2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഏറ്റവും വലിയ മാനവ സമ്മേളനത്തിന് സാക്ഷിയാകാൻ ഒരുങ്ങി അറഫാത് നഗരി

അറഫാത്: ലോകത്തെ ഏറ്റവും വലിയ മാനവ സമ്മേളനത്തിന് സാക്ഷിയാകാൻ അറഫാത് നഗരി ഒരുങ്ങിക്കഴിഞ്ഞു. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം നടക്കുന്നത് ഇന്നാണ്. അറഫ സംഗമത്തിലെ പ്രധാന ചടങ്ങായ അറഫ പ്രസംഗം നടക്കുന്നത് മസ്‌ജിദ് നമിറയിൽ വെച്ചാണ്. ഹജ്ജിന്റെ മർമ്മ പ്രധാനചടങ്ങു നടക്കുന്ന അറഫാത്ത് മൈതാനവും നമിറ പള്ളിയും എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. 

ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ അബാസിയ ഭരണകൂടമാണ് നമിറ പള്ളി നിർമ്മിച്ചത്. ഏറ്റവും ഒടുവിൽ 237 മില്യൺ റിയാൽ ചിലവഴിച്ചു നിലവിലെ സഊദി ഭരണകൂടമാണ് ഇത് പുതുക്കി പണിതത്. 340 മീറ്റർ നീളവും 240 മീറ്റർ വീതിയുമുള്ള നമിറ പള്ളിയുടെ മുൻഭാഗം മുസ്‌ദലിഫയിലും പിറകു ഭാഗം അറഫയിലുമാണ് സ്ഥിതി ചെയ്യുന്നത്. ആറു മിനാരങ്ങളിൽ ഓരോന്നിനും അറുപതു മീറ്ററാണ് നീളം. 10 പ്രധാന കവാടങ്ങളും 64 ചെറുകവാടങ്ങളും അടങ്ങുന്നതാണ് നമിറ പള്ളി.ഒരു ലക്ഷത്തി ഇരുപതിനാലായിരം ചതുരശ്ര അടി വിസ്‌തീർണമുള്ള പള്ളിയിൽ മൂന്നര ലക്ഷം ഹാജിമാർക്ക് ഒരേ സമയം നിസ്‌കരിക്കാനുള്ള സൗകര്യമാണുള്ളത്. പക്ഷെ, ഹജ്ജ് ലഭിക്കുവാനായി അറഫയിൽ നിന്നെന്ന കർമ്മം ലഭിക്കാൻ അറഫ മൈതാനിയുടെ എവിടെയെങ്കിലും ഒന്നു കാൽ കുത്തിയാൽ മതിയാകും. പ്രവാചകൻ നടത്തിയ വിടവാങ്ങൽ പ്രസംഗത്തെ അനുസ്‌മരിപ്പിച്ചാണ് ഇവിടെ ഇന്ന് ദുഹ്ർ നിസ്കാര ശേഷം ഖുതുബ നിർവ്വഹിക്കുക.

ഇബ്‌റാഹീം പള്ളിയെന്നപേരും അറഫ പള്ളിയെന്ന നാമവും ഇതിനുണ്ടെകിലും നമിറ മലഞ്ചെരുവിലാണ് ഇതെന്നതിലാണ് നമിറ പള്ളിയെന്ന പേര് ലഭിക്കാൻ കാരണം. അറഫാത്തിലെ മറ്റൊരു പ്രധാന കേന്ദ്രമാണ് ജബലു റഹ്‌മ. കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ഇവിടെ വെച്ചാണ് പ്രവാചകന്‍ അറഫ പ്രഭാഷണം നടത്തിയത് . പ്രാർത്ഥനക്ക് ഏറെ ഉത്തരം ലഭിക്കുന്ന ഇവിടങ്ങളിൽ കയറിക്കൂടാൻ വിശ്വാസികളുടെ ആഗ്രഹമാണ്. മലയാളികളടക്കമുള്ള തീർത്ഥാടകർ നേരത്തെ തന്നെ ഇവിടെയെത്തി ജബലുറഹ്മയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. വിശാലമായ അറഫാത്ത് മൈതാനിയില്‍ താത്കാലിക തമ്പുകളും മരങ്ങളുടെ തണലുകളുമാണ് ഹാജിമാര്‍ക്ക് ആശ്വാസം പകരുക .

അറഫാത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറ് കണക്കിന് മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. വേപ്പ് മരങ്ങള്‍ വ്യാപകമായി അറഫയില്‍ കാണാം. വളര്‍ച്ച പ്രാപിക്കാന്‍ കുറഞ്ഞ വെള്ളം മാത്രം മതിയായതിനാണ് വേപ്പ് കൂടുതല്‍ ഇടം നേടിയത്. കുറച്ച് വെള്ളം ലഭിച്ചാല്‍‌ ഏത് കത്തുന്ന ചൂടിലും പച്ചക്ക് നില്‍ക്കും ഈ വേപ്പ് മരങ്ങള്‍. അറഫയിലേക്കുള്ള വഴി നീളെ ഇവ കാണാം. പുതുതായി നട്ടു പിടിപ്പിച്ചവ വളരുന്നുമുണ്ട്. അറഫയില്ലാതെ ഹജ്ജ് പൂർത്തിയാകില്ലെന്നതിനാൽ ഈ ദിവസം ഇതിനാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയെ വരെ ആശുപത്രി സംവിധാനങ്ങളോടെ അറഫയിലെത്തിച്ചിട്ടുണ്ട്. അവര്‍‌‍ക്കെല്ലാം കൂട്ടാണ് ഈ മരങ്ങള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.