ഗുവാഹത്തി: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മ്മ. സംസ്ഥാനത്ത് പച്ചക്കറി വില ഉയരാന്‍ കാരണം ‘മിയ’ മുസ്‌ലിങ്ങളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗ്രാമ പ്രദേശങ്ങളില്‍ പച്ചക്കറി വില കുറവാണെന്നും നഗരങ്ങളിലെ കച്ചവടക്കാര്‍ ചേര്‍ന്ന് മനപൂര്‍വ്വം വില കൂട്ടുകയാണെന്നും ശര്‍മ്മ പറഞ്ഞു. നഗരങ്ങളിലെ പച്ചക്കറി മാര്‍ക്കറ്റുകള്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് മിയ മുസ്‌ലിങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാരിന്റെ പിടിപ്പ് കേടിനെ വര്‍ഗീയത കൊണ്ട് നേരിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.
പ്രസ്താവനയിലുടനീളം മിയകളെ അധിക്ഷേപിച്ച് സംസാരിച്ച മുഖ്യമന്ത്രി മുസ്‌ലിങ്ങളുടെ കച്ചവട സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ അസമിലെ യുവാക്കളോട് ആഹ്വാനവും ചെയ്തിട്ടുണ്ട്.
‘മിയ മുസ്‌ലിങ്ങള്‍ മനപൂര്‍വ്വം അസമിലെ ജനങ്ങളുടെ അടുക്കല്‍ നിന്ന് ഉയര്‍ന്ന വില ഈടാക്കുകയാണ്, യുവാക്കള്‍ പച്ചക്കറി കച്ചവടം ചെയ്യാന്‍ തയ്യാറായാല്‍ മുസ്‌ലിം വ്യാപാരികളെ നഗരത്തില്‍ നിന്ന് തുടച്ച് നീക്കും. അസമിലെ കാബുകള്‍ മുതല്‍ ബസ് സര്‍വീസില്‍വരെ ഭൂരിഭാഗവും മിയ മുസ് ലിങ്ങളാണുള്ളത്. കഴിഞ്ഞ പെരുന്നാളിന് ഗുവാഹത്തിയിലെ മിക്ക റോഡുകളും വിജനമായിരുന്നു. മുസ് ലിങ്ങളാരും തന്നെ ജോലിക്കെത്താതാണ് അതിന് കാരണം- ശര്‍മ്മ പറഞ്ഞു.
ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ ബ്രഹ്മപുത്ര നദിക്കരയില്‍ സ്ഥിര താമസമാക്കിയവരാണ് മിയകള്‍. പേര്‍ഷ്യന്‍ ഭാഷയില്‍ മുസ് ലിങ്ങളെ അഭിസംബോധന ചെയ്യുന്ന മിയാന്‍ എന്ന പേരാണ് പിന്നീട് മിയ മുസ്‌ലിങ്ങള്‍ക്ക് ചാര്‍ത്തി കിട്ടിയത്. ഇത് ആദ്യമായല്ല ബി.ജെ.പി മുഖ്യമന്ത്രി മിയ മുസ്‌ലിങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശവുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം അനധികൃത നിര്‍മാണമാരോപിച്ച് കൊണ്ട് അസമിലെ പ്രശസ്തമായ മിയ മ്യൂസിയം സര്‍ക്കാര്‍ അടച്ച് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
Comments are closed for this post.