഈ തടവുകേന്ദ്രങ്ങളിലേക്ക് നയിക്കപ്പെടും. പിന്നീടെന്ത് എന്ന് ആര്‍ക്കും അറിയില്ല. ചരിത്രത്തില്‍ ഒട്ടേറെ യുദ്ധങ്ങളും പലായനങ്ങളും കുടിയേറ്റങ്ങളും കണ്ട അസം ജനത അതിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ തൊട്ടുമുന്നിലാണുള്ളത്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പിടിയില്ല.
2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ച അന്തിമ കരട് പട്ടികയില്‍ നിന്ന് 41 ലക്ഷം പേരാണ് പുറത്തായത്. അതുകൊണ്ട് തന്നെ പട്ടികയെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും കാര്യമായി പ്രതികരണങ്ങളൊന്നുമില്ല. പട്ടിക വരട്ടെ നോക്കാം എന്നാണ് പൊതുവെയുള്ള നിലപാട്. എന്നാല്‍ ഭരണകക്ഷിയായ ബി.ജെ.പിയാകട്ടെ പട്ടികയെ ഇതിനകം തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പൗരത്വപ്പട്ടികയുടെ മറവില്‍ അസം മുസ്‌ലിംകളുടെ പൗരത്വം എടുത്തു കളഞ്ഞ് തടവുകേന്ദ്രത്തിലയക്കാന്‍ പറ്റുമെന്നാണ് ബി.ജെ.പി കരുതിയത്. എന്നാല്‍ സംഭവിച്ചത് അതല്ല. കരട് പട്ടിക പുറത്തുവിട്ടപ്പോള്‍ പട്ടികയില്‍ നിന്ന് പുറത്തായ 41 ലക്ഷം ആളുകളില്‍ വലിയൊരു വിഭാഗം ബി.ജെ.പിയുടെ വോട്ട്ബാങ്കായ ബംഗാളി കുടിയേറ്റക്കാരായ ഹിന്ദുക്കളാണ്.
മുസ്‌ലികള്‍ കൂടുതലുള്ള ദൂബ്‌റി, സൗത്ത് സല്‍മാറ, കരിംഗഞ്ച് എന്നീ ജില്ലകളിലും കരടില്‍ നിന്ന് ബി.ജെ.പി കണക്കു കൂട്ടിയ അത്രയും പേര്‍ പട്ടികയില്‍ നിന്നു പുറത്തായില്ല. എന്നാല്‍ ഹിന്ദുക്കള്‍ 88.96 ശതമാനമുള്ള ടിന്‍സൂകിയ പോലുളളവയില്‍ കൂടുതല്‍ ആളുകള്‍ പുറത്താകുകയും ചെയ്തു. സൗത്ത് സല്‍മാറയില്‍ 95 ശതമാനമാണ് മുസ്‌ലിംകള്‍. ദുബ്‌റിയില്‍ 79.67 ശതമാനവും കരിംഗഞ്ചില്‍ 56.36 ശതമാനവും മുസ്‌ലിംകളാണ്. ദുബ്‌റിയില്‍ 8.26 ശതമാനം പേരും സൗത്ത് സല്‍മാറയില്‍ 7.22 ശതമാനവുമാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ടിന്‍ സൂക്കിയയില്‍ ഇത് 13.25 ശതമാനമാണ്.
പൗരത്വപ്പട്ടികയെ കാര്യമാക്കേണ്ടതില്ലെന്നും പൗരത്വബില്‍ നിലവില്‍ വരുന്നതോടെ മുസ്‌ലിംകളല്ലാത്ത എല്ലാവര്‍ക്കും പൗരത്വം ലഭിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. അത്തരത്തില്‍ അവര്‍ ഗ്രാമവാസികള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നുമുണ്ട്. അന്തിമമായി പട്ടിക കൊണ്ട് ദുരിതമുണ്ടാകാന്‍ പോകുന്നത് മുസ്‌ലിംകള്‍ക്ക് മാത്രമാണ്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലകളിലെ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ 20 ശതമാനം പേരെ വെരിഫിക്കേഷന്‍ നടത്തണമെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്. ഇക്കാര്യം സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടായി സുപ്രിംകോടതിയില്‍ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ സുപ്രിംകോടതി അംഗീകരിച്ചില്ല. 20 ശതമാനമല്ല 27 ശതമാനം റീ വെരിഫിക്കേഷനുകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന പൗരത്വപ്പട്ടിക കോര്‍ഡിനേറ്റര്‍ പ്രദീഖ് ഹജേലയുടെ നിലപാട് നിര്‍ണായകമാവുകയായിരുന്നു. റീ വെരിഫിക്കേഷന്റെ മറവില്‍ മുസ്‌ലിംകളെ തെരഞ്ഞ് പിടിച്ച് പട്ടികയില്‍ നിന്നു പുറത്താക്കാനുള്ള നീക്കം അതോടെ നടക്കാതെ പോയി. അന്നു മുതല്‍ ബി.ജെ.പി
പട്ടികയ്‌ക്കെതിരാണ്.
പട്ടികയ്‌ക്കെതിരേ സംസാരിക്കുന്നവരെ കോടതിയലക്ഷ്യം ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ബി.ജെ.പി നേതാക്കളും എം.എല്‍.എമാരും പട്ടികയെ പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. പട്ടികയെ വിശ്വസിക്കില്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രണ്‍ജീത് കുമാര്‍ ദാസ് പറയുന്നത്. റീ വെരിഫിക്കേഷന്‍ നടന്നില്ലെങ്കിലും ബി.ജെ.പി ചെയ്യുന്ന ദ്രോഹങ്ങള്‍ ചില്ലറയല്ല. പട്ടികയിലുള്‍പ്പെടുമെന്ന് ഉറപ്പുള്ളവര്‍ക്കെതിരേ വീണ്ടും പരാതി നല്‍കും. 600 കി.മി അകലെയുള്ള അപ്പര്‍ അസമിലെ പൗരത്വ രജിസ്റ്റര്‍ ഓഫിസിലാണ് വെരിഫിക്കേഷന് ചെല്ലേണ്ടത്.
പരാതി കിട്ടിയാല്‍ വീണ്ടും വെരിഫിക്കേഷന് വിളിപ്പിക്കും. ഹിയറിങ് തന്നെ വല്ലാത്തൊരു ദ്രോഹമാണ്. 12 തവണയൊക്കെ വിളിപ്പിക്കും. പൗരത്വ പട്ടിക ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് വരുന്നത് തലേ ദിവസമായിരിക്കും. ഉടന്‍ രേഖകളും നടക്കാന്‍ പോലും വയ്യാത്ത മാതാപിതാക്കളെയും ബന്ധുക്കളെയും താങ്ങിയെടുത്ത് അത്രയും ദൂരം യാത്ര ചെയ്യണം. തിരിച്ചുവന്ന് അല്‍പ ദിവസം കഴിഞ്ഞാല്‍ വീണ്ടും വിളിപ്പിക്കും. അങ്ങനെ ഒരു വിധം പൂര്‍ത്തിയായിക്കഴിയുമ്പോഴാകും പരാതിയുടെ പേരില്‍ വീണ്ടും വിളിപ്പിക്കുന്നത്. തലമുറകളായി ഈ മണ്ണില്‍ താമസിക്കുന്നവരാണ് രേഖകളും പെറുക്കിയെടുത്ത് തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ ഓഫിസുകളില്‍ കയറിയിറങ്ങുന്നത്.
പരമ്പരയുടെ രണ്ടു മുതലുള്ള ഭാഗങ്ങള്‍ താഴെ
മരവിച്ച മനസുമായി അസം ശാന്തമാണ്…(പരമ്പര 1)
അക്ഷരത്തെറ്റ് മതി, പൗരനല്ലാതാവാന്‍ (പരമ്പര 2)
പ്രതീക്ഷയോടെ ലക്ഷങ്ങളില്‍ ഇവരും (പരമ്പര 3)
കൂട്ടത്തോടെ അവരെ നാടുകടത്തിയ ദിവസങ്ങള്‍ (പരമ്പര 4)
19 ലക്ഷം പേരുടെ ഭാവിയെന്ത്? (പരമ്പര 5)
ദൊമുനിയില്‍ ഇവര്‍ക്കായി ഒരുങ്ങുന്നത് കൂറ്റന്‍ തടങ്കല്‍പ്പാളയം-വീഡിയോ
പറ്റുമെങ്കില്‍ മകനെയൊന്ന് കൊണ്ടുവരണം, എനിക്കവനെ ഒന്നു കാണണം
Comments are closed for this post.