2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി: കെജ്‌രിവാള്‍ ലഫ്. ഗവര്‍ണറുടെ വീട്ടിലെ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തേത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഒന്‍പതു ദിവസമായി നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലിന്റെ വീട്ടിലായിരുന്നു കെജ്‌രിവാള്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. എ.എ.പി മന്ത്രിമാരുമായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിക്കാന്‍ തയ്യാറായതോടെയാണ് സമരം പിന്‍വലിച്ചതായി കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്.

”ഞങ്ങള്‍ക്ക് ഐ.എ.എസ് ഉദ്യോഗസ്ഥരുമായി തര്‍ക്കമൊന്നുമില്ല. അവരില്‍ 99 ശതമാനം പേരും നല്ലവരാണ്. ഡല്‍ഹിയില്‍ ഭരണം നന്നാക്കാന്‍ അവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരിലൂടെ കേന്ദ്ര സര്‍ക്കാരിന്റെയും ലഫ്. ഗവര്‍ണറുടെയും ഇടപെടലിലാണ് പ്രശ്‌നം”- സമരം അവസാനിപ്പിച്ചു കൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുന്നതു വരെ സമരം തുടരുമെന്നും കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പണിമുടക്ക് പിന്‍വലിക്കാന്‍ നിര്‍ദേശിക്കുക, റേഷന്‍ വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെജ്‌രിവാള്‍, മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജയ്ന്‍, ഗോപാല്‍ റായ് തുടങ്ങിയവര്‍ സമരം ലഫ്. ഗവര്‍ണറുടെ വീട്ടില്‍ 11 ന് സമരം തുടങ്ങിയത്. കുത്തിയിരുന്നായിരുന്നു കെജ്‌രിവാളിന്റെ സമരം.

സമരം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കെജ്‌രിവാളിന് ലഫ്. ഗവര്‍ണര്‍ കത്തു കൈമാറി. സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ യോഗം ചേരാനും കത്തില്‍ പറഞ്ഞു. പിന്നാലെ യോഗം ചേരുകയും സമരം പിന്‍വലിച്ചതായി കെജ്‌രിവാള്‍ അറിയിക്കുകയുമായിരുന്നു.

നിരാഹാര സമരത്തിലായിരുന്ന സിസോദിയയേയും ജയ്‌നിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.