2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉലയിലൂതിയ പൊന്ന്

കെ.പി സുധീര

എഴുത്തുകാരികൾക്കിടയിൽ വത്സല ടീച്ചറും മാധവിക്കുട്ടിയുമാണ് എന്റെ ആത്മാവിന്റെ അയൽക്കാർ. ആ സ്‌നേഹത്തിന്റെ മഹിത തരംഗങ്ങൾ എന്നും പ്രചോദിപ്പിച്ചിട്ടേയുള്ളൂ. അനുഭവങ്ങളിലൂടെ ആത്മസംസ്‌കാരം ആർജിച്ച മുതിർന്ന എഴുത്തുകാരുമായുള്ള ബന്ധം എന്റെ ആത്മാവിന് സ്വർണകാന്തിയായി.
ഉലയിലൂതിയ പൊന്ന് പോലെയാണ് വത്സല ടീച്ചർ എന്ന് തോന്നിയിട്ടുണ്ട്. നിരവധി പീഡാനുഭവങ്ങളുടെ ചൂളയിൽവച്ച് പാകപ്പെടുത്തിയെടുത്ത ഒരു ജന്മം. മനുഷ്യമനസിന്റെ സങ്കീർണതകളെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ച അത്ഭുതകരമായിരുന്നു.

നെല്ല്, കൂമൻകൊല്ലി, ആഗ്‌നേയം തുടങ്ങി 18 നോവലും മുന്നൂറോളം കഥകളും ടീച്ചർ എഴുതി. ആ വാക്കുകളിൽ നിന്നുതിർന്ന അഗ്‌നിസ്ഫുലിംഗങ്ങൾ വായനക്കാരുടെ അകം പൊള്ളിക്കുന്ന അറിവുകളായി. പ്രകൃതിയും മനുഷ്യനും പരിസ്ഥിതി പ്രശ്‌നങ്ങളും മേലാളന്റെ ക്രൂരതയും അടിയാളന്റെ ദൈന്യതയുമൊക്കെ ആ സർഗാത്മക ഹൃദയത്തെ അസ്വസ്ഥപ്പെടുത്തി. സ്വപ്നാത്മക ജീവിതങ്ങളല്ല, യഥാതഥമായ മനുഷ്യജീവിതമാണ് അവരുടെ തൂലികയിലൂടെ പുറത്തുവന്നത്.
ഇതെഴുതുന്നവളുടെ എഴുത്ത് ആരംഭിച്ചിട്ട് കാൽനൂറ്റാണ്ടാവുന്നു.

   

അത്രയും പഴക്കമുണ്ട് ടീച്ചറുമായുള്ള ആത്മബന്ധത്തിന്. അന്വേഷി നടത്തിയ മത്സരത്തിൽ സമ്മാനം ഏറ്റുവാങ്ങാൻ ചെന്നപ്പോഴാണ് ടീച്ചറെ ആദ്യം കാണുന്നത്. ടീച്ചറിൽ നിന്നാണ് സമ്മാനം ഏറ്റുവാങ്ങിയത്. ‘നല്ല കഥകൾ ഇനിയും എഴുതണം, ഞങ്ങളുടെയൊക്കെ പിന്നാലെ വരണം’ -ടീച്ചർ പറഞ്ഞു
ടീച്ചറുടെ അനേക കൃതികൾ വായിച്ച് പഠിച്ച് ആസ്വാദനങ്ങൾ എഴുതിയിട്ടുണ്ട്. അതെല്ലാം ആ എഴുത്തുകാരിക്ക് ഇഷ്ടമായിരുന്നു. ചില മാസികകൾക്കുവേണ്ടി അഭിമുഖം ചെയ്തതും ഓർമയുണ്ട്. സ്വന്തം ആരോഗ്യത്തെപ്പറ്റി ടീച്ചർ ബോധവതിയായിരുന്നു.

ദിവസവും കാലത്ത് നടക്കാൻ പോവും. പാചകം ചെയ്യും. അതാണത്രെ ഭർത്താവിനും ഇഷ്ടം.ഒന്നിച്ച് എത്രയോ യാത്രകൾ, ചർച്ചകൾ, പ്രസംഗങ്ങൾ… അതൊന്നും മറക്കാനുള്ളതല്ല. ടീച്ചറുടെ ആഴത്തിലുള്ള വായന അത്ഭുപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് അധികവും വായിക്കുക. നിന്ദിതരോടും പീഡിതരോടുമുള്ള വറ്റാത്ത സ്‌നേഹം മനസ്സിൽ സൂക്ഷിച്ച വത്സല ടീച്ചറെ മലയാളി വായനക്കാർ മറക്കുകയില്ല.
ജീവിതാർഥാന്വേഷണത്തിന്റെ ആത്മീയവ്യഥ അറിഞ്ഞ ആ എഴുത്തുകാരി മരിക്കുമ്പോൾ, ആയിരമായി ജനിക്കുന്നു. അത് അവരുടെ എഴുത്തിൻ്റെ ശക്തിയാണ്.

Content Highlights:article about p valsala


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.