ബംഗളൂരു: ഗോവധ നിരോധനവും ഹിജാബ് നിരോധനവുമുള്‍പെടെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടു വന്ന ഏത് നിയമവും എടുത്തുകളയുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗോവധനിരോധന ബില്‍ കര്‍ണാടകക്ക് വലിയ സാമ്പത്തികാഘാതം സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ബില്‍ സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇത് കോണ്‍ഗ്രസിന്റെ മാത്രം അഭിപ്രായമല്ലെന്നും ബി.ജെ.പി സര്‍ക്കാറിന്റെ ധനകാര്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ഇക്കാര്യമാണെന്നും ഗ്രാമവികസന വകുപ്പ് മന്ത്രിയായ ഖാര്‍ഗെ പറഞ്ഞു.
ബി.ജെ.പിയുടെ ഗോവധ നിരോധനമോ ഹിജാബ് നിരോധനമോ എന്തായാലും കര്‍ണാടകയുടെ സാമ്പത്തിക വളര്‍ച്ചക്കും സാമൂഹിക പുരോഗതിക്കും എതിരാണെന്ന് കണ്ടാല്‍ ഒഴിവാക്കുമെന്ന് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. ഇതില്‍ രാഷ്ട്രീയമില്ല. വികസനവും പുരോഗതിയുമാണ് ലക്ഷ്യം. ഗോവധ നിരോധന ബില്‍ ബി.ജെ.പി കര്‍ണാടകയില്‍ കൊണ്ടുവന്നത് നാഗ്പൂരിലെ അവരുടെ യജമാനന്മാരെ പ്രീതിപ്പെടുത്താനായാണ്. അത് കര്‍ഷകരെയോ കാര്‍ഷിക മേഖലയെയോ സന്തോഷിപ്പിച്ച ഒരു നിയമമല്ല.
ഗോവധ നിരോധനം സര്‍ക്കാര്‍ പുന:പരിശോധിച്ചേക്കാം. സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോള്‍ ഇത്തരത്തില്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന നിയമങ്ങളോട് യോജിക്കാനാവില്ല. അടുത്ത രണ്ട് വര്‍ഷം ബജറ്റില്‍ ചുരുക്കമുണ്ടായേക്കാം. ഗോവധ നിരോധനം മാത്രമല്ല, ബി.ജെ.പിയുടെ ഗോസംരക്ഷണ തീരുമാനങ്ങളും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. ഒരു പശുവിന് ദിവസം 70 രൂപ വെച്ച് തീറ്റക്കായി ചെലവഴിക്കുമെന്നാണ് മുന്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം. സംസ്ഥാനത്തെ 1.7 ലക്ഷത്തോളം കന്നുകാലികള്‍ക്ക് 5240 കോടി രൂപ ഇതിനായി ചെലവിടേണ്ടിവരും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകില്ലേയെന്ന ചോദ്യത്തിന്, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച വന്‍ ജനസമ്മതി നോക്കൂവെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. കര്‍ണാടകയുടെ സാമ്പത്തിക വളര്‍ച്ചയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. കര്‍ഷകര്‍, വ്യാപാരികള്‍, ചെറുകിട സംരംഭകര്‍ എല്ലാവരുടെയും വളര്‍ച്ചയാണ് ലക്ഷ്യം. കര്‍ണാടകയെ പുരോഗതിയുടെ വഴിയിലേക്ക് കൊണ്ടുപോകാനാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നല്‍കിയത്. ഒരു സര്‍ക്കാറെന്ന നിലയില്‍ എല്ലാവരുടെ കാര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. ചില പിന്തിരിപ്പന്‍ നയങ്ങള്‍ ചിലര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തുടരുകയാണോ പിന്‍വലിക്കുകയാണോ ചെയ്യേണ്ടത്? ഖാര്‍ഗെ ചോദിച്ചു.
കര്‍ണാടകയിലെ 244 സീറ്റുകളില്‍ 135 സീറ്റുകളും നേടിയ കോണ്‍ഗ്രസ്, ‘വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്ന ബജ്‌റംഗ്ദള്‍ പോലുള്ള സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്’ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു.
Comments are closed for this post.