അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു(81)വിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.കെ. സോണിയാണ് ശിക്ഷ വിധിച്ചത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ സൂറത്ത് സ്വദേശിനിയെ തടവില്‍ വെച്ച് വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി.
ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. മറ്റൊരു പീഡനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആസാറാം ബാപ്പു നിലവില്‍ ജോധ്പൂര്‍ ജയിലിലാണ്.
ഏകദേശം 10 വര്‍ഷം മുമ്പ് അഹമ്മദാബാദിലെ മൊട്ടേരയിലുള്ള ആശ്രമത്തില്‍ വച്ച് തന്നെ ആശാറാം ബാപ്പു പലതവണ ബലാത്സംഗം ചെയ്തതായി സൂറത്ത് സ്വദേശിയായ ഒരു സ്ത്രീ ആരോപിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 342, 354 എ (ലൈംഗിക പീഡനം), 370 (4) (കടത്ത്), 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 (ബി) (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആശാറാം ബാപ്പുവിനെതിരെ കേസെടുത്തിരിക്കുന്നത്. ആശാറാമിന്റെ മകന്‍ നാരായണ്‍ സായിയും കേസില്‍ പ്രതിയായിരുന്നു.
ആശാറാമിന്റെ ഭാര്യ ലക്ഷ്മി, മകള്‍ ഭാരതി, നാല് അനുയായികളായ ധ്രുവ്‌ബെന്‍, നിര്‍മല, ജാസി, മീര എന്നിവരും കേസില്‍ പ്രതികളായിരുന്നു. എന്നാല്‍ ഇവരെയെല്ലാം ഗാന്ധിനഗര്‍ കോടതി വെറുതെവിട്ടു.
Comments are closed for this post.