2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുസ്‌ലിം നേതാക്കള്‍ വിദ്വേഷ പ്രചരണം നടത്തുന്നു; ധര്‍മ സന്‍സദിനെതിരായ ഹരജിയെ എതിര്‍ത്ത് ഹിന്ദുസേന സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: മുസ്ലിം നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തുന്നുവെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കി തീവ്രഹിന്ദുത്വ സംഘടനകള്‍. ഹരിദ്വാറിലേയും ഡല്‍ഹിയിലേയും വിദ്വേഷപ്രസംഗത്തിനെതിരെയുള്ള ഹരജിയെ എതിര്‍ത്തുകൊണ്ടും മുസ്ലിം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹിന്ദു സേന, ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ തങ്ങളെ കക്ഷിയാക്കണമെന്ന് ഹിന്ദുസേന, ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്നീ സംഘടനകള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ധരം സന്‍സദിലെ മതനേതാക്കളുടെ പ്രസ്താവനകള്‍ അഹിന്ദുക്കളുടെ ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണങ്ങളോടുള്ള പ്രതികരണമായിരുന്നു, അവയെ ‘വിദ്വേഷ പ്രസംഗം’ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നാണ് ഹിന്ദുസേനയുടെ വാദം.

‘ഹിന്ദുക്കളുടെ ആത്മീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഹരജിക്കാരന്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടയാളാണ്, ഹിന്ദു ധര്‍മ സന്‍സദുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എതിര്‍പ്പ് ഉന്നയിക്കാന്‍ പാടില്ല’- എന്നും ഹരജിയില്‍ പറയുന്നു.

   

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയെയും വാരിസ് പത്താനെപ്പോലുള്ള മറ്റ് മുസ്ലീം നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും ഹിന്ദുസേന അധ്യക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചതിനാല്‍ ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും പരിശോധിക്കണമെന്ന് മറ്റൊരു സംഘടനയായ ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു.

ഹരിദ്വാറിലെയും ഡല്‍ഹിയിലെയും വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ കുര്‍ബാന്‍ അലിയും പട്ന ഹൈക്കോടതിയിലെ മുന്‍ ജഡ്ജി അഞ്ജന പ്രകാശുമാണ് ഹരജി നല്‍കിയിരുന്നത്.

വിദ്വേഷ പ്രസംഗത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തിനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും ജനുവരി 12ന് നോട്ടീസ് അയച്ചിരുന്നു. പിന്നാലെ ഉത്തരാഖണ്ഡ് പൊലീസ് വിദ്വേഷ പ്രസംഗം നടത്തിയവരില്‍ ഒരാളായ യതി നരസിംഹാനന്ദിനെയും ജിതേന്ദ്ര നാരായണ്‍ ത്യാഗിയെയും (നേരത്തെ വസിം റിസ്വി) അറസ്റ്റ് ചെയ്തു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.