2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അര്‍ണബ് ഗോസ്വാമി ജാമ്യം തേടി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ്്് അര്‍ണബ് സുപ്രീം കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രാ സര്‍ക്കാര്‍, മുംബൈ പൊലീസ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

 ഇന്നലെയാണ് ബോംബെ ഹൈക്കോടതി അര്‍ണബിന് ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യത്തിനായി അര്‍ണബിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, എംഎസ് കാര്‍നിക് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ വിധി.

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ വസതിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ബലമായി കസ്റ്റഡിയില്‍ എടുത്തെന്നും അര്‍ണബ് പരാതി ഉന്നയിച്ചിരുന്നു. പൊലീസ് വീട്ടുകാരെയും കയ്യേറ്റം ചെയ്‌തെന്നും അര്‍ണബ് ആരോപിച്ചു.

ഇതിനു പിന്നാലെ അര്‍ണബിനെതിരെ മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഐപിസി 34, 353, 504,506, വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കസ്റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ര്‍ന്ന് കഴിഞ്ഞ ദിവസം അര്‍ണബിനെ തലോജ ജയിലിലേക്കു മാറ്റിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.