2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ശമ്പള തർക്കം: കാനഡയിലെ 150,000 പൊതു ജീവനക്കാർ പണിമുടക്കിലേക്ക്, രാജ്യം സ്തംഭിക്കും

ഒട്ടാവ: പൊതുമേഖലാ യൂണിയനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച അർദ്ധരാത്രി മുതൽ കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരത്തിന് സാക്ഷിയാകും. സർക്കാർ ജീവനക്കാരാണ് ചരിത്ര സമരത്തിന് നേതൃത്വം നൽകുന്നത്. 155,000 ഫെഡറൽ തൊഴിലാളികൾ ബുധനാഴ്ച അർദ്ധരാത്രി പണിമുടക്കും. പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയും (പിഎസ്എസി) സർക്കാർ ജീവനക്കാരെ നിയമിക്കുന്ന ട്രഷറി ബോർഡ് ഓഫ് കാനഡയും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം.

“പണിമുടക്ക് നടത്താൻ നിർബന്ധിതരാകില്ലെന്ന് ഞങ്ങൾ ശരിക്കും പ്രതീക്ഷിച്ചു. പക്ഷേ കാനഡയിലെ ഫെഡറൽ പബ്ലിക് സർവീസിന് തൊഴിലാളികൾക്ക് ന്യായമായ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കരാറിലെത്താൻ സാധിച്ചില്ല. ഇനി പണിമുടക്ക് അല്ലാതെ വേറെ വഴികളില്ല” പിഎസ്എസി ദേശീയ പ്രസിഡന്റ് ക്രിസ് എയ്ൽവാർഡ് പറഞ്ഞു.

ഇത്രയധികം സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനാൽ പണിമുടക്ക് വിവിധ മേഖലകളെ സാരമായി തന്നെ ബാധിക്കും. പ്രധാനമായും ബാധിക്കപ്പെടുന്ന സേവനങ്ങളിലൊന്ന് ഇമിഗ്രേഷനാണ്. ഇത് താൽക്കാലിക വർക്ക് പെർമിറ്റുകൾ, സ്ഥിര താമസം, വിദേശ വിദ്യാർത്ഥികൾക്കുള്ള പഠന പെർമിറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷകർക്ക് തിരിച്ചടിയാകും. ഇന്ത്യയിൽ നിന്നുള്ള നിരവധിപ്പേരാണ് ഈ സേവനങ്ങൾക്കായി കാത്തിരിക്കുന്നത്.

രാജ്യത്തെ മുഴുവൻ ഫെഡറൽ പബ്ലിക് സർവീസ് ജീവനക്കാരിൽ മൂന്നിലൊന്ന് പേരും പണിമുടക്കിൽ പങ്കെടുക്കും. ഇതോടെ രാജ്യത്തെ എല്ലാ സേവനങ്ങളും നാളെ മുതൽ രാജ്യവ്യാപകമായി സേവനങ്ങൾ മന്ദഗതിയിലാകുകയോ അല്ലെങ്കിൽ നിർത്തിവെക്കേണ്ടിയോ വരും. റാസ്‌ സ്വീകരിക്കുന്നത് നിർത്തിവെക്കേണ്ടി വരും. തൊഴിൽ ഇൻഷുറൻസ് സേവനങ്ങൾ തടസപ്പെടും. ഇമിഗ്രേഷൻ വിഭാഗത്തിലെ തടസങ്ങൾ തുറമുഖങ്ങളിലെ വിതരണ ശൃംഖലകൾക്കും അന്താരാഷ്ട്ര വ്യാപാരത്തിനും തടസം സൃഷ്ടിച്ചേക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.