
റിയാദ്: ഗൾഫ് പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നും സഊദിയും ഖത്തറും തമ്മിൽ ഉടൻ കരാറുകളിൽ എത്തുമെന്നുമുള്ള വാർത്തകൾക്കിടെ അനുരഞ്ജന ശ്രമം പരാചയപ്പെട്ടതായി സൂചന. ഖത്തറിനെതിരെ ഉപരോധത്തിലേർപ്പെട്ട സഊദി നേതൃത്വത്തിലുള്ള ചതുർ സഖ്യ രാഷ്ട്രത്തിൽ പെട്ട ഈജിപ്താണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനായി ജിസിസി അംഗ രാജ്യമായ കുവൈത് നടത്തിയ ശ്രമങ്ങൾ കരാറിൽ എത്തുന്നതിൽ പരാചയപെട്ടതായാണ് ഈജിപ്‌ത് വ്യക്തമാക്കിയത്. ഈജിപ്‌ത് പ്രസിഡൻസി വക്താവ് ബസ്സാം റാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈജിപ്‌തിലെ സദാ അൽ ഇബാദ് ടിവിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഗൾഫിലെ പുതിയ നീക്കത്തെ കുറിച്ച് അദ്ദേഹം ഇത് പറഞ്ഞത്. അറബ് ന്യൂസും ഇക്കാര്യം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നേത്തെ ഞങ്ങൾ മുന്നോട്ട് വെച്ച ചില കാര്യങ്ങളിൽ ഖത്തർ ആത്മാർത്ഥമായ ആഗ്രഹത്തോടും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയോടും പ്രതികരിക്കുമ്പോൾ കാര്യങ്ങൾ മാറുമെന്നും പ്രതിസന്ധി ഒഴിവാക്കാനായി കുവൈത് നടത്തുന്ന ശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2017 ൽ മധ്യത്തോടെ ഖത്തറിനെതിരെ ഈജിപ്‌ത്, സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തിയത്. ഉപരോധം പിൻവലിക്കാനായി ഏതാനും ഉപാധികളും ഈ രാജ്യങ്ങൾ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ, ഈ ഉപാധികളിൽ അനുകൂല തീരുമാനം ഖത്തറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് വരെ പ്രതിസന്ധി കുറയുകയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അടുത്തിടെ ഖത്തർ പ്രതിസന്ധി അവസാനിപ്പിക്കാൻ കുവൈത്തും അമേരിക്കയും നടത്തുന്ന ശ്രമങ്ങളെ സഊദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഭിനന്ദിക്കുകയും ഉടൻ തന്നെ പ്രതിസന്ധി അവസാനിക്കുമെന്നും പ്രഖ്യാപനം ഉണ്ടാകുമെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. അടുത്ത മാസം റിയാദിൽ നടക്കുന്ന ജിസിസി ഉച്ചകോടിയുടെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നായിരുന്നു ഒടുവിൽ പുറത്ത് വന്നിരുന്നത്. കുവൈത് ശ്രമങ്ങളെ ഈജിപ്‌തും അഭിനന്ദിച്ചിരുന്നു. എന്നാൽ, ഇതിനിടെയാണ് ഈജിപ്തിന്റെ മലക്കം മറിച്ചിൽ.
സഊദിയുടെ അനുകൂല പ്രഖ്യാപനത്തിനു പിന്നാലെ ഈജിപ്‌ത് വിദേശകാര്യ മന്ത്രിയാണ് പ്രതിസന്ധി പരിഹാരം സ്വാഗതം ചെയ്‌തു രംഗത്തെത്തിയിരുന്നത്. കുവൈത് നടത്തുന്ന ശ്രമങ്ങളെ ഈജിപ്‌ത് സ്വാഗതം ചെയ്യുന്നു. അറബ് രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള കുവൈത്തിന്റെ പ്രശംസനീയമായ ശ്രമങ്ങളെ ഈജിപ്ത് പിന്തുടരുകയാണ്. അറബ് രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അറബ് സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഈജിപ്ത് എപ്പോഴും പ്രവർത്തിക്കുന്നു. ഇക്കാര്യത്തിൽ എന്ത് നേടാനാകുമെന്ന് നമുക്ക് നോക്കാം. അറബ് രാജ്യങ്ങളുടെയും ഈജിപ്തിന്റെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നിടത്തോളം കാലം ഒരു സുപ്രധാന വികസനം ഉണ്ടാകും. കുവൈത് നേതൃത്വത്തിന്റെ ശ്രമങ്ങളെ വളരെയധികം വിലമതിക്കുന്നുവെന്നും ഈജിപ്‌ത് വിദേശ കാര്യ മന്ത്രി സാമിഹ് ശൗകിരി പറഞ്ഞു.