2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുട്ടി ഡ്രൈവര്‍മാര്‍ വീട്ടിലുണ്ടോ? രക്ഷിതാക്കള്‍ കുടുങ്ങും; നിയമം ഇങ്ങനെ

കുട്ടി ഡ്രൈവര്‍മാര്‍ വീട്ടിലുണ്ടോ? രക്ഷിതാക്കള്‍ കുടുങ്ങും; നിയമം ഇങ്ങനെ

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വണ്ടിയോടിക്കാന്‍ കൊടുത്ത് പൊല്ലാപ്പിലായ രക്ഷിതാക്കളുടെ കഥ ദിനേനയെന്നോണം മാധ്യമങ്ങളിലൂടെ അറിയുന്നവരാണ് നമ്മള്‍. കേരളത്തിലെ നിരത്തുകളില്‍ എ.ഐ ക്യാമറകള്‍ മിഴി തുറന്നതോടെ ഇത്തരം കേസുകളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് കുട്ടിയുടെ സഹോദരനായ ആലുവ സ്വദേശിക്ക് 34000 രൂപ പിഴയും ഒരു ദിവസത്തേക്ക് തടവും വിധിച്ചതാണ് ഇത്തരം കേസുകളില്‍ ഏറ്റവും പുതിയത്. കൂട്ടത്തില്‍ വാഹനത്തിന്റെ ആര്‍.സി ഉടമയായ യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സമാനമായി ലൈസന്‍സില്ലാതെ മകനും സുഹൃത്തുക്കളും സ്‌കൂട്ടറില്‍ ചുറ്റിയതിന് കുട്ടിയുടെ അമ്മക്ക് പിഴ വിധിച്ച വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കുട്ടിയുടെ അച്ഛനെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. വണ്ടിയുടെ ആര്‍.സി ഓണര്‍ കുട്ടിയുടെ അമ്മയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ നടപടി.

ഈ സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ കൊടുത്ത് പിടിക്കപ്പെട്ടാല്‍ നേരിടേണ്ടി വരുന്ന ശിക്ഷാ നടപടികള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം..

1- മോട്ടോര്‍ വെഹിക്ക്ള്‍ ആക്ടിലെ 180/181 പ്രകാരം വാഹന ഉടമക്കോ/ രക്ഷിതാവിനോ പിഴ ചുമത്തുന്നതാണ് ആദ്യ നടപടി

2- എം.വി ആക്ട് 199 എ(2) പ്രകാരം 25000 രൂപയാണ് പിഴയൊടുക്കേണ്ടത്.

3- എം.വി ആക്ട് 199 എ(2) പ്രകാരം ഉടമക്കോ രക്ഷിതാവിനോ 3 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കുന്നതാണ്.

4- എം.വി ആക്ട് 199 എ(4) പ്രകാരം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

5- കൂടാതെ വാഹനമോടിച്ച കുട്ടിക്ക് 25 വയസ് വരെ ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സോ ലേണേഴ്‌സോ എടുക്കാന്‍ സാധിക്കില്ല.

6- കൂടാതെ എം.വി ആക്ട് 199 എ(6) പ്രകാരം ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള മറ്റു നിയമ നടപടികളും സ്വീകരിക്കുന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.