2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വാക്‌സിനിലെ കൃത്രിമവും തെരുവുനായ്ക്കളുടെ ഭീഷണിയും

ടി ആസഫലി

കൊറോണ വൈറസിനുശേഷം സംസ്ഥാനം ഇന്നേവരെ നേരിട്ടില്ലാത്ത അതീവ ഗുരുതര ഭീഷണിയാണ് തെരുവുനായ്ക്കളുടെ വ്യാപക ആക്രമണമുണ്ടായിട്ടുള്ളത്. ഇതു തടയേണ്ട സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും നിഷ്‌ക്രിയരായിരിക്കുന്നതാണ് ഏറ്റവും വിചിത്ര പ്രശ്‌നം. നായ കടിച്ചതിനെത്തുടര്‍ന്നു വാക്‌സിന്‍ എടുത്തിട്ടും കഴിഞ്ഞ ദിവസം മരിച്ച അഭിരാമിയുടെ ദാരുണ മരണം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്.

പേവിഷബാധയെ തുടര്‍ന്ന് മൂന്നു ഡോസ് വാക്‌സിന്‍ എടുത്തിട്ടും ഫലമുണ്ടായില്ല. വാക്‌സിനിലെ കൃത്രിമത്തെ സംബന്ധിച്ച് എന്തുകൊണ്ട് ഡ്രഗ് കണ്ട്രോള്‍ അധികൃതര്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കതിരേ നടപടിയെടുക്കാത്തത്. സര്‍ക്കാര്‍ എന്തുകൊണ്ട് ആവഴിക്കു നീങ്ങുന്നില്ലെന്നത് വളരെ വിചിത്രമാണ്. അഭിരാമി വാക്‌സിനെടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിലായ സാഹചര്യം ഒരിക്കലും ചെറുതായി കാണാന്‍ കഴിയില്ല. വാക്‌സിന് ഫലമുണ്ടായില്ലെന്നത് അതീവ ഗുരുതരമായ കാര്യമാണ്. ആന്റി റാബീസ് വാക്‌സിന്‍ സംബന്ധിച്ചുണ്ടായ പിഴവുകള്‍ പൊതുസമൂഹം വളരെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. വാക്‌സിനിലെ കൃത്രിമവും നിലവാരമില്ലായ്മയും മനുഷ്യ ജീവന്‍ നഷ്ടമായ സംഭവംവരെ ഉണ്ടായിട്ടും മരുന്നു കമ്പനിക്കെതിരായി പ്രോസിക്യൂഷന്‍ നടപടിക്കു പകരം മന്ത്രി വീണ ജോര്‍ജ് കേന്ദ്ര സര്‍ക്കാരിന് വാക്‌സിനിലെ നിലവാരമില്ലായ്മയെ സംബന്ധിച്ചു കത്തെഴുതുകയാണ് ചെയ്തത്. വാക്‌സിനിലെ കൃത്രിമം തെളിഞ്ഞാല്‍ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമം അനുസരിച്ചു നടപടിക്കു മുതിരാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാന്‍ തുനിയുന്നത് കുറ്റകരമായ അനാസ്ഥയാണ്. വന്‍കിട കമ്പനികള്‍ തങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി കാട്ടുന്ന കൃത്രിമങ്ങള്‍ മനുഷ്യജീവന്‍ തന്നെ ഹോമിക്കപ്പെടുന്നു, എന്നിട്ടും ഭരണാധികാരികള്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ പെരുമാറുന്നത് തികച്ചും ദുഃഖകരമാണ്.
പേപ്പട്ടിയെ കൊല്ലാന്‍
പാടില്ലെന്നത് തെറ്റായ പ്രചാരണം
മനുഷ്യനെ കടിക്കുവാന്‍ വരുന്ന പേപ്പട്ടിയെ കൊല്ലാന്‍ പാടില്ലെന്നും അപ്രകാരം പ്രവര്‍ത്തിച്ചാല്‍ കേസ് ഉണ്ടാവുമെന്നുമുള്ള പ്രചാരണം തെറ്റാണ്. നിയമമനുസരിച്ചു മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതും മൃഗങ്ങളെ ദ്രോഹിച്ചു ക്രൂരത കാണിക്കുന്നതും കുറ്റകരമാണ്. 1966ലെ മൃഗങ്ങളോടുള്ള തടയല്‍ നിയമം അനുസരിച്ച് മൃഗങ്ങളെ അനാവശ്യമായി ശാരീരികമായി ദ്രോഹിക്കുക, വാഹനം കയറ്റി ശാരീരികമായി പരുക്കേല്‍പ്പിക്കുക, വേദനിപ്പിക്കുകയും ചെയ്യുക, മൃഗങ്ങളെ കൊണ്ടു കഠിനമായി അടിമവേല ചെയ്യിപ്പിക്കുക, മുറിവുകളും വരുത്തുക, വിഷം നല്‍കുക, ചങ്ങലക്കിടുക, മുറിയില്‍ അടച്ചിടുക, ഭക്ഷണം നല്‍കാതെ മൃഗങ്ങളെ ഉപേക്ഷിക്കുക തുടങ്ങിയ പ്രവൃത്തികളാണ് 1966 ലെ നിയമം മൃഗങ്ങളോടുള്ള ക്രൂരതയെന്നു വിവരിച്ചു ശിക്ഷാര്‍ഹമായ കുറ്റമായി വിവരിച്ചിട്ടുള്ളത്. പക്ഷേ തെരുവുനായ്ക്കളെ മൃഗങ്ങളെ കൊല്ലുന്ന മുറിയില്‍വച്ച് കൊല്ലുന്നതും മറ്റു വ്യവസ്ഥ ചെയ്യുന്ന പ്രകാരം കൊല്ലുന്നതും കുറ്റകരമല്ലെന്ന് പ്രസ്തുത നിയമം 11(3.) (ബി) ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന പേപട്ടികളെ കൊല്ലരുതെന്ന് ചില സംഘടനകള്‍ തെറ്റായി പ്രചരിപ്പിക്കുന്നത് പേ വാക്‌സിന്‍ നിര്‍മാതാക്കളായ വന്‍കിട കമ്പനിക്കാരുടെ സാമ്പത്തിക സ്വാധീനത്തില്‍ പെട്ടിട്ടാണെന്ന് വ്യാപകമായ പ്രചാരണമുണ്ട്. സംസ്ഥാനം നേരിടുന്ന ഈ ജീവല്‍പ്രശ്‌നം സംബന്ധിച്ച് സുപ്രിംകോടതി ഇന്നലെ ഇതു സംബന്ധിച്ച കേസ് പരിഗണനക്ക് എടുത്തപ്പോള്‍ തെരുവുനായ്ക്കളുടെ ശല്യം മനുഷ്യ ജീവനുനേരെ ഉയര്‍ത്തുന്ന ആപല്‍ക്കരമായ സാഹചര്യത്തില്‍ ആശങ്കപ്രകടിപ്പിക്കുകയുണ്ടായി. തന്നെ കൊല്ലാന്‍ വരുന്നയാളെ സ്വയംരക്ഷക്ക് വധിക്കാന്‍ അവകാശമുണ്ടെന്ന് ഇന്ത്യന്‍ പീനല്‍ കോഡില്‍ വ്യവസ്ഥയുണ്ടായിരിക്കെ മനുഷ്യന്റെ ജീവന് അപകടമുണ്ടാക്കുന്ന തെരുവുനായ്ക്കളെ കൊല്ലുവാന്‍ പാടില്ലെന്ന് പ്രചാരണം നടത്തുന്നത് തികച്ചും കളവാണ്. ഇത് സ്വാര്‍ഥതാല്‍പര്യത്തിനു വേണ്ടി നടത്തുന്ന തെറ്റായ പ്രാചരണമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ.

(മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ലേഖകന്‍)

നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം
പൊതു റോഡുകളിലും മറ്റു മനുഷ്യ സഞ്ചാരമുള്ള പൊതുസ്ഥലങ്ങളിലും മനുഷ്യര്‍ക്ക് സുരക്ഷിതമായി നടക്കാനുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെയും പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ചുമതലയാണ്. അതില്‍ വീഴ്ചവരുത്തിയാല്‍ തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നവരുടെ അവകാശികള്‍ക്കും അക്രമത്തില്‍ പരുക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്. തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നതുമൂലവും പരുക്കുപറ്റുന്നതുകൊണ്ടുണ്ടാകുന്ന വൈകല്യങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കുവാന്‍ സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ആദ്യമായി ഒരു ട്രൈബ്യൂണല്‍ അഥവാ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് സിരിജഗന്‍ ചെയര്‍മാനായ കമ്മിറ്റി നിലവിലുള്ളത് കേരളത്തിലാണ്.
പ്രസ്തുത കമ്മിറ്റിയാണ് തെരുവുനായ കടിച്ചവരുടെ പരാതികള്‍ പരിശോധിച്ചു നഷ്ടപരിഹാരം അനുവദിക്കുന്നത്. ജനങ്ങളില്‍ ഈ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ലെന്ന് വേണം കരുതാന്‍. 2022 സെപ്റ്റംബര്‍ വരെ ജസ്റ്റിസ് സിരിജഗന്‍ ചെയര്‍മാനായ മൂന്നംഗ കമ്മിറ്റിക്ക് നഷ്ടപരിഹാരത്തിനായുള്ള 5,191 അപേക്ഷകള്‍ കിട്ടിയെന്നാണ് വിവരം. 749 കേസുകളില്‍ ട്രൈബ്യൂണല്‍ വിധി പ്രസ്താവിച്ചു ബന്ധപ്പെട്ട പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങളോട് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.
സംസ്ഥാനത്തു രണ്ടുലക്ഷം തെരുവുനായ കടിച്ച സംഭവങ്ങളുണ്ടായെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയെങ്കിലും ഏകദേശം പത്തുലക്ഷം നായ കടിച്ച സംഭവങ്ങളുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അഭിഭാഷകന്മാരും ജനപ്രതിനിധികളും വ്യാപകമായ പ്രചാരണം നല്‍കുകയും എല്ലാ ജില്ലാ ജുഡിഷ്യല്‍ ആസ്ഥാനത്തു തെളിവെടുപ്പു നടത്തുകയും ചെയ്താല്‍ ജനങ്ങള്‍ക്ക് നായ കടിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുവാനുള്ള നിയമപരമായ അവകാശങ്ങളെ സംബന്ധിച്ച് പരിര്‍്ഝാനം നല്‍കാവുന്നതാണ്. നായ കടിയേറ്റ വ്യക്തികളോ നായ കടിമൂലം മരണപ്പെട്ടവരുടെ അവകാശികളോ നഷ്ടപരിഹാരത്തിനായി ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി, യു.പി.എ.ഡി ഓഫിസ് ബില്‍ഡിങ്, ഫസ്റ്റ് ഫ്‌ളോര്‍, സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന് സമീപം, നോര്‍ത്ത് പറമറ റോഡ്, കൊച്ചി 682017. [Email: justicesirijagancommittee@gmail.com വിലാസത്തില്‍ ഹരജിനല്‍കുവാന്‍ കഴിയും.
വാഹന അപകടത്തില്‍ പരുക്ക് പറ്റുന്നവരും മരണപ്പെടുന്നവരും നഷ്ടപരിഹാരം ലഭിക്കുവാന്‍ അര്‍ഹതപ്പെട്ടതിനു സമാനമായി നഷ്ടപരിഹാരം കണക്കാക്കി തന്നെ ഹരജി നല്‍കാവുന്നതാണ്. പൊതുവഴിയിലും പബ്ലിക് റോഡുകളിലും മനുഷ്യസഞ്ചാരം സുരക്ഷിതമാക്കേണ്ടത് സര്‍ക്കാരിന്റെ യും പഞ്ചായത്ത് മുന്‍സിപ്പല്‍ ഭരണകൂടങ്ങളുടെ ചുമതലയാണ്. 2020 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇത്തരമൊരു നഷ്ടപരിഹാര ട്രൈബ്യൂണല്‍ എന്നതുതന്നെ നാം നേരിടുന്ന അതീവ ഗുരുതരമായ ഒരു ജീവന്‍ പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.