2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വിമോചനത്തിന്റെ ആശൂറാഅ്

ലോകചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്കു സാക്ഷിയായ സവിശേഷദിനമാണ് മുഹറം പത്ത്. ആശൂറാഅ് എന്നപേരിലാണ് ഈ ദിനം അറിയപ്പെടുന്നത്. നിരവധി പുണ്യകർമങ്ങൾ കൊണ്ടായിരുന്നു മുൻഗാമികൾ ആശൂറാഅ് ദിനത്തെ വരവേറ്റിരുന്നത്. വ്രതം, തസ്ബീഹ് നിസ്‌കാരം, ദാനധർമം, കുടുംബങ്ങൾക്കു വിശാലത ചെയ്യൽ, സൂറത്തുൽ ഇഖ്‌ലാസ് ആയിരം തവണ പാരായണം ചെയ്യൽ, കുടുംബ ബന്ധം ചേർക്കൽ, കുടുംബത്തിൽനിന്ന് മരിച്ചുപോയവരുടെയും മഹാൻമാരുടെയും ഖബറിടം സന്ദർശിക്കൽ എന്നിവ അതിൽ ചിലതാണ്. പ്രപഞ്ചനാഥനായ അല്ലാഹു ചില വ്യക്തികളെയും മാസങ്ങളെയും പ്രത്യേകം ബഹുമാനം നൽകി ആദരിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസപ്രകാരം, ചില ദിവസങ്ങൾ മറ്റു ദിവസങ്ങളേക്കാൾ പ്രാധാന്യം ഉള്ളവയാണ്. ഹിജ്‌റ വർഷത്തിലെ പ്രഥമ മാസമായ മുഹറം, മുഹറത്തിലെ ഒമ്പത്, പത്ത് ദിവസങ്ങൾ ഇവയ്‌ക്കെല്ലാം മഹത്വമുണ്ട്. സ്രഷ്ടാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ധാരാളം ഭൂമിലോകത്ത് വർഷിച്ച ദിനങ്ങളാണിവ.
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിലച്ചുപോയിട്ടില്ല. ഇത്തരം മഹത്തായ ദിവസങ്ങളിൽ ചരിത്രത്തിന്റെ ആവർത്തനം സംഭവിക്കും. ഈ പുണ്യമായ ദിവസങ്ങളിൽ നന്മ ചെയ്യുന്നതിലൂടെ, മനമുരുകി അല്ലാഹുവിനോട് പ്രാർഥിക്കുന്നതിലൂടെ അനുഗ്രഹങ്ങൾ നമ്മെയും തേടിയെത്തും. മുഹറം പത്തിനു നോമ്പെടുക്കുന്നതിനു വലിയ പ്രാധാന്യമാണ് ഇസ്‌ലാമിലുള്ളത്.

റമദാൻ മാസം കഴിഞ്ഞാൽ പിന്നെ നബി (സ) വ്രതമെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നത് മുഹറത്തിലായിരുന്നു. ഒരിക്കൽ മുഹമ്മദ് നബി (സ)യുടെ അരികിൽവന്ന് ഒരാൾ ചോദിച്ചു. ഏതു മാസമാണ് സുന്നത്ത് നോമ്പിനു വേണ്ടി തങ്ങൾ എനിക്ക് നിർദേശിക്കുന്നത്. ‘മുഹറം മാസം നോമ്പെടുക്കൂ. അത് അല്ലാഹുവിന്റെ മാസമാണ്. ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും മറ്റൊരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കാനുള്ളതുമായ ഒരു ദിവസം ആ മാസത്തിലുണ്ട്. ആ ദിനമാണ് ആശൂറാഅ് എന്നായിരുന്നു പ്രവാചകന്റെ മറുപടി.

പ്രവാചകൻ (സ) പറയുന്നു: ‘ആശൂറാഅ് ദിവസം (മുഹറം പത്ത്) നോമ്പെടുക്കുന്നതിന് വലിയ പ്രതിഫലമുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ പാപങ്ങൾ അതുവഴി അല്ലാഹു പൊറുത്തുതരും’ (മുസ്‌ലിം). മുഹറം ഒമ്പതിന് (താസൂആഅ്) നോമ്പെടുക്കാനും പ്രവാചകൻ നിർദേശിക്കുന്നുണ്ട്. അബ്ബാസ് (റ) പറഞ്ഞതായി ഇമാം തിർമിദി റിപ്പോർട്ട് ചെയ്യുന്നു. മുഹറം ഒമ്പതിനും പത്തിനും ഞങ്ങൾ നോമ്പെടുക്കാറുണ്ടായിരുന്നു. ജൂതരിൽനിന്ന് വ്യത്യസ്തത പാലിക്കുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം നോമ്പെടുത്തിരുന്നത് (തിർമിദി). ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നബി (സ) മദീനയിൽ വന്നപ്പോൾ ജൂതന്മാർ ആശൂറാഅ് നോമ്പ് നോൽക്കുന്നതായി കണ്ടു. അവിടുന്ന് ചോദിച്ചു: ഇതെന്താണ്? അവർ പറഞ്ഞു: ഇത് നല്ലൊരു ദിവസമാണ്. മൂസാ നബിയെയും ഇസ്‌റാഈല്യരെയും അല്ലാഹു ശത്രുക്കളിൽനിന്ന് രക്ഷിച്ച ദിനമാണിത്. അങ്ങനെ, മൂസാ നബി (അ) അന്ന് നോമ്പെടുക്കുകയുണ്ടായി. അപ്പോൾ നബി (സ) പറഞ്ഞു: മൂസയോട് നിങ്ങളേക്കാൾ ബന്ധമുള്ളവൻ ഞാനാണ്. തുടർന്ന് നബി തിരുമേനി ആ ദിവസത്തിൽ നോമ്പെടുക്കുകയും നോമ്പെടുക്കാൻ കൽപ്പിക്കുകയും ചെയ്തു.’ (ബുഖാരി)

ജൂതന്മാരിൽനിന്ന് കടംകൊണ്ടാണ് നബി (സ) തങ്ങൾ നോമ്പ് സ്വീകരിച്ചതെന്ന് ചിലർ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. മുഹറം പത്തിനു നോമ്പെടുക്കുന്നത് പ്രവാചകൻ (സ)യുടെ ശീലമായിരുന്നു. അവിടുന്ന് മദീനയിൽ വന്ന സമയത്ത് മൂസാ നബിയുടെ ഓർമപുതുക്കി ജൂതരും അതേദിവസം നോമ്പെടുക്കുന്നതായി കാണാനിടയായി. ‘മൂസാ നബിയോട് നിങ്ങളേക്കാൾ അടുത്തവൻ ഞാനാണെ’ന്ന് പറഞ്ഞ പ്രവാചകർ (സ) അവിടുത്തെ സ്വഹാബികളോടും അന്നേ ദിവസം നോമ്പെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

മുഹറം പത്തിനു മാത്രമല്ല, ഒമ്പതിനും നോമ്പനുഷ്ഠിക്കൽ സുന്നത്താണ്. പക്ഷേ, ഈ നോമ്പ് അവിടുന്ന് അനുഷ്ഠിച്ചിട്ടില്ല. പ്രവാചകൻ (സ) വഫാത്താകുന്നതിനുമുമ്പ് മുഹറം ഒമ്പതിനും നോമ്പെടുക്കണമെന്ന് വിശ്വാസികളോട് നിർദേശിക്കുകയുണ്ടായി. അടുത്തവർഷം ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ മുഹറം ഒമ്പതിനും നോമ്പനുഷ്ഠിക്കുമെന്ന് പ്രവാചകൻ (സ) പറഞ്ഞിരുന്നു.

മുഹറം പത്തിന് കുടുംബത്തിന് വിശാലത ചെയ്യൽ പ്രത്യേകം സുന്നത്തായ പുണ്യവൃത്തിയാണ്. അതിനു പ്രേരണ നൽകുന്ന ധാരാളം കാര്യങ്ങൾ ഹദീസിലും ഗ്രന്ഥങ്ങളിലും കാണാം. നബി (സ) പറയുന്നു: ‘ആരെങ്കിലും മുഹറം പത്തിനു തന്റെ കുടുംബത്തിന് വിശാലത ചെയ്താൽ മറ്റു വർഷങ്ങളിൽ അല്ലാഹു അവന് വിശാലത ചെയ്യും’ (ബൈഹഖി). ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു ആബിദീൻ (റ) പറയുന്നു: ‘ഇത് എനിക്ക് നാൽപതു കൊല്ലം അനുഭവേദ്യമാണെന്ന് ജാബിർ (റ) പറഞ്ഞിട്ടുണ്ട്’ (റദ്ദുൽ മുഖ്താർ). ഇബ്‌നുൽ ഹാജ്ജ് (റ) പറയുന്നു: ‘ആരെങ്കിലും ഈ ദിവസം കുടുംബത്തിനോ കൂട്ടുകാർക്കോ അനാഥകൾക്കോ പാവപ്പെട്ടവർക്കോ വിശാലത ചെയ്യുകയും ധനം കൂടുതൽ ചെലവഴിക്കുകയും ധർമം വർധിപ്പിക്കുകയും ചെയ്താൽ അതിന്റെ ഫലം ആർക്കും അജ്ഞാതമല്ല’ (മദ്ഖൽ).
അല്ലാഹുവിന്റെ അനന്തമായ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനൊരുങ്ങി വിശ്വാസികൾ മുഹറം ഒമ്പതിനും പത്തിനും വ്രതമനുഷ്ഠിച്ചും കുടുംബത്തിൽ വിശാലത ചെയ്തും കുടുംബ ബന്ധം ചേർത്തും മരണപ്പെട്ടവരുടെ ഖബറുകൾ സന്ദർശിച്ചും ഈ ദിനങ്ങൾ നാഥന്റെ മാർഗത്തിൽ ചെലവഴിക്കുന്നു. ഒരു അനാഥനെയോ, പാവപ്പെട്ടവനെയോ സ്‌നേഹത്തോടെ അടുത്തുവിളിച്ച് സന്തോഷിപ്പിക്കാൻ ഈ പുണ്യ ദിവസത്തിൽ നാം മറന്നുപോകരുത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.