2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ആ നിലവിളിയും ഈ നിലവിളിയും വ്യത്യാസപ്പെടുന്നതെങ്ങനെ?

റസാഖ് എം അബ്ദുല്ല

അന്നൊരു ദിവസം (ഏതാണ്ടെല്ലാവരും മറന്ന സ്ഥിതിക്ക് അന്നെന്നു പറയുന്നതല്ലേ ശരി) ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസയെ ഡല്‍ഹി പൊലിസ് വലിച്ചിഴച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇനിയൊരു മാതാവിന്റെ നിലവിളിയും അത്ര ഉച്ചത്തില്‍ ഉയരരുതെന്ന് നമ്മളെല്ലാവരും അന്ന് ഏറ്റുപറഞ്ഞിട്ടും ഇന്ന് വീണ്ടുമൊരു ചിത്രം നമ്മുടെ മനസ്സിനെ കരയിപ്പിക്കുകയാണ്. ഈ ചിത്രത്തിനു പിന്നില്‍ ഡല്‍ഹി പൊലിസോ നരേന്ദ്ര മോദി സര്‍ക്കാരോ അല്ല, അന്ന് നജീബിന്റെ മാതാവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പിന്തുണ അറിയിച്ചും കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ്. ഇന്ന് പൊലിസ് ചെയ്തതിന് ന്യായീകരണമുണ്ടെങ്കില്‍ ഡല്‍ഹിയില്‍ മോദിയുടെ പൊലിസ് ചെയ്തതിന് അവര്‍ നല്‍കുന്ന ന്യായീകരണവും ശരിയാണെന്നു സമ്മതിക്കേണ്ടി വരില്ലേ.

ജിഷ്ണുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ജിഷ്ണുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സെക്രട്ടറിയേറ്റിലോ നിയമസഭയിലോ വേണമെങ്കില്‍ കോടതിയിലോ ആവാം, പൊലിസ് ആസ്ഥാനത്ത് എന്തിനാണ് ആവശ്യമില്ലാതെ പ്രതിഷേധിക്കാന്‍ പോവുന്നതെന്ന് ചോദിക്കുന്നതിന്റെ അര്‍ഥമെന്താണ്. ജനാധിപത്യത്തെ മാനിക്കുന്നുവെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടേയിരുന്നാല്‍ അതെങ്ങനെ ജനാധിപത്യമാവും. ബന്ധുക്കള്‍ മാത്രമല്ല, പുറത്തുനിന്നുള്ളവരും പ്രതിഷേധത്തിനെത്തിയെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ആരുടെ കരങ്ങള്‍ക്ക് ബലം നല്‍കാനാണ്. ആരുടെ കരങ്ങള്‍ക്കു ശക്തി നല്‍കാനാണെങ്കിലും ഒരു പാവം അമ്മയുടെ ജീവിക്കാനുള്ള ഊര്‍ജ്ജത്തെ ക്ഷയിപ്പിച്ചുകൊണ്ടു വേണോ. ന്യായമായൊരു സമരം നടത്തുമ്പോള്‍ അതിനെ ആരും പിന്തുണച്ചു വരരുതെന്നല്ലേ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ പറയാതെ പറയുന്നത്. ഈ ഫാസിസ ചിന്തയൊക്കെ എന്നാണ് കടന്നുവന്നതെന്നാണ് ഇനി ജനങ്ങള്‍ക്ക് അറിയേണ്ടത്. എന്നാണ് പിണറായിയുടെ സര്‍ക്കാരിന് പൊലിസ് ആസ്ഥാനമൊരു ടിയാനമെന്‍ സ്‌ക്വയറായി മാറിയത്.

ഇതേ മുഖ്യമന്ത്രിയെക്കുറിച്ച് ജിഷ്ണു തന്നെ അഭിമാനം കൊണ്ടൊരു നിമിഷമുണ്ടായിരുന്നു. ഇരട്ട ചങ്കുള്ളയാളാണ് കേരളം ഭരിക്കുന്നതെന്ന് അവന്‍ അഭിമാനം കൊണ്ടിരുന്നു. അതേ ജിഷ്ണുവിന്റെ കാര്യത്തിലെങ്കിലും ഒരു ചങ്കിന്റെ പവറെങ്കിലും കാണിക്കാത്തൊരു മുഖ്യമന്ത്രിയെ സാധാരണ ജനങ്ങള്‍ എങ്ങനെയാണ് പ്രതീക്ഷ പുലര്‍ത്തുക.

കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന കേരളത്തിലാണ് രോഹിത്ത് വെമുലയ്ക്ക് സമാനമായി ജിഷ്ണുവെന്ന വിദ്യാര്‍ഥി മരിക്കുന്നത്. കൊന്നതാണോയെന്നു ബലമായി സംശയിക്കുമ്പോള്‍ പോലും കാര്യമായൊരു നടപടിയെടുക്കാന്‍ രോഹിത്ത് വെമുലയുടെ അമ്മയെ വേദിയില്‍ പൊന്നാടയണിച്ചിരുത്തിയ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിന് തോന്നാത്തതെന്താണ്. നടപടി വേണമെന്നാവശ്യപ്പെട്ട് വെമുലയുടെ അമ്മയെപ്പോലെ ജിഷ്ണുവിന്റെ അമ്മയും തെരുവിലിറങ്ങിയപ്പോള്‍ ഒരു തീവ്ര പ്രവര്‍ത്തനമായിപ്പോയതെങ്ങനെയാണ്. മുമ്പേ പ്രഖ്യാപിച്ചൊരു സമരം നടക്കുന്നതിന്റെ തലേദിവസം പ്രതിയെ അറസ്റ്റ് ചെയ്യല്‍ നാടകം എന്തിനായിരുന്നു. ആ അമ്മ വീണ്ടും പറഞ്ഞപോലെ, ഇതൊക്കെ ഒരു നാടകമാണ്. നാടകമാണെന്ന് വിളിച്ചുപറഞ്ഞതിനായിരിക്കുമല്ലേ പൊലിസ് ‘മനോവീര്യം’ കാണിച്ചത്.

ഒരുപാട് വീഴ്ചകള്‍ ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന പിണറായി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതും പൊലിസിന്റെ ഒരു വീഴ്ചയായി പറയാന്‍ മടിയുണ്ടാവാനും സാധ്യതയില്ല. വീണ്ടും വീണ്ടും വീഴ്ചകള്‍ പറ്റിയെന്നു പറയുമ്പോള്‍ 2016 ല്‍ ജനങ്ങള്‍ക്കൊട്ടാകെ വീഴ്ച പറ്റിയതിന്റെ ഫലമാണിതെന്നും പിണറായി സമ്മതിക്കേണ്ടി വരും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.