2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആ ‘ചീത്തപ്പേരും’ പോയി; ‘കളർ ടി.വി കാലത്തും കിരീടം ചൂടി അർജന്റിന

 

ദോഹ: ഫുട്‌ബോൾ ചരിത്രം എന്നാൽ അത് അർജന്റൈൻ ഫുട്‌ബോളിന്റെ കൂടി ചരിത്രമാണെങ്കിലും കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി വിശ്വകിരീട ദാരിദ്ര്യം അനുഭവിച്ചുവരികയായിരുന്നു അർജന്റിന. ഏതൊരുതലമുറയിലും ‘വൺ ഓഫ് ദി ബെസ്റ്റ്’ താരം അർജന്റീനയുടെ സ്‌ക്വാഡിൽ ഉണ്ടാവാറുണ്ടെങ്കിലും കിരീടനേട്ടം മാത്രം അകന്നുനിന്നു. അതുകൊണ്ട് തന്നെ, അർജന്റീനൻ വിരുദ്ധരായ ആരാധകരുടെ ഒരു ആരോപണമായിരുന്നു ‘കളർ ടി.വി വന്നതിന് ശേഷം കപ്പ് അടിച്ചിട്ടില്ല’ എന്നത്. ആ ‘ചീത്തപ്പേരും’ ഇല്ലാതാക്കിയാണ് ഇന്ന് ദോഹയിൽ ലയണൽ മെസ്സി കപ്പുയർത്തിയത്.

ഇതിഹാസ താരം മറഡോണയുടെ ടീം 1986ലാണ് മുമ്പ് അർജന്റീനയ്ക്ക് വേണ്ടി കപ്പ് സ്വന്തമാക്കിയത്. അതുകഴിഞ്ഞ് 36 വർഷത്തിന് ശേഷം ഇന്നാണ് ടീം കപ്പിൽ മുത്തമിട്ടത്. ലോകകപ്പ് കിരീടത്തിന്റെ പകിട്ടോടെ തന്നെ മെസിയുടെ കരിയറിന് പൂർണത കൈവരികയും ചെയ്തു.

അക്ഷരാർഥത്തിൽ ഫൈനലായ കലാശപ്പോരിൽ വിധിനിർണയിച്ച് പെനാൽറ്റി ഷൂട്ടൌട്ട്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും മൂന്നു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഭാഗ്യം തുണച്ചപ്പോൾ അർജന്റീന ചാംപ്യന്മാർ. മത്സരത്തിൽ ഫ്രാൻസിനായി സൂപ്പർ താരം കെലിയൻ എംബാപ്പെ ഹാട്രിക് നേടിയ മത്സരത്തിൽ അർജന്റീനക്കായി സൂപ്പർ താരം ലയണൽ മെസി ഇരട്ട ഗോളും എയ്ഞ്ചൽ ഡി മരിയ ഒരു ഗോളും നേടി. പെനാൽറ്റിയിൽ നിന്നായിരുന്നു എംബാപ്പെയുടെ രണ്ടു ഗോളുകൾ. അർജന്റീനയുടെ ആദ്യ ഗോൾ മെസിയും പെനാൽറ്റിയിലൂടെയാണ് നേടിയത്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്ന അർജന്റീന രണ്ടാം പകുതിയിൽ 80,81 മിനുട്ടുകളിൽ എംബാപ്പെയിലൂടെ തിരിച്ചു വരികയായിരുന്നു. പെനാൽറ്റിഷൂട്ടൌട്ടിൽ ഫ്രാൻസ് രണ്ട് കിക്കുകൾ പാഴാക്കിയപ്പോൾ അർജന്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചാണ് കിരീടത്തിൽ മുത്തമിട്ടത്.

ഗോളടിച്ചും ഗോളടിപ്പിച്ചും തന്റെ മാജിക്കൽ നിമിഷങ്ങൾ ഓരോന്നായി പുറത്തെടുത്തും മെസി നിറഞ്ഞാടി അർജന്റീന കുപ്പായം അഴിക്കുന്നു. ലോകകപ്പ് കിരീട നേട്ടത്തോടെ ഒരു മഹത്തായ യാത്രയ്ക്ക് ഏറ്റവും സാർഥകമായ വിരാമം അദ്ദേഹം കുറിക്കുന്നു. സഊദി അറേബ്യയോട് പരാജയപ്പെട്ട് തകർന്നു പോയ ഒരു സംഘത്തെ തന്റെ കളി മികവിന്റെ ഔന്നത്യം കൊണ്ട് അടയാളപ്പെടുത്തിയാണ് മെസി അർജന്റീനയെ കിരീട നേട്ടത്തിലേക്ക് ആനയിച്ചത്.

1978ലും 1986ലും കിരീട നേടിയ അർജന്റീന ലോകകപ്പിൽ തങ്ങളുടെ മൂന്നാം മുത്തവും ചാർത്തി. അഞ്ച് കിരീടങ്ങളുള്ള ബ്രസീലിനും നാല് വിതം കിരീടങ്ങളുള്ള ജർമനിക്കും ഇറ്റലിക്കും പിന്നിൽ മൂന്ന് കിരീടവുമായി ഇനി നാലാം സ്ഥാനത്ത് അർജന്റീനയും തങ്ങളുടെ പേര് എഴുതി ചേർത്തു.

Argentina beat France on penalties to win World Cup after stunning final


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.