2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഇസ്‌റാഈൽ പദ്ധതിക്കെതിരെ അറബ് ലീഗ്, നടപടി എരിതീയിൽ എണ്ണയൊഴിക്കുന്നത്

അബ്‌ദുസ്സലാം കൂടരഞ്ഞി

    റിയാദ്: അധിനിവേശ വെസ്റ്റ് ബാങ്കിന്റെ കൂടുതൽ ഭാഗങ്ങൾ കയ്യടക്കാനുള്ള ഇസ്‌റാഈൽ നീക്കത്തിനെതിരെ അറബ് ലീഗ് രംഗത്ത്. വ്യാഴാഴ്ച്ച ചേർന്ന അറബ് രാഷ്‌ട്ര വിദേശ കാര്യ മന്ത്രിമാരുടെ വിർച്വൽ യോഗമാണ് ഇസ്‌റാഈൽ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയത്. ജൂലൈ ഒന്നിനുള്ള ക്യാബിനറ്റിൽ ഐക്യ സർക്കാർ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റങ്ങളിലേക്ക് ഇസ്‌റാഈൽ പരമാധികാരം കൂടുതൽ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും പ്രദേശത്തെ ജോർദാൻ താഴ്വരയെ പൂർണ്ണമായും തങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും ക്യാബിനറ്റിൽ തീരുമാനം കൈകൊള്ളുമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് അറബ് രാഷ്‌ട്രങ്ങൾ രംഗത്തെത്തിയത്.

      1967 ലെ മധ്യേഷ്യൻ യുദ്ധത്തിൽ പിടിച്ചെടുത്ത തങ്ങളുടെ ഭൂമിയുടെ കൂടുതൽ ഭാഗം കയ്യടക്കാനുള്ള ഇസ്‌റാഈൽ നീക്കത്തിൽ ഫലസ്‌തീൻ കടുത്ത പ്രതിഷേധത്തിലാണ്. 1967 ലെ ആറ് ദിവസത്തെ യുദ്ധത്തിലാണ് ഇസ്‌റാഈൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്തത്. ഇസ്‌റാഈലിന്റെ പുതിയ നീക്കത്തിനെതിരെ അറബ് ലീഗ് മേധാവി അഹമ്മദ് അഹമ്മദ് അബുൽ ഗൈത് കഴിഞ്ഞയാഴ്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് മുന്നറിയിപ്പ് അയച്ചിരുന്നു. മേഖലയിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന നീക്കമാണ് ഇസ്‌റാഈൽ കൈകൊള്ളുന്നതെന്നു അദ്ദേഹം ഗുട്ടർസിനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്ത് പടർന്നു പന്തലിച്ച കൊവിഡ്-19 മഹാമാരിയുടെ മറവിൽ ലോകത്തെ ചൂഷണം ചെയ്യുന്ന നിലപാടാണ് ഇസ്‌റാഈൽ കൈകൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

    ഇസ്‌റാഈൽ നടപടിക്ക് അമേരിക്കയുടെ പച്ചകൊടിയുമുണ്ട്. വെസ്റ്റ് ബാങ്ക് പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇസ്‌റാഈലിന്റെ പുതിയ ഐക്യ സർക്കാരിനാണെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബുധനാഴ്ച പറഞ്ഞത്. ഈ വര്ഷാദ്യം യു എസ് പുറത്തിറക്കിയ വിവാദമായ മിഡിൽ ഈസ്റ്റ് സമാധാന പദ്ധതിയിൽ ജറൂസലേം അവിഭാജ്യ തലസ്ഥാനമായി നിലനിർത്താനും വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള പലസ്തീൻ ദേശങ്ങളിൽ ജൂത കുടിയേറ്റങ്ങൾ കൂട്ടിച്ചേർക്കാനും ഇസ്‌റാഈലിനെ അനുവദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ഈ സമാധാന പദ്ധതിക്കെതിരെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

      ട്രംപിന്റെ ഈ പദ്ധതി അറബ് രാജ്യങ്ങൾ തള്ളുകയായിരുന്നു. ട്രംപിന്റെ സമാധാന പദ്ധതി ഇസ്‌റാഈലിനെ മാത്രം അനുകൂലിച്ചുള്ളതാണെന്നും ഫലസ്‌തീനികൾക്ക് കുറഞ്ഞ അവകാശം പോലും നൽകുന്നതിൽ പദ്ധതി പരാജയപ്പെട്ടുവെന്നും അറബ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ ദ്വിരാഷ്‌ട്ര പരിഹാരത്തിനുള്ള വാതിൽ പൂർണ്ണമായും അടക്കുന്നതാണ് പദ്ധതിയെന്ന്‌ യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.