2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അബുദബിയില്‍ കൊവിഡിനെ തോല്‍പ്പിച്ച് അരുണ്‍ കുമാര്‍

അഷറഫ് ചേരാപുരം

ദുബൈ: ആറുമാസക്കാലം കൊവിഡ് ബാധിച്ച് മരണത്തോട് മല്ലിട്ട് കിടന്ന മലയാളി യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വന്നു. അബുദബി
വി.പി.എസ് ഹെല്‍ത്ത് കെയറിലെ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യനായ ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശി അരുണ്‍കുമാര്‍ എം നായര്‍(38) എന്ന മലയാളിയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കൊവിഡ്19 പോസിറ്റീവായ ശേഷം അരുണ്‍കുമാറിന്റെ അവസ്ഥ ശോചനീയമായി തുടരുകയായിരുന്നു.

രോഗം ശ്വാസകോശം, ഹൃദയം എന്നിവയെ ഗുരുതരമായി ബാധിച്ചു. സ്വയം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയായി. ആറ് മാസത്തോളം അര്‍ധബോധാവസ്ഥയിലായിരുന്നു ഇദ്ദേഹം.ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെയുള്ള സഞ്ചാരത്തില്‍ ജീവിതത്തിലേക്ക് തിരികെ വരാനായിരുന്നു അദ്ദേഹത്തിന്റെ വിധി.
ഇന്നലെ അബുദബിയിലെ ബുര്‍ജീന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് അരുണ്‍കുമാര്‍ പുറത്തുവന്നപ്പോള്‍ കഴിഞ്ഞ നാളുകളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ഓര്‍മകളുണ്ടായിരുന്നില്ല. ‘എനിക്ക് ഒന്നും ഓര്‍മ്മയില്ല. മരണത്തിന്റെ താടിയെല്ലില്‍ നിന്ന് ഞാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടുവെന്ന് എനിക്കറിയാം,’എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നൂറുകണക്കിന് മറ്റുള്ളവരുടെയും പ്രാര്‍ത്ഥനയുടെ ശക്തിയാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്’ അദ്ദേഹം പറഞ്ഞു.

2013 മുതല്‍ വി.പി.എസ് ആശുപത്രിയില്‍ ഓപറേഷന്‍ തിയറ്ററില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് അരുണ്‍.കൊവിഡ് ബാധിച്ച് വൈദ്യശാസ്ത്രത്തിന് തീര്‍ത്തും അസാധ്യമെന്ന് ആശങ്കപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം. തുടര്‍ച്ചയായ ഹൃദയാഘാതങ്ങളെ തുടര്‍ന്ന് പ്രതീക്ഷകള്‍ക്ക് അറുതിയായെന്ന് ഡോക്ടര്‍മാരും കുടുംബവും കരുതിയ നിമിഷങ്ങളാണ് കടന്നു പോയത്. എന്നാല്‍ യു.എ.ഇയിലെ കൊവിഡ് പ്രതിരോധ സേനയില്‍ അംഗമായ അരുണ്‍ രണ്ടാം ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

രോഗം അതീവ ഗുരുതരമായതോടെ നാട്ടില്‍ നിന്നും അരുണിന്റെ ഭാര്യ ജെന്നിയും കുഞ്ഞും ഇവിടേക്കെത്തി. അബുദബി ബുര്‍ജീല്‍ ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി ഡോ. താരിഗ് അലി മുഹമ്മദ് എല്‍ഹസന്റെ മുഴുവന്‍ മെഡിക്കല്‍ ടീമിന്റെയും പരിശ്രമമാണ് അരുണിന് സഹായകമായത്.
സ്വന്തം ജീവന്‍ അപായത്തിലാക്കി യുഎഇയ്ക്ക് വേണ്ടി നടത്തിയ സേവനത്തെയും പോരാട്ട വീര്യത്തെയും ആദരിച്ച് വിപിഎസ് ഹെല്‍ത്ത് കെയര്‍ അരുണിന് 50 ലക്ഷം രൂപ (2.50 ലക്ഷം ദിര്‍ഹം) ധനസഹായം പ്രഖ്യാപിച്ചു.

ഇന്നലെ ബുര്‍ജീല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അരുണിന്റെ ഇമറാത്തി സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഈ സ്‌നേഹസമ്മാനം കൈമാറി. കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകയായിരുന്ന അരുണിന്റെ ഭാര്യയ്ക്ക് ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. മകന്റെ വിദ്യാഭ്യാസ ചെലവും വഹിക്കും. തുടര്‍ന്നും സേവനത്തിനായി ആരോഗ്യപ്രവര്‍ത്തകന്റെ യൂണിഫോമണിഞ്ഞു യുഎഇയില്‍ തുടരാനായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് അരുണ്‍. അതുവരെ നാട്ടില്‍ ചെറിയൊരു ഇടവേളയില്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാനും കുടുംബത്തോടൊപ്പം കഴിയാനും അവിടെ ഫിസിയോതെറാപ്പി തുടരാനുമായി പോകുമെന്ന് അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.