മൊയ്തീൻകുട്ടി
ഫൈസി വാക്കോട്
തിരുനബി (സ) യും സ്വഹാബികളും ഹുനൈൻ യുദ്ധം കഴിഞ്ഞ് മടങ്ങുകയാണ്. അവർ ഒരു മരുപ്രദേശത്തെത്തി. വിശ്രമത്തിനായി ഇറങ്ങി. മരമോ ചെടിയോ ഒന്നും അവിടെയില്ല. നബി അനുയായികളോട് പറഞ്ഞു, നിങ്ങളെല്ലാവരും കിട്ടുന്ന സാധനങ്ങൾ പെറുക്കിയെടുത്തു കൊണ്ടുവരിക, ചെറുതോ വലുതോ എന്തോ ആവട്ടെ…
അൽപസമയത്തിനുള്ളിൽ കൊണ്ടുവന്ന സാധനങ്ങൾ കുന്നുപോലെ കുമിഞ്ഞുകൂടി. നബി (സ) പറഞ്ഞു: ‘ഇത് എന്താണെന്ന് നിങ്ങൾക്കറിയാമോ ? ഈ സാധനങ്ങൾ നിങ്ങൾ ഒരുമിച്ച് കൂട്ടിയ പോലെ ഓരോരുത്തരുടെയും പാപങ്ങൾ ഒരുമിച്ച് കൂട്ടപ്പെടും. അത്‌കൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. ചെറുതോ വലുതോ ആയ ഒരു പാപവും ചെയ്തുപോകരുത്. എല്ലാം കൃത്യമായി ഇവിടെ രേഖപ്പെടുത്തുന്നവരുണ്ട് ” (തർഗീബ്).
ആഇശാ (റ) ബീവിയോട് നബി (സ) പറഞ്ഞു : ‘ നിസ്സാരമെന്ന് തോന്നുന്ന പാപങ്ങൾ നീ വളരെ സൂക്ഷിക്കണം. അവയെകുറിച്ചൊക്കെ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ചോദ്യം ചെയ്യാനാളുണ്ട് (നസാഈ).
ചെറിയ പാപങ്ങൾ എത്രയാണ് ചെയ്ത് കൂട്ടുന്നത്. അതാണ് മനുഷ്യപ്രകൃതം. ഓരോന്ന് ചെയ്യുമ്പോഴും നിസാരമായി തോന്നും. ഒന്നിച്ചു കൂട്ടുമ്പോൾ അത് വലിയ പാപമായി മാറുന്നു. സ്വന്തം പത്‌നിയെ നബി (സ) തെര്യപ്പെടുത്തിയത് അതാണ്; ഉദാഹരണസഹിതം അനുയായികളേയും.
ഒരു ഒഴിഞ്ഞ സ്ഥലം. ഒരു കൂട്ടം ആളുകൾ അവിടെ വന്നിറങ്ങി. അവർക്ക് ഭക്ഷണം പാകം ചെയ്യണം. വിറകില്ല. ചെറിയ മരക്കൊമ്പുകൾ ഓരോരുത്തരും ഓരോരുത്തരും കൊണ്ടുവന്നു. വിറകിന്റെ വലിയൊരു കൂമ്പാരം അവിടെ ഉയർന്നുവന്നു. അവരത് കത്തിച്ചു. സാധനങ്ങൾ വേവിച്ചെടുത്തു (അഹ്മദ്). ഓരോ വിറുകകഷ്ണവും എത്ര നിസാരം. പക്ഷെ, അവ ധാരാളമായപ്പോൾ പാചകം ചെയ്യാൻ പാകത്തിലുള്ളതായി.
ആവർത്തനവും നിസാരവൽക്കരണവും പാപത്തെ കുറിച്ച സമീപനത്തിൽ മനുഷ്യനിൽ മാറ്റങ്ങളുണ്ടാക്കുന്നു. അപകടകരമാണത്. അനസ് (റ) പറയുന്നു: “നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുന്നു. രോമത്തേക്കാൾ നിസാരമായാണ് നിങ്ങളതിനെ കാണുന്നത്. എന്നാൽ നബി (സ) യുടെ കാലത്ത് അവ വൻ കുറ്റങ്ങളായിട്ടായിരുന്നു ഞങ്ങൾ എണ്ണിയിരുന്നത് ‘ (ബുഖാരി).
Comments are closed for this post.