ദോഹ: ആവേശം പെനൽറ്റി ഷൂട്ടൗട്ടോളമെത്തിയ ക്വാർട്ടർ പോരാട്ടങ്ങളിൽ ബ്രസീലും നെതർലൻഡ്‌സും വീണതോടെ അർജന്റീനയും ക്രൊയേഷ്യയും ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിലെത്തി. നിശ്ചിതസമയത്തും അധികസമയത്തും സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ-ക്രൊയേഷ്യ, അർജന്റിന- നെതർലാൻഡ്‌സ് മത്സരവിജയികളെ തീരുമാനിച്ചത്. ഡിസംബർ 13ന് സെമിഫൈനലിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും.
ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് നെതർലൻഡ്‌സിനെതിരേ അർജന്റീനയുടെ ജയം. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻേ്രഡാ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടു. അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തുപോയി.
നെതർലൻഡ്‌സിനായി ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരെടുത്ത കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയുടെ ഹീറോ. നെതർലൻഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവർ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.
35ാം മിനിറ്റിൽ മോളിനയുടെ തകർപ്പൻ ഗോളിലൂടെ മുമ്പിലെത്തിയ അർജന്റീനയ്ക്ക് 75ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി മെസി ലീഡ് നൽകി. എന്നാൽ 83ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും വല കുലുക്കി വെഗോർസ്റ്റ് കളി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു.
അതേസമയം, നിശ്ചിതസമയത്ത് സൂപ്പർ താരം നെയ്മർ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും സമനില ഗോൾ നേടി ക്രൊയേഷ്യ മത്സരം പെനാൽറ്റിയിലെത്തിക്കുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്‌കോറിനായിരുന്നു ക്രൊയേഷ്യയുടെ ജയം.
പെനാൽറ്റിയിൽ ക്രൊയേഷ്യക്കായി ആദ്യ കിക്കെടുത്തത് നികോളാ വ്ലാസിച്ച്. ആദ്യ കിക്ക് വ്ളാസിക് ഗോളാക്കിയതോടെ സമ്മർദ്ദം ബ്രസീലിന്. ബ്രസീലിനായി ആദ്യ കിക്കെടുക്കാൻ എത്തിയത് യുവതാരം റോഡ്രിഗോ. റോഡ്രിയുടെ കിക്ക് ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവാകോവിച്ച് രക്ഷപ്പെടുത്തി. പിന്നീടെല്ലാം ക്വാർട്ടർവരെ തങ്ങളെ കാത്ത അലിസൺ ബെക്കറുടെ കൈകളിൽ. എന്നാൽ ക്രൊയേഷ്യയുടെ രണ്ടാം കിക്കെടുത്ത ലോവ്റോ മജേർ തന്റെ കിക്ക് ഗോളാക്കി. ബ്രസീലിനായി രണ്ടാം കിക്കെടുത്ത കാസിമെറോയും വല കുലുക്കി.
ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുക്കാൻ എത്തിയത് നായകൻ ലൂക്കാ മോഡ്രിച്ച്. പരിചയസമ്പത്തും കരുത്തും ഒത്തുചേർന്ന മോഡ്രിച്ചിന്റെ കിക്ക് തടയാൻ അലിസണ് കഴിഞ്ഞില്ല, സ്‌കോർ 3-1. ബ്രസീലിന്റെ മൂന്നാം കിക്കെടുത്തത് യുവതാരം പെഡ്രോ. പിഴവേതുമില്ലാതെ പെഡ്രോ ഗോൾ നേടിയതോടെ ബ്രസീലിന് പ്രതീക്ഷയായി. ക്രൊയേഷ്യയുടെ നിർണായക നാലാം കിക്കെടുക്കാൻ എത്തിയത് മിസ്ലാവ് ഓർസിച്ച്.
ബ്രസീലിന്റെ നാലാം കിക്കെടുക്കാൻ എത്തിയത് പ്രതിരോധനിരയിലെ വിശ്വസ്തൻ മാർക്വിഞ്ഞോസ്. മാർക്വീഞ്ഞോസ് എടുത്ത നിർണായക കിക്ക് പോസ്റ്റിൽ തട്ടിമടങ്ങിയതോടെ ഒരിക്കൽ കൂടി ക്വാർട്ടർ കടമ്പ കടക്കാനാവാതെ ബ്രസീൽ മടങ്ങി.
Comments are closed for this post.