2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തെരഞ്ഞെടുപ്പ് കമ്മിഷന്‍:
വെളിച്ചമാകുമോ വിധി?

കെ.എ സലിം

2022 നവംബര്‍ 18വരെ അരുണ്‍ ഗോയല്‍ വ്യവസായ സെക്രട്ടറി മാത്രമായിരുന്നു. ഡിസംബര്‍ 31വരെ സര്‍വിസ് കാലാവധിയുണ്ടായിട്ടും ഗോയല്‍ അന്നേദിവസം സ്വയം വിരമിക്കലിന് അപേക്ഷ നല്‍കുന്നു. അപേക്ഷ ഉടന്‍ തന്നെ അംഗീകരിക്കുകയും തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മിഷണറുമാകുന്നു. മിന്നല്‍ വേഗത്തിലാണ് എല്ലാം നടന്നതെന്നും അതെങ്ങനെ സംഭവിക്കുന്നുവെന്നും അത്ഭുതപ്പെട്ടത് സുപ്രിംകോടതിയാണ്. തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കാന്‍ നിരവധി നടപടി ക്രമങ്ങളുണ്ട്. പരിഗണിക്കേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയാറാക്കണം. ഇവരുടെ ഡാറ്റാ ബേസ് തയാറാക്കണം.

തുടര്‍ന്ന് സര്‍ക്കാര്‍ ഇതെല്ലാം പരിശോധിച്ച് യോഗ്യനായ ഒരാളെ ശുപാര്‍ശ ചെയ്യണം. ഈ പേരിന് പ്രധാനമന്ത്രി അംഗീകാരം നല്‍കി നിയമനത്തിനായി രാഷ്ട്രപതിക്കയക്കണം. നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി പുറപ്പെടുവിക്കണം. ഇതിന് ദിവസങ്ങളെടുക്കും. എന്നാല്‍, ഗോയലിന്റെ കാര്യത്തില്‍ ഇതെല്ലാം നടന്നത് ഒറ്റ ദിവസം കൊണ്ടാണ്.
മെയ് 15 മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ധൃതി പിടിച്ചൊരാളെ നിയമിക്കേണ്ട സാഹചര്യവുമില്ല. പിന്നെന്തുകൊണ്ട് ഇതുവരെയില്ലാത്ത ആവേശം ഒറ്റദിവസം കൊണ്ടുണ്ടായെന്ന ചോദ്യം സുപ്രിംകോടതി ജഡ്ജി കെ.എം ജോസഫ് തന്നെ ചോദിച്ചു. ആരോപണങ്ങളുടെ ശരശയ്യയിലാണ് കുറച്ചു കാലമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഓരോ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പവും വിവാദങ്ങള്‍ അകമ്പടി വരും. സര്‍ക്കാരിന്റെ താല്‍പര്യം മുന്‍ നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാവും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ബി.ജെ.പിക്ക് ജയിക്കാന്‍ വേണ്ടതെല്ലാം കമ്മിഷന്‍ ചെയ്തിരിക്കുമെന്നാണ് പ്രധാന ആക്ഷപം. തെരഞ്ഞെടുപ്പ് പ്രചാരണകാലങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന ചട്ടലംഘനങ്ങളോട് കണ്ണടച്ചു നില്‍ക്കും. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ എന്തെല്ലാമാണ് നടക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമാണ് അരുണ്‍ ഗോയലിന്റെ നിയമനം.

ഇങ്ങനെയാണ് കമ്മിഷനംഗങ്ങളെ തെരഞ്ഞെടുക്കുന്നതെങ്കില്‍ കമ്മിഷനില്‍ സര്‍ക്കാര്‍ പറയുന്നതേ നടക്കൂ.അരുണ്‍ ഗോയലിനായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയില്‍ മറ്റൊരാളെ നിയമിക്കാതെ മാസങ്ങളായി കാത്തിരിക്കുകയാണെന്ന് വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്ന സംവിധാനം മാറ്റി ഇതിനായി പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെടുന്ന കൊളീജിയം രൂപീകരിക്കാനുള്ള സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ശ്രദ്ധേയമാകുന്നത്. ദുര്‍ബലനും അധികാരികള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവനുമായൊരാളെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കരുതെന്നാണ് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ദുരുപയോഗം ജനാധിപത്യത്തിന്റെ ശവക്കുഴിയിലേക്കുള്ള വഴിയാണെന്ന് കോടതി ചൂണ്ടിക്കാട്ടുന്നത് കഴിഞ്ഞ കാലങ്ങളിലെ ഉദാഹരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടലുകളുണ്ടായ സന്ദര്‍ഭങ്ങള്‍ രാജ്യത്ത് നേരത്തെയുണ്ടായെന്ന് വിധിയില്‍ കോടതി വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി പറയുന്നത് രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ജനാധിപത്യത്തിന് വിജയിക്കാനാകൂ എന്നാണ്. ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. അതിന്റെ പരിശുദ്ധി മാത്രമാണ് ജനങ്ങളുടെ ഇച്ഛയെ യഥാര്‍ഥത്തില്‍ പ്രതിഫലിപ്പിക്കുന്നത്. ബാലറ്റിന് എത്രവലിയ തോക്കിനെക്കാളും ശക്തിയുണ്ട്. സാധാരണക്കാര്‍ നടത്തുന്ന സമാധാനപരമായ വിപ്ലവമാണ് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്. എത്രവലിയ ശക്തിയെയും അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ അതിന് കഴിവുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കാത്ത ഒരു തെരഞ്ഞെടുപ്പ് കമ്മിഷന്‍, നിയമവാഴ്ചയുടെ അടിത്തറയുടെ തകര്‍ച്ച ഉറപ്പാക്കുന്നു.
തന്നെ നിയമിക്കുന്നയാളോട് വിധേയത്വം കാട്ടുന്ന തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ രാജ്യത്തെയാണ് പരാജയപ്പെടുത്തുന്നത്. കൊടുങ്കാറ്റുള്ള സമയങ്ങളില്‍ പോലും തുലാസുകള്‍ തുല്യമായി പിടിക്കാന്‍ കഴിയുന്ന, ശക്തര്‍ക്ക് അടിമയാകാതെ, ബലഹീനരുടെയും തെറ്റിദ്ധരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊള്ളുന്നവരായിരിക്കണം തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെന്നും സുപ്രിംകോടതി വിധിയില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. അരുണ്‍ ഗോയലിന്റെ നിയമനത്തെക്കുറിച്ച് ദുരൂഹമെന്നാണ് സുപ്രിംകോടതി വിധിയില്‍ പരാമര്‍ശിക്കുന്നത്. തന്നെ നിയമിക്കാന്‍ പോകുന്നുവെന്ന് അറിയാതെയാണ് നവംബര്‍ 18ന് വിരമിക്കാന്‍ അദ്ദേഹം അപേക്ഷ നല്‍കിയതെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറയുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരേ കമ്മിഷന്‍ യോഗത്തില്‍ നിലപാടെടുത്ത തെരഞ്ഞെടുപ്പ് കമ്മിഷനംഗം അശോക് ലാവാസ പിന്നീട് ഇ.ഡിയുടെ തുടര്‍ച്ചയായ വേട്ടയാടലുകള്‍ക്ക് വിധേയമായത് നമ്മള്‍ കണ്ടതാണ്. ലാവാസയുടെ ഭാര്യയുടെ സ്ഥാപനത്തില്‍ വരെ ഇ.ഡിയെത്തി. അധികാരത്തിലെത്തിയ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മിഷനെ നിഷ്പക്ഷമാക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്ന കുറ്റപ്പെടുത്തലും കോടതി നടത്തുന്നുണ്ട്. നരേന്ദ്രമോദിക്ക് പ്രചാരണം നയിക്കാന്‍ സൗകര്യം നല്‍കും വിധം തെരഞ്ഞെടുപ്പ് ഷെഡ്യൂളുകള്‍ തയാറാക്കല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചടങ്ങളില്‍ ബി.ജെ.പി നേതാക്കളോട് അയഞ്ഞ നിലപാട് സ്വീകരിക്കല്‍, സര്‍ക്കാര്‍ അനുകൂലികള്‍ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളോട് കണ്ണടക്കല്‍, ആംആദ്മി പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പും നടത്തല്‍, എം.പിക്കെതിരായ കേസിലെ അപ്പീലില്‍ കോടതി തീരുമാനമെടുക്കാനിരിക്കെ ശരവേഗത്തില്‍ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കല്‍ തുടങ്ങി തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ആരോപണങ്ങളുടെ ഒരു നിര തന്നെയുണ്ട്.


വോട്ടിങ് മെഷിന്‍ സംബന്ധിച്ച സംശയങ്ങള്‍ ഇതുവരെ നീക്കാന്‍ കമ്മിഷനായിട്ടില്ല. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ടിങ് മെഷിന്‍ സൂക്ഷിപ്പ് കേന്ദ്രത്തിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാവലിരിക്കേണ്ട സാഹചര്യം സമീപകാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൃഷ്ടിച്ചതാണ്. കമ്മിഷനെ സര്‍ക്കാരില്‍ നിന്ന് പൂര്‍ണമായും സ്വതന്ത്രമാക്കുന്നതിന് കമ്മിഷന്റെ പ്രവര്‍ത്തനത്തിനുള്ള പണം കൈമാറുന്നതിനുള്ള സംവിധാനത്തില്‍ മാറ്റംവരുത്താനും കോടതി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. കമ്മിഷന്റെ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകവും സ്വതന്ത്രവുമായ ഒരു സെക്രട്ടേറിയറ്റ് രൂപീകരിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാരിനോടുള്ള ഏതെങ്കിലും സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഇത് തെരഞ്ഞെടുപ്പ് കമ്മിഷനെ ഒഴിവാക്കുകയും കൂടുതല്‍ സ്വതന്ത്രമായി പെരുമാറാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് കോടതി വിധിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. ഇരുളിനൊടുവില്‍ വെളിച്ചം പുലരുമെന്ന് കരുതാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.