2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കെജ്‌രിവാളിന്റെ മൂന്നാമൂഴം: ഡല്‍ഹി മുഖ്യമന്ത്രിയായി 16ന് സത്യപ്രതിജ്ഞ ചെയ്യും

 

ന്യൂഡല്‍ഹി: 70 ല്‍ 62 സീറ്റുകളും നേടി മിന്നുംവിജയം സ്വന്തമാക്കിയ എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി ഫെബ്രുവരി 16ന് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

മോദിയുള്‍പ്പെടെയുള്ള മുന്‍നിര നേതാക്കളെല്ലാം പ്രചാരണത്തിനിറങ്ങിയെങ്കിലും ബി.ജെ.പിക്ക് എട്ടു സീറ്റുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പില്‍ നേടാനായത്. കോണ്‍ഗ്രസിനു കഴിഞ്ഞ തെരഞ്ഞെടുപ്പിലേതു പോലെ സീറ്റൊന്നും നേടാനായില്ല. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിനു രണ്ടാം സ്ഥാനത്തെങ്കിലും എത്താനുമായില്ല.

2015ലെ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടിയുടെ സീറ്റുകളില്‍ ഇത്തവണ അഞ്ചെണ്ണത്തിന്റെ കുറവുണ്ടായെങ്കിലും വിജയം തിളക്കമാര്‍ന്നതായി. പാര്‍ട്ടിയുടെ വോട്ടുവിഹിതത്തിലും നേരിയ കുറവുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 54.3 ശതമാനമായിരുന്നത് 53.57 ആയി കുറഞ്ഞു. ബി.ജെ.പി വോട്ടുവിഹിതം 32.3 ശതമാനമായിരുന്നത് ഇത്തവണ 38.51 ആയി ഉയര്‍ന്നു. 9.7 ശതമാനമായിരുന്ന കോണ്‍ഗ്രസ് വിഹിതം 4.26 ആയി കുറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം കത്തിപ്പടര്‍ന്ന ഷഹീന്‍ബാഗായിരുന്നു ഇത്തവണ ബി.ജെ.പി പ്രചാരണത്തിന്റെ പ്രധാന ആയുധം. ഷഹീന്‍ബാഗുകള്‍ രാജ്യത്തെ വിഴുങ്ങുമെന്നും അതില്ലാതാക്കാന്‍ തങ്ങള്‍ക്കു വോട്ട് ചെയ്യണമെന്നുമുള്ള ബി.ജെ.പി പ്രചാരണം ജനം തള്ളിയത് മതേതര ഇന്ത്യയുടെ പൊതുവികാരത്തിന്റെ പ്രതിഫലനം കൂടിയായി. പകരം അരവിന്ദ് കെജ്രിവാള്‍ മുന്നോട്ടുവച്ച മികച്ച ഭരണം എന്ന ആശയമാണ് ഡല്‍ഹിക്കാര്‍ സ്വീകരിച്ചത്. ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഒഖ്ല മണ്ഡലത്തില്‍ എ.എ.പിയുടെ അമാനത്തുല്ല ഖാന്‍ 71,827 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചു. 15 സ്ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലത്തില്‍ 1,30,367 വോട്ടുകളാണ് അമാനത്തുല്ല ഖാന്‍ നേടിയത്. ബി.ജെ.പിയുടെ ബ്രഹാംസിങ്ങിന് 58,540 വോട്ടുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസിന്റെ പര്‍വേസ് ഹാഷ്മി 3,806 വോട്ടുകള്‍ നേടി. പഴയ ഡല്‍ഹി ഉള്‍പ്പെടുന്ന ബില്ലി മാരനില്‍ എ.എ.പിയുടെ ഇംറാന്‍ ഹുസൈന്‍ 65,644 വോട്ടുകള്‍ നേടി വിജയിച്ചു.

കെജ്രിവാള്‍ സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളാണ് എ.എ.പിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ പ്രധാനമായി സഹായിച്ചത്. അതിനു മുന്നില്‍ ബി.ജെ.പിയുടെ പ്രചാരണങ്ങളെല്ലാം നിഷ്പ്രഭമായി. 48 സീറ്റുകള്‍ നേടുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. വോട്ടെടുപ്പില്‍ തിരിമറി നടന്നെന്ന ആശങ്കയും എ.എ.പി കഴിഞ്ഞദിവസം ഉയര്‍ത്തി. എന്നാല്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ എ.എ.പിയുടെ മുന്നേറ്റമാണ് ദൃശ്യമായത്. ഉച്ച കഴിഞ്ഞതോടെ ബി.ജെ.പി മുന്നിട്ടുനില്‍ക്കുന്ന സീറ്റുകള്‍ കുറയുകയും എ.എ.പിയുടേത് ഉയരുകയും ചെയ്തു.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 18,380 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. പദ്പദ് ഗഞ്ചില്‍ നിന്ന് ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ 3,391 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. എ.എ.പിയുടെ മുഖവും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ അദിഷി കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് 11,393 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. എ.എ.പിയില്‍ വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന കപില്‍ മിശ്ര മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ എ.എ.പിയുടെ അഖിലേഷ് പതി ത്രിപാഠിയോട് 11,133 വോട്ടുകള്‍ക്കു തോറ്റു. അരവിന്ദ് കെജ്രിവാളിനോടു തോറ്റ സുനില്‍ യാദവും ബി.ജെ.പിയുടെ പ്രധാന സ്ഥാനാര്‍ഥികളില്‍ ഒരാണ്. എ.എ.പി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ അല്‍ക്ക ലാംബയ്ക്ക് ചാന്ദ്നി ചൗക്കില്‍ 3,881 വോട്ടു മാത്രമേ നേടാനായുള്ളൂ. മൊത്തം വോട്ട് ശതമാനത്തിന്റെ 5.03 ശതമാനം മാത്രമാണിത്. എ.എ.പിയുടെ പ്രഹ്ലാദ് സിങ് സാവ്നിയാണ് ചാന്ദ്നി ചൗക്കില്‍ ജയിച്ചത്. 63 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശു പോയി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.