2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അമേരിക്കയുടെ ചരിത്രവിധി; മാറിയോ സത്യാനന്തരം?

ബി.കെ സുഹൈല്‍

ലോകം മുഴുവന്‍ ഇത്ര ആകാംക്ഷയോടെയും കൗതുകത്തോടെയും വീക്ഷിച്ച അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഈ അടുത്ത കാലത്തുണ്ടായിട്ടില്ല. അതിന് നിരവധി കാരണങ്ങളുണ്ടായിരുന്നു. 2016ല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയപ്പോള്‍ സത്യാനന്തര കാലം എന്നാണ് ലോകം അതിനെ വിളിച്ചത്. അമേരിക്കയും ലോകമാകെയും അതുവരെ കാത്തു സൂക്ഷിച്ചു പോന്നിരുന്ന പല മൂല്യങ്ങളും അപ്രസക്തമായെന്ന് തോന്നിക്കും വിധമായിരുന്നു ആ ജയം. ജനാധിപത്യം, ബഹുസ്വരത തുടങ്ങി ആധുനിക മനുഷ്യന്‍ ആര്‍ജിച്ചെടുത്ത സംസ്‌കാരങ്ങള്‍ക്കു മേല്‍ വലതുപക്ഷ തീവ്രവാദവും കുടിയേറ്റ വിരുദ്ധതയും ആധിപത്യം നേടുകയായിരുന്നു. യൂറോപ്പിലും ലോകത്തിന്റെ പല ഭാഗത്തും ഇതേ രൂപത്തില്‍ പുതിയ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടായി. ബ്രെക്‌സിറ്റും അതിനെ തുടര്‍ന്ന് യു.കെയില്‍ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സനും വന്നു. ബ്രസീലില്‍ ജൈര്‍ ബോല്‍സനാരോ അധികാരത്തിലേറി. ന്യൂനപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളെ ആഘോഷിക്കുന്ന പോപ്പുലിസ്റ്റ് നേതാക്കള്‍ ട്രെന്‍ഡായി. ട്രംപ് തുടരുമോ എന്ന എല്ലാവരുടെയും ആകാംക്ഷക്കു പിന്നിലുണ്ടായിരുന്നത് ഈ ട്രെന്‍ഡ് തുടരുമോ എന്നതായിരുന്നെന്ന് വിലയിരുത്താം.

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ട്രംപിനേക്കാള്‍ മുന്നിലാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 270 എന്ന കേവല ഭൂരിപക്ഷം ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ബൈഡന് ലഭിക്കുമെന്നാണ് കരുതുന്നത്. പക്ഷേ അപ്പോഴും ട്രംപിന് ഈ തെരഞ്ഞെടുപ്പിലും വലിയ വെല്ലുവിളി ഉയര്‍ത്താനായത് ചില്ലറ കാര്യമല്ല. കഴിഞ്ഞ നാലു വര്‍ഷം അസംബന്ധങ്ങളും കളവുകളും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ഒരു പ്രസിഡന്റിന് 48 ശതമാനത്തിലധികം പേര്‍ പിന്നെയും വോട്ടു ചെയ്തു. ലോകത്തിന്റെയും അമേരിക്കയുടെയും ഗതി അത്രമേല്‍ മാറിയിട്ടില്ലെന്നു തന്നെയാണ് ഇതിന്റെ സൂചന.
കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയിലെ ജനാധിപത്യ സംവിധാനങ്ങള്‍ പലതും കുറച്ചു കൂടി ജാഗ്രത കാണിച്ചു. മാധ്യമങ്ങളെ പൂര്‍ണമായും വിലക്കെടുക്കാന്‍ വലതുപക്ഷ ഭരണത്തിന് കഴിഞ്ഞില്ല. ട്രംപിനെ അവര്‍ വിടാതെ ചോദ്യം ചെയ്തു. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. കാംബ്രിഡ്ജ് അനലറ്റിക്ക പോലെയുള്ള വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. പക്ഷേ ഈ തെരഞ്ഞെടുപ്പില്‍ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി തോന്നിച്ചു. ട്രംപിന്റെ പല ട്വീറ്റുകളും ട്വിറ്റര്‍ മറച്ചുവച്ചു. അവ സത്യമല്ലെന്ന് വിളിച്ചുപറഞ്ഞു. ഫേസ്ബുക്കും നടപടികളെടുത്തു.

പക്ഷേ, ഇതൊന്നും ട്രംപിന്റെ വലിയൊരു വിഭാഗം അനുയായികളെ ബാധിച്ചതേയില്ല. വെള്ളക്കാരായ ഇടത്തരം തൊഴിലാളികളും വംശീയതയെ മഹത്വമായി കാണുന്ന ഗ്രാമീണ ജനതയും ട്രംപിനെ കൈവിട്ടില്ല .കോളജില്‍ പോകാത്ത സ്ത്രീകളില്‍ വലിയൊരു ശതമാനം പേര്‍ ട്രംപിനൊപ്പമായിരുന്നു. ഇവാഞ്ചലിക്കല്‍ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ചെപ്പടി വിദ്യകളും ട്രംപ് പ്രയോഗിച്ചു. കൊവിഡ് എന്ന മഹാമാരിയില്‍ ലക്ഷക്കണക്കിന് പേര്‍ മരിച്ചിട്ടും അത് തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചതേയില്ല.

വീണ്ടെടുത്തോ അമേരിക്കയുടെ ആത്മാവ്?

ഇങ്ങനെയൊക്കെ ആണെങ്കിലും ചെറിയൊരു ശതമാനം മാറിച്ചിന്തിച്ചതാണ് ബൈഡന് മുന്‍തൂക്കം നല്‍കിയത്. അമേരിക്കയുടെ ആത്മാവ് ഇനി നിലനില്‍ക്കണോ വേണ്ടയോ എന്ന തെരഞ്ഞെടുപ്പാണിതെന്നാണ് ഡെമോക്രാറ്റ് നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നത്. ജനാധിപത്യത്തെ പുച്ഛിക്കുന്ന, വംശീയതയില്‍ ഊറ്റംകൊള്ളുന്ന, ശാസ്ത്രത്തെ പരിഹസിക്കുന്ന ട്രംപ് തുടര്‍ന്നാല്‍ ഇല്ലാതാകുന്നത് അമേരിക്ക തന്നെയാകുമെന്ന് അവര്‍ നിരന്തരം ഉന്നയിച്ചു. രാജ്യത്തെ ചിന്തകരും ബുദ്ധിജീവികളും അത് ഉറക്കെ പറഞ്ഞു. ജോ ബൈഡനു കിട്ടുന്ന ഓരോ വോട്ടും ഈ ഭൂമിയുടെ ഭാവിയെ തന്നെ നിര്‍ണയിക്കുമെന്നാണ് നോം ചോംസ്‌കി പറഞ്ഞിരുന്നത്. ഈ സന്ദേശങ്ങളെ വലിയൊരു ശതമാനം ജനങ്ങള്‍ കേട്ടു. അതിന്റെ ഫലമാണ് ബൈഡന് ലഭിച്ച ലീഡ്.

വരും ദിനങ്ങള്‍

ബൈഡന്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ചാലും അധികാരം വിട്ടൊഴിയില്ല എന്ന നിലപാടിലാണ് ട്രംപ്. തപാല്‍ വോട്ടില്‍ തട്ടിപ്പ് നടന്നെന്നും വൈകിയുള്ള വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്നും ട്രംപ് ആരോപിക്കുന്നു. വിസ് കോണ്‍സിന്‍, മിഷിഗണ്‍, അരിസോണ എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങളെ ട്രംപ് കോടതിയില്‍ ചോദ്യം ചെയ്യുകയാണ്. പെന്‍സില്‍വേനിയയിലെ അന്തിമഫലം വെള്ളിയാഴ്ച മാത്രമേ വരൂ. അതും ട്രംപ് അംഗീകരിക്കുന്നില്ല. തോറ്റാല്‍ സുഗമമായ അധികാര കൈമാറ്റം ഉണ്ടാകില്ലെന്ന സൂചന നേരത്തെ തന്നെ ട്രംപ് നല്‍കിയിരുന്നു. സ്ഥാനാര്‍ഥി സംവാദത്തില്‍ മോഡറേറ്റര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ തോറ്റാല്‍ നല്ല രീതിയില്‍ പുതിയ പ്രസിഡന്റിന് അധികാരം കൈമാറില്ലെന്ന സൂചന തന്നെയാണ് ട്രംപ് നല്‍കിയത്. തപാല്‍ വോട്ടുകള്‍ തട്ടിപ്പാണെന്ന് പല തവണ ട്രംപ് പറഞ്ഞതുമാണ്. പൊതുവേ തപാല്‍ വോട്ടുകള്‍ ഡെമോക്രാറ്റുകളാണ് കൂടുതല്‍ ചെയ്യാറുള്ളത്. അഞ്ച് കോടിയിലധികം തപാല്‍ വോട്ടുകളാണ് ഇത്തവണ പോള്‍ ചെയ്തത്. ഇതെല്ലാം തട്ടിപ്പാണെന്ന വാദം കോടതി അംഗീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

യു.എസ് സുപ്രിംകോടതിയെ തന്റെ വരുതിയില്‍ നിര്‍ത്താന്‍ നേരത്തെ ട്രംപ് ശ്രമം തുടങ്ങിയതാണ്. അമേരിക്കയില്‍ പ്രസിഡന്റുമാരാണ് സുപ്രിംകോടതി ജഡ്ജിമാരെ നിയമിക്കുന്നത്. അത് പലപ്പോഴും അവരുടെ രാഷ്ട്രീയ ചായ്‌വുള്ളവര്‍ ആകാറുമുണ്ട്. ട്രംപിന്റെ കാലത്ത് സുപ്രിംകോടതി ജഡ്ജിമാരില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ ചായ്‌വുള്ളരായി മാറി. ഏറ്റവും ഒടുവില്‍ വന്ന ഒഴിവില്‍ ആമി കോണി ബാരറ്റ് എന്ന ട്രംപ് അനുകൂലിയായ വനിതാ ജഡ്ജിനെയാണ് നിയമിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇത്തരം ഒരു നിയമനം പാടില്ലെന്ന് പലരും വാദിച്ചു. ട്രംപ് അത് ചെവി കൊണ്ടില്ല. അന്തിമമായി കാര്യങ്ങള്‍ സുപ്രിംകോടതിയില്‍ എത്തിയാല്‍ എന്താകും വിധിയെന്ന് നമുക്ക് കാത്തിരുന്നു കാണാം. കോടതി കൈവിടുമെന്ന് വന്നാല്‍ ട്രംപ് ആഭ്യന്തര കലാപം തുടങ്ങുമെന്നും അതിനായി വലിയ ഭീകര സംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്നും പറയുന്നവരുണ്ട്. പുതിയ അമേരിക്കയില്‍ അങ്ങനെയൊന്നും ഉണ്ടാവില്ലെന്നു തന്നെ തല്‍ക്കാലം നമുക്ക് കരുതാം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.