കമ്പം: ജനവാസമേഖലയിലിറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടി വെച്ച് വീഴ്ത്തിയ അരിക്കൊമ്പനെ തിരുനല്‍വേലി കാട്ടിലേക്ക് കൊണ്ടുപോകും. കളക്കാട്ട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തിലേക്ക് ആനയെ കൊണ്ടുപോവുമെന്നാണ് വിവരം. തിങ്കളാഴ്ച്ച പുലര്‍ച്ചെ 12.30 നാണ് പൂശാനംപെച്ചിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. തമിഴ്‌നാട് വനംവകുപ്പാണ് ആനയെ മയക്കുവെടിവച്ചത്.
തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. കമ്പത്ത് അരിക്കൊമ്പന്റെ സാന്നിധ്യം ഉണ്ടായി പത്താം ദിവസമാണ് മയക്കുവെടി വെച്ചത്. ആന വനത്തില്‍ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. ശേഷം കാലുകള്‍ ബന്ധിച്ച് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വനത്തിലേക്ക് പുറപ്പെട്ടു.മൂന്ന് കുങ്കിയാനകളെയാണ് സ്ഥലത്തെത്തിച്ചിരുന്നത്. ഇവയുടെ സഹായത്തോടെയാണ് എലഫന്റ് ആംബുലന്‍സിലേക്ക് അരിക്കൊമ്പനെ കയറ്റിയത്. അതിനിടെ, മയക്കുവെടിയേറ്റ ആന പൂര്‍ണ അരോഗ്യവാനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ ഏറെക്കാലം ഭീതിപരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന് കീഴിലുള്ള ദൗത്യസംഘം മയക്കുവെടിവെച്ച് പെരിയാര്‍ കടുവസങ്കേതത്തിലേക്ക് മാറ്റിയിരുന്നത്. ഇവിടെനിന്നും തമിഴ്‌നാട് അതിര്‍ത്തിയിലെ ജനവാസമേഖലയിറങ്ങിയതോടെയാണ് വീണ്ടും മയക്കുവെടി വച്ചത്.
Comments are closed for this post.