
ബംഗളൂരു: കര്‍ണാടകത്തില്‍ കന്നുകാലി കശാപ്പ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കാലികളുമായി ട്രക്കില്‍ പോവുകയായിരുന്ന ആബിദ് അലിയെയാണ് പൊലിസ് ചിക്ക്മംഗളുരുവില്‍ അറസ്റ്റ് ചെയ്തത്.
ട്രക്ക്് തടഞ്ഞുനിര്‍ത്തിയ നാട്ടുകാരില്‍ ചിലര്‍ അനധികൃത പശുക്കടത്ത് ആരോപിച്ച് തന്നെ ആക്രമിച്ചെന്നു ആബിദ് അലി പരാതിപ്പെട്ടിട്ടുണ്ട്. അജ്ഞാത സംഘമാണ് ആബിദ് അലിയെ മര്‍ദ്ദിച്ചതെന്നും പരിക്കേറ്റ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലിസ് അറിയിച്ചു. കന്നുകാലികളെ കടത്തിയ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തതായും പൊലിസ് പറഞ്ഞു.
ജനുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഈ മാസം അഞ്ചിനാണ് കര്‍ണാടകത്തില്‍ നിയമം നിലവില്‍ വന്നത്. കര്‍ണാടക നിയമ സഭ പാസാക്കിയ ബില്‍ ഉപരിസഭ കടന്നിരുന്നില്ല. തുടര്‍ന്ന് യെദ്യൂരപ്പ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. നിയമം ലംഘിച്ചാല്‍ 7 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. 13 വയസിനു മുകളിലുള്ള പോത്തിനേയും എരുമയെയും അറുക്കാമെന്ന് നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.
നിയമം പ്രാബല്യത്തില്‍ വന്നാല്‍, നടപ്പാക്കാനിറങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന വിപുലമായ അധികാരങ്ങളെ ചൊല്ലി ആക്ഷേപം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിനകത്ത് നിയമം ലംഘിക്കപ്പെട്ടോയെന്ന് സംശയം തോന്നുന്നയിടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും വസ്തുവകകള്‍ പിടിച്ചെടുക്കാനും എസ്.ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിയമം അധികാരം നല്‍കുന്നുണ്ട്. മാത്രമല്ല നിയമം നടപ്പാക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ യതൊരുതരത്തിലുള്ള നിയമ നടപടിയും പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.