2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അസം പൗരത്വപ്പട്ടികയില്‍ നിന്ന് കൂടുതല്‍ മുസ്‌ലിംകളെ പുറത്താക്കാന്‍ നീക്കം; മെമ്മോ പട്ടികയില്‍ എട്ടു ലക്ഷം ജിഹാദികളെന്ന് അസം പബ്ലിക് വര്‍ക്ക്

പുറത്താക്കേണ്ടവരുടെ ലിസ്റ്റ് തേടി ജില്ലാ കലക്ടര്‍മാര്‍ക്ക്

പൗരത്വപ്പട്ടിക കോര്‍ഡിനേറ്ററുടെ മെമ്മോ പട്ടികയില്‍ എട്ടു ലക്ഷം ജിഹാദികളെന്ന് അസം പബ്ലിക് വര്‍ക്ക്

കെ.എ സലിം

ന്യൂഡല്‍ഹി: പത്തൊന്‍പത് ലക്ഷം പേരെ ഒഴിവാക്കികൊണ്ട് തയാറാക്കിയ അസം പൗരത്വപ്പട്ടികയില്‍ നിന്ന് വീണ്ടും കൂടുതല്‍ മുസ്‌ലിംകളെ പുറത്താക്കാന്‍ നീക്കം. പൗരത്വപ്പട്ടികയില്‍ അനധികൃതമായി ഉള്‍പ്പെട്ടവരെ പരിശോധന നടത്തി കണ്ടെത്തി ലിസ്റ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും പൗരത്വപ്പട്ടിക കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ്മ മെമ്മോയയച്ചു. പൗരത്വപ്പട്ടികയില്‍ അയോഗ്യരായ നിരവധി പേര്‍ കടന്നു കൂടിയിട്ടുണ്ടെന്ന ബി.ജെ.പി ആരോപിച്ചതിന് പിന്നാലെയാണ് ഹിതേഷ് ശര്‍മ്മയുടെ നടപടി.
അസമിലെ അന്തിമ പൗരത്വപ്പട്ടികയില്‍ നിന്ന് ആകെ 19 ലക്ഷം പേരാണ് പുറത്തായത്. ഇതില്‍ 12 ലക്ഷം പേര്‍ ഹിന്ദുക്കളും അഞ്ചുലക്ഷം പേര്‍ മുസ്‌ലിംകളുമാണ്. പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട മുസ്‌ലിംകളുടെ എണ്ണം കുറവാണെന്ന ബി.ജെ.പി ഭരണകൂടത്തിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് കൂടുതല്‍ പേരെ പുറത്താക്കാനുള്ള പുതിയ നീക്കം.
ഇതിനായി പൗരത്വപ്പട്ടിക പുറത്തു വിടും മുന്‍പ് തന്നെ ബി.ജെ.പി ശ്രമം തുടങ്ങിയിരുന്നെങ്കിലും സുപ്രിംകോടതിയുടെ ഇടപെടലും പൗരത്വപ്പട്ടിക കോര്‍ഡിനേറ്റര്‍ പ്രദീഖ് ഹജേലയുടെ ശക്തമായ നിലപാടും മൂലം സാധിച്ചിരുന്നില്ല.

പൗരത്വപ്പട്ടികയുടെ പുതിയ കോര്‍ഡിനേറ്ററായി ഹിതേഷ് ദേവ് ശര്‍മ്മ ചുമതലയേറ്റതിന് പിന്നാലെയാണ് സുപ്രിംകോടതിയെ മറികടന്ന് ഇതിനായി നീക്കം ആരംഭിച്ചത്. പൗരത്വപ്പട്ടികയില്‍ എട്ടുലക്ഷം പേര്‍ അനധികൃതമായി കടന്നു കൂടിയെന്നും ഇതില്‍ ഭൂരിഭാഗവും ജിഹാദികളാണെന്നും ചൂണ്ടിക്കാട്ടി പൗരത്വപ്പട്ടിക തയാറാക്കാനുള്ള നടപടി സ്വീകരിച്ച എന്‍.ജി.ഒയായ അസം പബ്ലിക് വര്‍ക്ക് കഴിഞ്ഞ ആഴ്ച സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശര്‍മ്മ മെമ്മോയയച്ചിരിക്കുന്നത്. പൗരത്വപ്പട്ടിക തയാറാക്കിയ കോര്‍ഡിനേറ്റര്‍ പ്രദീഷ് ഹജേല അസം സര്‍ക്കാരിന്റെ സമ്മര്‍ദ്ദം സഹിക്കാനാവാതെ സ്ഥാനമൊഴിയാന്‍ സുപ്രിംകോടതിയുടെ അനുമതി നേടുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയതയും വംശീയതയുമുള്ള പോസ്റ്റുകളിട്ടതിന് ഹിതേഷ് ശര്‍മ്മയ്‌ക്കെതിരേ സുപ്രിംകോടതിയില്‍ കേസ് നിലവിലുണ്ട്. ഇതു കൂടാതെ ബി.ജെ.പിക്ക് അനഭിമതനായ ഹജേലയെ കേസുകള്‍ ചുമത്തി വേട്ടയാടുന്നതും ശര്‍മ്മയുടെ നേതൃത്വത്തിലാണ്.

അതിപ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് ശര്‍മ്മ മെമ്മോ അയച്ചിരിക്കുന്നത്.
2019 ആഗസ്ത് 31ന് അന്തിമ പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായെന്ന് മെമ്മോയില്‍ പറയുന്നു. ഡി വോട്ടര്‍മാര്‍, വിദേശിയായി പ്രഖ്യാപിക്കപ്പെട്ടവര്‍, ഫോറിനേഴ്‌സ്,ട്രൈബ്യൂണലില്‍ കേസ് തുടരുന്നവര്‍ തുടങ്ങി നിരവധി വിഭാഗത്തില്‍പ്പെട്ടയാളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു ഉറപ്പുവരുത്തണമെന്നാണ് മെമ്മോയില്‍ പറയുന്നത്. പട്ടികയില്‍ ഇത്തരക്കാരായ നിരവധി പേരുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ പേരുകള്‍ പുനപ്പരിശോധന നടത്തുകയും ലിസ്റ്റ് തയാറാക്കുകയും വേണമെന്നും മെമ്മോ ചൂണ്ടിക്കാട്ടുന്നു.
പൗരത്വപ്പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ പുറത്തായവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണെന്ന് വ്യക്തമായതോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ പട്ടികയ്ക്ക് എതിരായത്. മുസ്‌ലിം ഭൂരിപക്ഷമുള്ള ദൂബ്‌റി, സൗത്ത് സല്‍മാറ, കരിംഗഞ്ച് എന്നീ ജില്ലകളില്‍ നിന്ന് കുറച്ചു പേര്‍ മാത്രം പുറത്താകുകയും ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ടിന്‍സൂകിയ പോലുള്ള ജില്ലകളില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്താകുകയും ചെയ്തതതോടെ ഹിന്ദുക്കളാണ് കൂടുതല്‍ പുറത്തായതെന്ന് വ്യക്തമാകുകയായിരുന്നു.

ഇതോടെയാണ് പട്ടികയിലെ മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ലകളില്‍ 20 ശതമാനം പുനപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ് ഇത് അംഗീകരിച്ചിരുന്നില്ല. എന്നാലിത് ഇപ്പോള്‍ പ്രായോഗികമായി നടപ്പാക്കാനാണ് പൗരത്വപ്പട്ടിക കോര്‍ഡിനേറ്റര്‍ വഴി നീക്കം നടത്തുന്നത്.

പ്രതികാര നടപടിക്കിരയായി ഹജേല

ബി.ജെ.പിയുടെ താല്‍പര്യം പരിഗണിക്കാതെ പൗരത്വപ്പട്ടിക തയാറാക്കിയ പൗരത്വപ്പട്ടിക മുന്‍ കോര്‍ഡിനേറ്ററെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഹിതേഷ് ദേവ് ശര്‍മ്മ കോര്‍ഡിനേറ്ററായി ചുമതലയേറ്റ ശേഷമാണ് ഈ നീക്കം ആരംഭിച്ചത്.

അസം പൗരത്വപ്പട്ടികയില്‍ നിന്ന് മുസ്‌ലിംകളെ തെരഞ്ഞ് പിടിച്ച് പുറത്താക്കാനുള്ള നീക്കത്തിന് ഹജേല വഴങ്ങിയിരുന്നില്ല. പൗരത്വപ്പട്ടികയില്‍ കൃത്രിമം കാണിച്ചു, ഫണ്ട് തിരിമറി നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി ഹജേലയ്‌ക്കെതിരേ അസം സര്‍ക്കാര്‍ അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ ചുമത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ മൂന്നു കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പൗരത്വപ്പട്ടിക പുതുക്കുന്ന ചുമതലയുള്ള അസം പബ്ലിക് വര്‍ക്കാണ്. ഇതു കൂടാതെ ഹജേലയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ 22 കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പൗരത്വപ്പട്ടിക ക്രമക്കേട് ആരോപിച്ച് ഹജേലയ്‌ക്കെതിരായ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

നവംബറില്‍ അസം പബ്ലിക് വര്‍ക്ക് ഫണ്ട് തിരിമറി ആരോപിച്ച് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി ഏഴിന് ഹജേലയ്‌ക്കെതിരേ അസം സി.ഐ.ഡി ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ഫെബ്രുവരി 12ന് പൗരത്വപ്പട്ടിക രേഖകള്‍ കാണാതായതുമായി ബന്ധപ്പെട്ട് മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. വിപ്രോയുമായുള്ള കരാര്‍ അന്ന് പുതുക്കാത്തതിനാലാണ് രേഖകള്‍ കാണാതായതെന്നാണ് ഹിതേഷ് ദേവ് ശര്‍മ്മ ആരോപിക്കുന്നത്. ഇതു കൂടാതെ ചില ഉദ്യോഗസ്ഥര്‍ക്കെതിരേയും ശര്‍മ്മയുടെ ഓഫിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി വിദേശികളെ പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് ഹജേലയ്‌ക്കെതിരേ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 19 എഫ്.ഐ.ആറുകള്‍ കൂടി ഹജേലയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അസം പബ്ലിക് വര്‍ക്ക് പ്രസിഡന്റ് അഭിജീത്ത് വര്‍മ്മ അറിയിക്കുന്നത്. 1995 അസം മേഘാലയ കേഡര്‍ ഐ.ഐ.എസ് ഉദ്യോഗസ്ഥനാണ് ഹജേല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.