2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാരക്കാനയില്‍ അര്‍ജന്റീനക്ക് വിജയം; സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലും വിറപ്പിച്ച് ബ്രസീല്‍

മാരക്കാനയില്‍ അര്‍ജന്റീനക്ക് വിജയം; സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലും വിറപ്പിച്ച് ബ്രസീല്‍

റിയോഡി ജനീറോ: നെയ്മര്‍ ജൂനിയര്‍, വിനീഷ്യസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലിറങ്ങിയ ബ്രസീലിനെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി ലോകചാംപ്യന്‍മാരായ അര്‍ജന്റീന. ഗ്രൗണ്ടിലും ഗാലറിയിലും പരുക്കന്‍ അടവുകള്‍ കണ്ട മത്സരത്തില്‍ 63ാം മിനിറ്റില്‍ പ്രതിരോധതാരം ഒട്ടമെന്‍ഡിയാണ് അര്‍ജന്റീനക്കായി ലക്ഷ്യംകണ്ടത്. 81ാം മിനിറ്റില്‍ അര്‍ജന്റീന മധ്യനിരക്കാരന്‍ ഡി പോളിനെ ഫൗള്‍ ചെയ്തതിന് ജോലിന്‍ടണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബ്രസീല്‍ ടീം 10 പേരുമായാണ് തുടര്‍ന്ന് കളിച്ചത്.

അര്‍ജന്റീനക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി 78 മിനിറ്റ് നേരം കളിച്ചെങ്കിലും ബ്രസീല്‍ പ്രതിരോധനിര പൂട്ടിയതിനാല്‍ അദ്ദേഹത്തിന് തിളങ്ങാനായില്ല. ഇന്നത്തെ വിജയത്തോടെ ആറു മത്സരങ്ങളില്‍നിന്ന് 15 പോയിന്റുള്ള അര്‍ജന്റീന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബ്രസീലിന് ആറു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റ് മാത്രമാണുള്ളത്.

   

ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് മത്സരമാണ് ഇന്ന് രാവിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ നടന്നത്. ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലേക്ക് എത്തിയതോടെ മത്സരം നിശ്ചിത സമയവും കഴിഞ്ഞാണ് തുടങ്ങിയത്. അര്‍ജന്റൈന്‍ ദേശീയഗാനം ആരംഭിക്കുമ്പോള്‍ ബ്രസീലിയന്‍ ആരാധകരുടെ ഭാഗത്തുനിന്നുള്ള കൂവി വിളിയാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇരുവിഭാഗം കാണികളും കൈയാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നു. ആരാധരോട് ശാന്തരാകാന്‍ മെസിയും മാര്‍ക്വീഞ്ഞോസും അടക്കമുള്ള താരങ്ങള്‍ അഭ്യര്‍ഥിച്ചെങ്കിലും അടി തുടര്‍ന്നു. മത്സരം ഉപേക്ഷിക്കുമോ എന്ന ഘട്ടം ഉണ്ടായെങ്കിലും പൊലിസ് ഇടപെട്ട് നിയന്തണവിധേയമാക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.