2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ന്യൂനപക്ഷാവകാശ പ്രഖ്യാപനവും പ്രായോഗികതയും

ഡോ. എ.ബി മൊയ്തീന്‍കുട്ടി

   

1992 ഡിസംബര്‍ 18നു യു.എന്‍ പൊതുസഭയുടെ 47-135 പ്രമേയത്തിലൂടെയാണ് ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് കൃത്യമായ മാര്‍ഗരേഖ ഉണ്ടാകുന്നത്. ദേശീയമോ, വംശീയമോ, മതപരമോ, ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണ പ്രഖ്യാപനം വിശാലമായ അര്‍ഥത്തില്‍ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ്. ന്യൂനപക്ഷങ്ങളും അവരുടെ അവകാശങ്ങളും ഏതൊരു രാജ്യത്തിന്റെയും പ്രത്യേക ശ്രദ്ധ തേടുന്ന സവിശേഷ കാലമാണിത്. അവകാശ പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം ഓരോ അംഗരാജ്യവും തങ്ങളുടെ രാജ്യത്തെ ദേശീയവും വംശീയവും സാംസ്‌കാരികവും ഭാഷാപരവുമായ ന്യൂനപക്ഷ സ്വത്വങ്ങളെ സംരക്ഷിക്കേണ്ടതും അവരുടെ പരിപോഷണത്തിനുതകുന്ന അവസ്ഥകളെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. അഥവാ ഓരോ രാജ്യവും തങ്ങളുടെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് സംരക്ഷിക്കേണ്ടതുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ ന്യൂനപക്ഷ അവകാശ പ്രഖ്യാപനത്തിന്റെ അടിക്കല്ലും ഇതു തന്നെയാണ്. ലോകത്തൊരിടത്തും ന്യൂനപക്ഷങ്ങളുടെ അസ്ഥിത്വവും നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടരുതെന്നും മറിച്ച് അവരുടെ സംരക്ഷണം രാജ്യങ്ങളുടെ ബാധ്യതയുമാണെന്ന് യു.എന്‍ അസന്ദിഗ്ദമായി വ്യക്തമായിട്ടും ഇന്ത്യയിലുള്‍പ്പെടെ കാര്യങ്ങള്‍ വിപരീതദിശയിലാണ് സഞ്ചരിക്കുന്നത്. ഓരോ രാജ്യവും ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സ്വത്വം നിലനിര്‍ത്തുന്നതിനും നിയമനിര്‍മാണം നടത്തണമെന്ന യു.എന്‍ നിര്‍ദേശത്തെ തുടര്‍ന്ന് പല രാജ്യങ്ങളിലും അവകാശ സംസ്ഥാപനത്തിനും സംരക്ഷണത്തിനുമായി നിയമനിര്‍മാണം തുടങ്ങി. ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ ആരാണെന്നു നിര്‍വചിക്കുന്നില്ലെങ്കിലും ആര്‍ട്ടിക്കിള്‍ 29ഉം 30ഉം ന്യൂനപക്ഷ അവകാശങ്ങള്‍ പറയുന്നുണ്ട്.
ന്യൂനപക്ഷങ്ങള്‍ ആചാരങ്ങളും സംസ്‌കാരവും ഭാഷയും മതവും ഒന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. അവര്‍ക്ക് എല്ലാ പൊതുയിടങ്ങളിലും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പൂര്‍ണാര്‍ഥത്തില്‍ പങ്കെടുക്കാനുള്ള അവകാശങ്ങളുണ്ട്. പൊതുയിടത്തിന്റെയും സമൂഹതലങ്ങളുടെയും സാമാന്യ അര്‍ഥം പൊതുജീവിതത്തിന്റെ നിഖില മേഖലകള്‍ തന്നെയാണ്. ത്രിതല പഞ്ചായത്തിലും നിയമസഭയിലും പാര്‍ലമെന്റിലും സൈന്യവും ഇന്റലിജന്‍സും അടക്കമുള്ള എല്ലാ ഉദ്യോഗങ്ങളിലും അവര്‍ക്ക് അവസരമുണ്ടാകണമെന്നും പേരും മതവും ജാതിയും ജാതിപ്പേരും അതിനു തടസമാകരുതെന്നുമാണ് യു.എന്‍ താല്‍പര്യം. യു.എന്‍ അതു നടപ്പാക്കുന്നതു കൊണ്ടാണ് വിവിധ രാജ്യങ്ങളില്‍നിന്നും സംസ്‌കാരങ്ങളില്‍നിന്നും വംശങ്ങളില്‍നിന്നും ഭാഷകളില്‍നിന്നും ഉള്ളവര്‍ യു.എന്നിന്റെ വിവിധ ശ്രേണികളില്‍ അധികാരത്തില്‍ വരുന്നത്. അമേരിക്കയില്‍ ആഫ്രോ ഏഷ്യന്‍ വംശജന്‍ പ്രസിഡന്റാകുന്നതും ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റാകുന്നതും അതുകൊണ്ടു തന്നെയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 (എ) പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കാനും നടത്തിക്കൊണ്ടു പോകാനും അനുവാദം നല്‍കുന്നുണ്ട്. അത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനു വിമുഖത പാടില്ലെന്നും ഭരണഘടന ഉദ്‌ഘോഷിക്കുന്നു. ഭരണഘടനയുടെ ആ ഉറപ്പിലാണ് നാളിതുവരെ ജാമിഅ മില്ലിയ്യയും ഇതര സ്ഥാപനങ്ങളും തല്‍പരകക്ഷികള്‍ എതിര്‍ത്തിട്ടും ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതും കോടതികള്‍ പണ്ട് അവ വകവച്ചു നല്‍കിയിരുന്നതും. മാനവികതയുടെയും മനുഷ്യവംശങ്ങളുടെയും ഏകത സൂചിപ്പിക്കുന്ന വിധത്തില്‍ ലോകത്തെവിടെയുമുള്ള ന്യൂനപക്ഷങ്ങള്‍ സമാധാനപരമായി ബന്ധപ്പെടുന്നതിനെ തടയാനാവില്ലെന്നും പ്രഖ്യാപനം പറഞ്ഞുവയ്ക്കുന്നു. മനുഷ്യര്‍ തീര്‍ത്ത രാജ്യാതിര്‍ത്തികള്‍ കാരണം പല ന്യൂനപക്ഷങ്ങളും വിവിധ രാജ്യാതിര്‍ത്തികള്‍ക്കുള്ളില്‍ ആയിത്തീര്‍ന്നിട്ടുണ്ട്. ദേശ ന്യൂനപക്ഷങ്ങളും വംശ ന്യൂനപക്ഷങ്ങളും ഒക്കെ ഇതില്‍പ്പെടും. തമിഴ് വംശജരിലും ഭാഷാ ന്യൂനപക്ഷത്തിന്റെ അംശം അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ബംഗ്ലാ വംശജരും കുര്‍ദ് വംശജരും സൈദികളും സിഖുകാരും സബ്‌സഹാറന്‍ ജനവിഭാഗങ്ങളും ആധുനിക ദേശരാഷ്ട്ര നിര്‍മിതിയില്‍ അകപ്പെട്ടുപോയതോ പുറത്തായതോ ആയ മറ്റു വിഭാഗങ്ങളും സമാധാനപരമായി ഒന്നിക്കാന്‍, ബന്ധം പുലര്‍ത്താന്‍ നിയമപരമായ പരിരക്ഷ ഉണ്ടാകണമെന്നുകൂടി യു.എന്‍ ഉദ്ദേശിക്കുന്നുണ്ട്.

അവകാശങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും അനുഭവിക്കാന്‍ അനുമതിയുണ്ടെന്നും പ്രഖ്യാപനത്തിലെ ആര്‍ട്ടിക്കിള്‍ അടിവരയിടുന്നു. പതിറ്റാണ്ടുകളോളം അധികാരത്തിന്റെയും ഉദ്യോഗത്തിന്റെയും സമസ്താവകാശങ്ങളും കീഴടക്കിവച്ച് അനുഭവിച്ചിരുന്നവരോട് 27 ശതമാനം സംവരണം പിന്നോക്കക്കാര്‍ക്ക് നല്‍കണമെന്നു പറഞ്ഞപ്പോള്‍ വന്‍ വിവാദങ്ങളുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി വാദിക്കുന്നത് ശിക്ഷിക്കപ്പെടാവുന്ന അപരാധമായി മാറുന്ന കാലഘട്ടം വന്നുചേര്‍ന്നു. നിയമത്തിനു മുന്നില്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യത നമ്മുടെ രാജ്യത്തെ സംബന്ധിച്ച് പുതിയ കാര്യമല്ല. ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും എല്ലാ വിഷയത്തിലുമുള്ള തുല്യത ഉറപ്പാക്കുകയും ഒരര്‍ഥത്തിലുമുള്ള വിവേചനവും പാടില്ലെന്നും ഉറക്കെ പറയുന്നുമുണ്ട്. എന്നാല്‍ പ്രായോഗിക തലത്തില്‍ ദലിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ന്യൂനപക്ഷങ്ങളും രാജ്യത്ത് വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും ഭാഷയുടെയും മറ്റും പേരില്‍ രാജ്യത്ത് ന്യൂനപക്ഷവേട്ട തന്നെ നടക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.
ന്യൂനപക്ഷ വിഭാഗങ്ങള്‍ അവരുടെ മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യവും സമ്പൂര്‍ണമായും ക്രിയാത്മകമായും വിനിയോഗിക്കുന്നുണ്ടെന്നും അനുഭവിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഓരോ അംഗരാജ്യങ്ങളും നടപടികള്‍ എടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര സമൂഹങ്ങളും ഐക്യരാഷ്ട്രസഭയും മറ്റു സംവിധാനങ്ങളും ലോകത്തെവിടെയും നടക്കുന്ന ന്യൂനപക്ഷ ധ്വംസനങ്ങളെയും പീഡനങ്ങളെയും വീക്ഷിക്കുകയും അവ ചര്‍ച്ചയ്ക്കു വിധേയമാക്കുകയും ചെയ്യുന്നുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ രാജ്യത്തിനു ശിരസുയര്‍ത്തി നില്‍ക്കാന്‍ സാധിക്കണമെങ്കില്‍ ഇവിടെ വര്‍ഗീയ കലാപങ്ങളും വംശഹത്യകളും നടക്കരുത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അവരുടെ സ്വത്വം വെളിപ്പെടുത്താനും തനിമ നിലനിര്‍ത്താനുമുള്ള അനുകൂല അവസരങ്ങളും അവസ്ഥകളും സൃഷ്ടിക്കാന്‍ അംഗരാജ്യങ്ങള്‍ പരിശ്രമിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഗോത്രാചാരങ്ങളും ആഫ്രിക്കയിലെ ആദിവാസി അനുഷ്ഠാനങ്ങളും അവ മാനുഷികതയ്ക്ക് എതിരാവാത്തിടത്തോളം വച്ചുപുലര്‍ത്തുന്നതിനു ന്യൂനപക്ഷങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അത്തരം ആചാരങ്ങള്‍ മനുഷ്യന്റെ അഭിമാനത്തിനും അന്തസിനും യോജിക്കാതെ വരുമ്പോള്‍ എതിര്‍പ്പുണ്ടായേക്കാം. ജാത്യാഭിമാനത്തിന്റെ പേരിലുള്ള അരുതായ്മകള്‍ക്ക് ഈ സംരക്ഷണം ഉണ്ടാകില്ല. വ്യക്തിനിയമ സംരക്ഷണം ന്യൂനപക്ഷ അവകാശമായി മാറുന്നത് ഈ തലത്തിലാണ്.

ഓരോ രാജ്യത്തിന്റെയും സാമ്പത്തിക അഭിവൃദ്ധിയിലും പുരോഗതിയിലും പരിപൂര്‍ണ അര്‍ഥത്തില്‍ ന്യൂനപക്ഷങ്ങള്‍ പങ്കാളികളാകുന്നവിധം രാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്നും ന്യൂനപക്ഷ അവകാശരേഖയുടെ ആര്‍ട്ടിക്കിള്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ 5 പ്രകാരം ന്യായമായ ആവശ്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനകള്‍ നല്‍കിയാകണം ദേശീയനയങ്ങളും പദ്ധതികളും നടപ്പാക്കേണ്ടത്. ഇത് എത്രത്തോളം പ്രയോഗത്തില്‍ വരുത്തുന്നോ അത്രമേല്‍ ന്യൂനപക്ഷ സൗഹൃദമാണ് ഒരു രാഷ്ട്രമെന്നു പറയാനാകും. രാജ്യത്ത് നടപ്പാക്കുന്ന സി.എ.എ, എന്‍.ആര്‍.സി തുടങ്ങിയ നിയമങ്ങള്‍ ന്യൂനപക്ഷവിരുദ്ധമാണെന്ന് സുതരാം വ്യക്തമാണല്ലോ. ഇങ്ങനെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഒരുപോലെ ലംഘിക്കപ്പെടുന്ന ഘട്ടം വരുമ്പോള്‍ ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും മറ്റു സമിതികളും അത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുക സ്വാഭാവികമാണ്.

ആര്‍ട്ടിക്കിള്‍ 6 പ്രകാരം പരസ്പര ധാരണയും വിശ്വാസവും പരിപോഷിപ്പിക്കുന്നതിനായി അംഗരാജ്യങ്ങള്‍ ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ സഹകരിക്കുകയും വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ പാകിസ്താനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളാണ്. അവരുടെ വിവരങ്ങള്‍ നമുക്കു ലഭിക്കേണ്ടതുണ്ട്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ന്യൂനപക്ഷമായ സിഖുകാരുടെയും ബുദ്ധ ജൈന വിഭാഗങ്ങളുടെയും വിവരങ്ങള്‍ ഇന്ത്യക്ക് ലഭിക്കുന്നത് ആ വിഭാഗങ്ങളുടെ ഗുണത്തിനു വേണ്ടി ഉപയോഗിക്കാനാകും. ഇതേ നയം തന്നെയാണ് ന്യൂനപക്ഷം എന്ന നിലയില്‍ മുസ്‌ലിംകളുടെ കാര്യത്തിലും തുടരേണ്ടത്. ന്യൂനപക്ഷ അവകാശ പ്രഖ്യാപനത്തിലെ അവകാശങ്ങള്‍ അനുഭവിക്കുന്നത് മനുഷ്യാവകാശങ്ങളോ മൗലിക സ്വാതന്ത്ര്യമോ അനുഭവിക്കുന്നതിനെതിരാണെന്ന് മുന്‍വിധികളുണ്ടാകരുതെന്നും പ്രഖ്യാപനം നിഷ്‌കര്‍ശിക്കുന്നുണ്ട്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് റിസര്‍വേഷനില്ലേ, അവര്‍ക്ക് പിന്നെ എന്തിനാ ജനറല്‍ സീറ്റ് എന്ന മുന്‍വിധിയുള്ള പരിസരത്ത് ഈ നിബന്ധയുടെ അകംപൊരുള്‍ എളുപ്പത്തില്‍ മനസിലാകും. ന്യൂനപക്ഷ അവകാശങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പിന്നെന്തിന് മൗലികാവകാശവും മനുഷ്യാവകാശവും എന്നു ചോദിക്കരുതെന്നു സാരം.

നേരത്തെ സൂചിപ്പിച്ചതുപോലെ, രാജ്യങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യം, തുല്യത എന്നീ യു.എന്‍ പൊതുതത്വങ്ങള്‍ക്കും മനുഷ്യാവകാശ പ്രഖ്യാപനം എതിരല്ല. ഓരോ രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളും സുരക്ഷയും പോലെ പ്രധാനമാണ് ന്യൂനപക്ഷ അവകാശങ്ങളും. ഐക്യരാഷ്ട്രസഭ തത്വം പറയുക മാത്രമല്ല, നടപ്പാക്കാനുള്ള നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. അതു കൃത്യമായി സംവിധാനിക്കുകയാണ് അംഗരാജ്യങ്ങളുടെ ബാധ്യത.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.