2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അസമില്‍ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്ത് : സുരക്ഷ ശക്തമാക്കി

ഗുവഹത്തി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. രാവിലെ 10 മണിയോടെ ഓണ്‍ലൈന്‍ വഴി കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയപ്പോള്‍ 19 ലക്ഷം പേര്‍ പട്ടികക്കു പുറത്താണ്. മൂന്നുകോടി 11 ലക്ഷം പേര്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് അസമില്‍ സുരക്ഷ ശക്തമാക്കി.

സുരക്ഷ മുന്‍ നിര്‍ത്തി 51 കമ്പനി കേന്ദ്രസേനയെ അസമിലേക്ക് അയച്ചിരുന്നു. കൂടുതല്‍ കേന്ദ്രസേനയെ അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷക്കണക്കിന് പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായിരുന്നു.

അവര്‍ക്കായി 47 കോടി രൂപയോളം ചെലവിട്ട് മാന്ദ്യയില്‍ 3000 പേരെ താമസിപ്പിക്കാവുന്ന വലിയ തടവുകേന്ദ്രം സര്‍ക്കാര്‍ പണിതുവരികയാണ്.
ഇത്തരത്തിലുള്ള 10 തടവുകേന്ദ്രങ്ങള്‍ക്കു കൂടി അനുമതിയായിട്ടുണ്ട്. നിലവിലുള്ള ആറു തടവുകേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്. പുതുതായി 200 ഫോറിനേഴ്‌സ് ട്രൈബ്യൂണലിനും അനുമതിയായി. പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് അവസാന ശ്രമമെന്ന നിലയില്‍ 120 ദിവസത്തിനുള്ളില്‍ ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം.

പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ 100 ട്രൈബ്ര്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലക്ഷങ്ങളുടെ അപേക്ഷകള്‍ ട്രൈബ്യൂണല്‍ തള്ളുമെന്ന സംശയം ശരിയായി. അവരെല്ലാം ഈ തടവുകേന്ദ്രങ്ങളിലേക്ക് നയിക്കപ്പെടും. പിന്നീടെന്ത് എന്ന് ആര്‍ക്കും അറിയില്ല. ചരിത്രത്തില്‍ ഒട്ടേറെ യുദ്ധങ്ങളും പലായനങ്ങളും കുടിയേറ്റങ്ങളും കണ്ട അസം ജനത സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ തൊട്ടുമുന്നിലാണുള്ളത്.

2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ച അന്തിമ കരട് പട്ടികയില്‍ നിന്ന് 41 ലക്ഷം പേരാണ് പുറത്തായത്. അതുകൊണ്ട് തന്നെ പട്ടികയെക്കുറിച്ച് ആശങ്കയുണ്ടായിരുന്നത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഭരണകക്ഷിയായ ബി.ജെ.പി തന്നെ പട്ടികയെ തള്ളിപ്പറഞ്ഞിരുന്നു.

പൗരത്വപ്പട്ടികയുടെ മറവില്‍ അസം മുസ്ലിംകളുടെ പൗരത്വം എടുത്തു കളഞ്ഞ് തടവുകേന്ദ്രത്തിലയക്കാന്‍ പറ്റുമെന്നാണ് ബി.ജെ.പി കരുതിയത്. എന്നാല്‍ സംഭവിച്ചത് അതല്ല. കരട് പട്ടിക പുറത്തുവിട്ടപ്പോള്‍ പുറത്തായ 41 ലക്ഷം ആളുകളില്‍ വലിയൊരു വിഭാഗം ബി.ജെ.പിയുടെ വോട്ട്ബാങ്കായ ബംഗാളി കുടിയേറ്റക്കാരായ ഹിന്ദുക്കളായിരുന്നു.
മുസ്ലികള്‍ കൂടുതലുള്ള ദൂബ്‌റി, സൗത്ത് സല്‍മാറ, കരിംഗഞ്ച് എന്നീ ജില്ലകളിലും കരടില്‍ നിന്ന് ബി.ജെ.പി കണക്കു കൂട്ടിയ അത്രയും പേര്‍ പട്ടികയില്‍ നിന്നു പുറത്തായില്ല. എന്നാല്‍ ഹിന്ദുക്കള്‍ 88.96 ശതമാനമുള്ള ടിന്‍സൂകിയ പോലുളളവയില്‍ കൂടുതല്‍ ആളുകള്‍ പുറത്തായിരുന്നു.

ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സൗത്ത് സല്‍മാറയില്‍ 95 ശതമാനമാണ് മുസ്ലിംകള്‍. ദുബ്‌റിയില്‍ 79.67 ശതമാനവും കരിംഗഞ്ചില്‍ 56.36 ശതമാനവും മുസ്ലിംകളാണ്.

പൗരത്വപ്പട്ടികയെ കാര്യമാക്കേണ്ടതില്ലെന്നും പൗരത്വബില്‍ നിലവില്‍ വരുന്നതോടെ മുസ്ലിംകളല്ലാത്ത എല്ലാവര്‍ക്കും പൗരത്വം ലഭിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.

അത്തരത്തില്‍ അവര്‍ ഗ്രാമവാസികള്‍ക്കിടയില്‍ പ്രചാരണവും നടത്തിയിരുന്നു. അന്തിമമായി പട്ടിക കൊണ്ട് ദുരിതമുണ്ടാകാന്‍ പോകുന്നത് മുസ്ലിംകള്‍ക്ക് മാത്രമാണ്. അതുതന്നെയാണ് സംഭവിച്ചിരിക്കുന്നതെന്നുതന്നെയാണ് പട്ടിക പുറത്തുവരുമ്പോള്‍ പ്രാഥമികമായി വ്യക്തമാകുന്ന ചിത്രം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.